സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ മരവിപ്പിക്കില്ല

ഏപ്രില്‍ ഒന്നുമുതല്‍ മുതല്‍ നിലവില്‍ വരുന്ന പുതിയ നിബന്ധനകള്‍ അനുസരിച്ച് സാമ്പത്തികമായി താഴെ തട്ടിലുള്ളവരുടെ പേരിലുള്ള, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന സബ്സിഡിയും മറ്റു ആനുകൂല്യങ്ങളും നേരിട്ട് എത്തുന്ന സീറോ ബാലന്‍സ് ബാങ്ക് അക്കൗണ്ടുകള്‍ (ഡയറക്റ്റ് ബെനെഫിറ്റ് ട്രാന്‍സ്ഫര്‍ അക്കൗണ്ട്), വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ എത്തുന്ന അക്കൗണ്ടുകള്‍ എന്നിവ ഇടപാടുകള്‍ നടത്തുന്നില്ല എന്ന കാരണത്താല്‍ മരവിപ്പിക്കാന്‍ പാടില്ല.

ദീര്‍ഘകാലം ഇടപാടുകള്‍ നടത്താത്ത (inoperative) അക്കൗണ്ടുകളെ കുറിച്ചുള്ള റിസര്‍വ് ബാങ്കിന്റെ പുതുക്കിയ നിര്‍ദേശങ്ങളിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അത്തരം അക്കൗണ്ടുകളില്‍ തുടര്‍ന്ന് സബ്സിഡിയും മറ്റും ലഭിക്കുന്നതില്‍ തടസ്സം ഉണ്ടാകാതിരിക്കാനാണ് ഈ തീരുമാനം.

എപ്പോഴാണ് അക്കൗണ്ട് മരവിപ്പിക്കുക?

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍, കറന്റ് അക്കൗണ്ടുകള്‍ എന്നിവയില്‍ തുടര്‍ച്ചയായി രണ്ടു വര്‍ഷം ഇടപാടുകള്‍ ഒന്നും നടത്താതിരുന്നാല്‍ അവ മരവിപ്പിച്ചു നിര്‍ത്തണം (inoperative) എന്നാണ് നിബന്ധന. ഇടപാടുകാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇത്.

അക്കൗണ്ടുകളില്‍ ഒരു വര്‍ഷം ഇടപാടുകള്‍ നടത്താതിരുന്നാല്‍ ബാങ്കുകള്‍ അത് സംബന്ധിച്ച് ഇടപാടുകാരെ കത്ത് മുഖേനയോ ഇമെയില്‍ വഴിയോ എസ്.എം.എസ് വഴിയോ അറിയിക്കുകയും ഇടപാടുകള്‍ നടത്താന്‍ ആവശ്യപ്പെടുകയും ചെയ്യും. ഇടപാടുകള്‍ നടത്താതിരുന്നാല്‍ അക്കൗണ്ട് മരവിപ്പിക്കും എന്ന വിവരം കത്തില്‍ കാണിക്കണം.

ഏതെങ്കിലും കാരണത്താല്‍ ഇടപാടുകള്‍ നടത്തുവാന്‍ കഴിയാതിരിക്കുന്ന സാഹചര്യം ഉണ്ടെങ്കില്‍ ഇടപാടുകാര്‍ക്ക് അക്കാര്യം ബാങ്കിനെ അറിയിക്കാവുന്നതാണ്. അക്കൗണ്ട് അതെ രീതിയില്‍ തുടരാന്‍ ബാങ്കുകള്‍ ഒരു വര്‍ഷം കൂടെ സാവകാശം നല്‍കും.

ഇങ്ങനെ അയക്കുന്ന കത്തുകള്‍ മടങ്ങിവന്നാല്‍ ബാങ്കുകള്‍ അതിന്റെ കാരണം മനസ്സിലാക്കുകയും ഇടപാടുകാരന്‍ ജീവിച്ചിരിപ്പില്ല എന്നറിഞ്ഞാല്‍ നോമിനിയെയോ അവകാശികളെയോ ബന്ധപ്പെടാന്‍ ശ്രമിക്കുകയും വേണം. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും അക്കൗണ്ടില്‍ ഇടപാടുകള്‍ ഒന്നും നടത്തുന്നില്ലെങ്കില്‍ അത്തരം അക്കൗണ്ടുകള്‍ മരവിപ്പിക്കും. അക്കൗണ്ട് മരവിപ്പിക്കുന്നതിന് മുമ്പ് ഇടപാടുകാര്‍ക്ക് കത്ത് നല്‍കണം.

ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗിച്ചാലും മതി

സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് പുറമെ കെ.വൈ.സി നടപടികള്‍ പൂര്‍ത്തീകരിക്കുക, ഡിജിറ്റല്‍ സംവിധാനങ്ങള്‍ വഴി ചെക്ക് ബുക്കിന് അപേക്ഷിക്കുക, എടിഎം , നെറ്റ് ബാങ്കിംഗ് സംവിധാനങ്ങള്‍ വഴി ഏതെങ്കിലും സേവനങ്ങള്‍ ഉപയോഗിക്കുക (നോമിനിയെ വെക്കുക, ബാലന്‍സ് എത്രയെന്ന് നോക്കുക മുതലായവ) എന്നിവയെല്ലാം ഇടപാടുകാര്‍ നേരിട്ട് നടത്തുന്ന ഇടപാടുകളായി കണക്കാക്കും.

കൂടാതെ, ഇടപാടുകാരുടെ നിര്‍ദേശപ്രകാരം അക്കൗണ്ടുകളില്‍ ബാങ്കുകള്‍ നടത്തുന്ന ഇടപാടുകളും (ഇന്‍ഷുറന്‍സ് പ്രീമിയം അടക്കുക, വായ്പയുടെ തവണ തുക അടക്കുക എന്നിവ) ഇടപാടുകാര്‍ നേരിട്ട് നടത്തുന്ന ഇടപാടുകളായി തന്നെയാണ് കണക്കാക്കുക. ഇത്തരം ഒരു ഇടപാടുകളും രണ്ട് വര്‍ഷത്തിനുള്ളില്‍ ഇല്ലെങ്കില്‍ മാത്രമേ, അക്കൗണ്ട് മരവിപ്പിക്കുവാന്‍ പാടുള്ളൂ.

മരവിപ്പിച്ച അക്കൗണ്ടുകള്‍ വീണ്ടെടുക്കാന്‍

ഇങ്ങനെ മരവിപ്പിച്ചു നിര്‍ത്തുന്ന അക്കൗണ്ടുകള്‍ വീണ്ടെടുക്കാനും തുടര്‍ന്ന് ഉപയോഗിക്കുവാനും ബാങ്കില്‍ അപേക്ഷയും തിരിച്ചറിയല്‍ രേഖയും (KYC രേഖകള്‍) മറ്റും നല്‍കണം. ഇതിനായി അക്കൗണ്ട് തുടങ്ങിയ ശാഖയില്‍ തന്നെ പോകണമെന്നില്ല. ബാങ്കിന്റെ ഏത് ശാഖ വഴിയും ഇത് ചെയ്യാവുന്നതാണ്.

വീഡിയോ വഴി ഈ സൗകര്യം നല്‍കുന്ന ബാങ്കുകളില്‍ അത് ഉപയോഗിക്കാവുന്നതാണ്. ഈ വിധം മതിയായ രേഖകള്‍ ബാങ്കില്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ മൂന്ന് പ്രവര്‍ത്തിദിവസങ്ങള്‍ക്കുള്ളില്‍ അക്കൗണ്ട് ഇടപാടുകള്‍ക്ക് തുറന്ന് കൊടുക്കുകയും അക്കാര്യം ഇടപാടുകാരെ അറിയിക്കുകയും വേണം.

ഫീസില്ല

മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന അക്കൗണ്ടുകളുടെ ഇടപാടുകാര്‍ക്ക് ഓരോ മൂന്നുമാസം കൂടുമ്പോഴും കത്തയച്ച് (ഇമെയില്‍, എസ്.എം.എസ് എന്നിവയോ) അവരെ ബന്ധപ്പെടുവാന്‍ ശ്രമിക്കണം. മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ചാര്‍ജുകള്‍ പിടിക്കുവാന്‍ പാടില്ല. അക്കൗണ്ട് വീണ്ടെടുക്കുന്നതിന് ഫീസൊന്നും ഈടാക്കരുത്.

കാലാവധി നിക്ഷേപമാണെങ്കില്‍

കാലാവധി നിക്ഷേപമാണെങ്കില്‍ കാലാവധി കഴിഞ്ഞിട്ടും പുതുക്കാതെയോ നിക്ഷേപം തിരിച്ചെടുക്കാതെയോ ഉണ്ടെങ്കില്‍ അത്തരം നിക്ഷേപങ്ങള്‍ സമയബന്ധിതമായി അവലോകനം ചെയ്യുകയും നിക്ഷേപകരെ ബന്ധപ്പെടുവാന്‍ ശ്രമിക്കുകയും വേണം.

പത്തു വര്‍ഷം ഇടപാടുകള്‍ നടത്താതിരുന്നാല്‍

പത്തു വര്‍ഷം കഴിഞ്ഞിട്ടും ഇടപാടുകള്‍ നടത്താത്ത അക്കൗണ്ടുകളിലെ തുക റിസര്‍വ് ബാങ്കിലെ ഡെഫ് (DEAF - Depositors Education and Awareness Fund) അക്കൗണ്ടിലേക്ക് മറ്റും. അങ്ങനെ മാറ്റിയാലും ബാങ്കില്‍ അപേക്ഷയും തിരിച്ചറിയല്‍ രേഖകളും മറ്റും നല്‍കി അക്കൗണ്ട് വീണ്ടെടുക്കാനോ തുക തിരിച്ചെടുക്കുവാനോ കഴിയും.

Babu K A
Babu K A is a Banking and Financial Expert  

Related Articles

Next Story

Videos

Share it