'ബില്‍ ഗേറ്റ്‌സിനെ കടത്തിവെട്ടാനാകുമോ സക്കീര്‍ ഭായിക്ക്?', ഇതാ ഓരോ മണിക്കൂറും 83 കോടി രൂപ വരുമാനം നേടി മുന്നില്‍ അദാനി!

ഇലോണ്‍ മസ്‌ക് (Elon Musk) ഉള്‍പ്പെടെ ലോക സമ്പന്നന്മാരെ എടുത്തു നോക്കിയാല്‍ ഇതുപോലൊരു സമ്പത്തിരട്ടിയാകല്‍ കാണാനാകില്ല. അതാണ് ഗൗതം അദാനിയെ ഇന്ത്യയിലെയും ഏഷ്യയിലെയും അതിസമ്പന്നരില്‍ ഒന്നാമന്‍ ആക്കുന്നത്. ഇത് മാത്രമോ, ആഗോള സമ്പന്നന്മാരില്‍ നാലാമനായ അദാനി, നാലാം സ്ഥാനത്തിരുന്ന ബില്‍ ഗേറ്റ്‌സിനെയും (Bill Gates) പിന്തള്ളിയാണ് ഈ സ്ഥാനത്തേക്ക് എത്തിയത്.

2022 ല്‍ മാത്രം 36 ബില്യണ്‍ സ്വത്ത് കൂട്ടിച്ചേര്‍ക്കലാണ് അദാനിക്ക് (Adani) ഉണ്ടായത്. ഇതോടെ ഗൗതം അദാനിയുടെ (Gautam Adani) സമ്പത്ത് 115 ബില്യണ്‍ ഡോളറിന്റെ ആസ്തിയായി വര്‍ധിച്ചു. ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണ് 100 ബില്യണ്‍ ക്ലബ്ബില്‍ അദാനി ചേര്‍ക്കപ്പെട്ടത്. 2022 ഏപ്രില്‍ 2 മുതല്‍ ഈ വര്‍ഷം ഇതുവരെ അദാനിയുടെ ആസ്തി 23.5 ബില്യണ്‍ ഡോളര്‍ വര്‍ധിച്ചു. അതായത്, ഏകദേശം മൂന്ന് മാസത്തിനുള്ളില്‍ അദാനിയുടെ സമ്പത്തില്‍ ഏകദേശം 12 ബില്യണ്‍ ഡോളര്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു എന്നാണ് ഇത് വെളിവാക്കുന്നത്.
ഓരോ നിമിഷവും കോടികള്‍ നേടുന്ന അദാനി ഒരു മണിക്കൂര്‍ 83.4 കോടി രൂപ വരുമാനമായി സ്വത്തിലേക്ക് ചേര്‍ക്കുന്നുണ്ടെന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പ്രകാരം ഒരുദിവസം 1000 കോടി രൂപയാണ് ഗൗതം അദാനിയുടെ വരുമാനം. അദാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനത്തെ പ്രതിഫലമായി ഒരു വര്‍ഷം 1.8 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന് കിട്ടുന്നത്. ഒരുമാസം അദാനിയുടെ വരുമാനം 15,000 കോടി രൂപയാണ്.
അദാനി പവര്‍ (Adani power), ഗ്രീന്‍ എനര്‍ജി, ഗ്യാസ്, തുറമുഖങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഗൗതം അദാനി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഫെബ്രുവരിയില്‍, ശതകോടീശ്വരന്‍ മുകേഷ് അംബാനിയെ പിന്തള്ളി അദാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായിരുന്നു. 90.1 ബില്യണ്‍ ഡോളറായിരുന്നു അദാനിയുടെ അപ്പോഴത്തെ ആസ്തി.
1988-ല്‍ ആണ് അദാനി ലോജിസ്റ്റിക്‌സ് (Adani Logistics) സ്ഥാപനവുമായി സമ്പന്ന ലോകത്തോട് കൊമ്പ് കോര്‍ക്കുന്നത്. പിന്നീട് 9.3 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി 2008-ല്‍ ഫോര്‍ബ്‌സിന്റെ ലോക ശതകോടീശ്വരന്മാരുടെ പട്ടികയില്‍ അദാനി എത്തിച്ചേര്‍ന്നു. അവിടെ നിന്നിങ്ങോട്ട് അദാനിക്ക് ലിസ്റ്റിനു പുറത്തുകടക്കേണ്ടി വന്നില്ല.
ഇസ്രയേലിലെ ഏറ്റവും വലിയ തുറമുഖമായ ഹൈഫ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള ടെന്‍ഡര്‍ ഈ മാസം അദാനി ഗ്രൂപ്പ് നേടിയിരുന്നു. ഇസ്രായേലിന്റെ മൂന്ന് പ്രധാന അന്താരാഷ്ട്ര തുറമുഖങ്ങളില്‍ ഏറ്റവും വലുതാണ് ഹൈഫ തുറമുഖം. വരാനിരിക്കുന്ന 5 ജി സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുക്കാനും അദാനി ഗ്രൂപ്പ് (Adani Group) തയ്യാറാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it