ഇതാ നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ!

ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. ഒരു രാത്രിയില്‍ എന്റെ അമ്മ എന്റെ ജ്യേഷ്ഠ സഹോദരനുമായി ഫോണില്‍ സംസാരിക്കവേ, The Godfather എന്ന ഇംഗ്ലീഷ് സിനിമ കണ്ട കാര്യം സഹോദരന്‍ സൂചിപ്പിച്ചു. അത് നല്ലൊരു സിനിമയാണെന്നും ഇഷ്ടമായെന്നും ജ്യേഷ്ഠന്‍ പറഞ്ഞു.

അക്കാലത്ത് എന്റെ പ്രിയപ്പെട്ട വിനോദങ്ങളിലൊന്ന് സിനിമ കാണലായിരുന്നു. ദി ഗോഡ്ഫാദര്‍ എന്ന സിനിമയുടെ സിഡി വീട്ടില്‍ ഉണ്ടായിരുന്നു. സഹോദരന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ആ ആഴ്ച അത് കാണാന്‍ ഞാന്‍ തീരുമാനിച്ചു.

സിനിമയുടെ ആദ്യ പകുതിക്ക് മുമ്പ് തന്നെ ഏറെ സവിശേഷമായ ഒരു സിനിമയാണ് കാണുന്നതെന്ന് എനിക്ക് തോന്നി. അതിലെ അഭിനേതാക്കളുടെ അഭിനയം കണ്ട് ഞാന്‍ അമ്പരന്നു.

ഓരോ അഭിനേതാവും കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ട് ജീവിക്കുകയായിരുന്നു എന്നതു കൊണ്ടു തന്നെ അവരുടേത് അഭിനയമായി എനിക്ക് തോന്നിയതേയില്ല.

ആവേശകരമായ ഇതിവൃത്തവും മനോഹരമായ സൗണ്ട് ട്രാക്കുമായിരുന്നു സിനിമയുടേത്. സഹോദരന്‍ വിശേഷിപ്പിച്ചത് പോലെ 'ഒരു നല്ല സിനിമ' എന്നു മാത്രം പറയുന്നത് തീരെ കുറഞ്ഞു പോകുമെന്ന് എനിക്ക് തോന്നി. ഇതുവരെയും ഒരു സിനിമയും എന്നില്‍ ഇത്രയേറെ മതിപ്പ് ഉണ്ടാക്കിയിരുന്നില്ല.

അതേ വര്‍ഷം തന്നെ പിന്നെയും രണ്ടിലേറെ തവണയെങ്കിലും ഞാന്‍ ആ സിനിമ കാണുകയും സ്‌കൂളില്‍ സുഹൃത്തുക്കളെ ഉള്‍പ്പെടുത്തി തമാശയ്ക്കായി മാഫിയ ഗ്യാങ് ഉണ്ടാക്കുകയും ചെയ്തു.

എനിക്കറിയാവുന്നവരോടെല്ലാം ഈ സിനിമ കാണണമെന്ന് നിര്‍ദ്ദേശിക്കുകയും അമ്മയെ പോലും സിനിമ കാണിക്കുകയും ചെയ്തു.

അമ്മയുടെ സഹോദരന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമയായിരുന്നു ദി ഗോഡ്ഫാദര്‍. എന്നാല്‍ ഏറെ വയലന്‍സ് രംഗങ്ങള്‍ നിറഞ്ഞ സിനിമയാണെന്ന് കരുതി അമ്മ കണ്ടിരുന്നില്ല. എന്നാല്‍ സിനിമ കണ്ടശേഷം അമ്മയ്ക്കും അത് ഇഷ്ടപ്പെട്ടു. പ്രതീക്ഷിച്ചതു പോലെ വയലന്‍സ് രംഗങ്ങള്‍ ഉള്ളതായിരുന്നില്ല സിനിമ.

ഞാന്‍ ഇവിടെ ദി ഗോഡ്ഫാദറിനെ കുറിച്ച് പറയുന്നത്, അതില്‍ വലിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നതു കൊണ്ടല്ല. മറിച്ച, ഒരു മാഫിയ കുടുംബത്തെ കുറിച്ചുള്ള കഥയെ കാഴ്ചക്കാര്‍ക്ക് ഒരു തരം ആത്മീയാനുഭവമാക്കി മാറ്റിയ മനോഹരമായ കലാസൃഷ്ടിയായതു കൊണ്ടാണ്.

ദൈവത്തിന് ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിനുള്ള പ്രധാന ഉപാധിയാണ് കലയെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആശയം പ്രകടിപ്പിക്കുന്നതിനുള്ള പാത്രമായി കലാകാരന്മാരെ ഉപയോഗിക്കുന്നു.

'ദി ഗോഡ്ഫാദറി'ല്‍ ഇത്തരത്തിലുള്ള ദൈവിക ആവിഷ്‌കാരം കാണാനാകും. അസാധാരണമായ സംവിധാനവും എല്ലാ അഭിനേതാക്കളുടെയും മികച്ച പ്രകടനവും - പ്രത്യേകിച്ച് ഡോണ്‍ കോര്‍ലിയോണിന് ജീവന്‍ നല്‍കിയ മാര്‍ലന്‍ ബ്രാന്‍ഡോയുടെ - സിനിമയെ ഉല്‍കൃഷ്ടമാക്കുന്നു.

മഹത്തായ കലകള്‍ക്ക് നമ്മുടെ ജീവിതം സമ്പന്നമാക്കാനും നമ്മുടെ ബോധപൂര്‍വമായ ഗ്രാഹ്യത്തിനപ്പുറം നമ്മെ പ്രചോദിപ്പിക്കാനും കഴിയും. അതുകൊണ്ട് ദി ഗോഡ്ഫാദര്‍ കണ്ടിട്ടില്ലെങ്കില്‍ തീര്‍ച്ചയായും അത് കാണുക. നിങ്ങള്‍ ഒരു തവണ കണ്ടതാണെങ്കില്‍ വീണ്ടും കാണുക.

For simple and practical tips to live better and be happier visit Anoop's blog : https://www.thesouljam.com

Anoop Abraham
Anoop Abraham  

He is the founder of the blog www.thesouljam.com. The blog is about simple and practical tips to live better and be happier. He writes about personal growth, spirituality and productivity. Email: anooptabraham@yahoo.co.in

Related Articles

Next Story

Videos

Share it