തിരുവോണം ബമ്പറിന് പിന്നാലെ തരംഗമായി പൂജാ ബമ്പറും; പൊടിപൊടിച്ച് വില്‍പന

ഓണക്കാലത്ത് തരംഗമായ 25 കോടി രൂപ ഒന്നാം സമ്മാനമുണ്ടായിരുന്ന തിരുവോണം ബമ്പറിന്റെ ചുവടുപിടിച്ച് വന്‍ വില്‍പന നേടി പൂജാ ബമ്പറും. 12 കോടി രൂപയാണ് പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനത്തുക. നവംബര്‍ 22നാണ് നറുക്കെടുപ്പ്. ടിക്കറ്റ് വില 300 രൂപ.

Also Read : വന്ദേ ഭാരതിന് പിന്നാലെ ഇതാ 'നമോ ഭാരത്' ട്രെയിനും; ആദ്യ സര്‍വീസ് ശനിയാഴ്ച

വില്‍പനയ്‌ക്കെത്തി മൂന്നാഴ്ച പിന്നിടുമ്പോഴേക്കും 17.50 ലക്ഷം പൂജാ ബമ്പര്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞുവെന്ന് ലോട്ടറി വകുപ്പ് അധികൃതര്‍ 'ധനംഓണ്‍ലൈന്‍.കോമിനോട്' പറഞ്ഞു. ഇതുവരെ 25 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചിട്ടുണ്ട്. നിലവിലെ വില്‍പന ട്രെന്‍ഡ് പരിഗണിച്ചാല്‍ കൂടുതല്‍ ടിക്കറ്റുകള്‍ അച്ചടിക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. സമ്മാനഘടന പ്രകാരം പൂജാ ബമ്പറിന്റെ പരമാവധി 45 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനാണ് സര്‍ക്കാരിന്റെ അനുമതി.
ഹിറ്റായ ഓണം ബമ്പര്‍
ഇക്കുറി മലയാളികള്‍ മാത്രമല്ല, സംസ്ഥാനത്ത് തൊഴിലെടുക്കുന്ന അന്യസംസ്ഥാനക്കാരും അതിര്‍ത്തി സംസ്ഥാനങ്ങളിലുള്ളവരും ഗംഭീര സ്വീകരണമായിരുന്നു തിരുവോണം ബമ്പറിന് നല്‍കിയത്. ഭാഗ്യാന്വേഷികളായ 75 ലക്ഷത്തിലധികം പേരാണ് തിരുവോണം ബമ്പര്‍ വാങ്ങിയത്. 500 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്.
കോയമ്പത്തൂര്‍ സ്വദേശികളാണ് ഒന്നാം സമ്മാനത്തിന് അര്‍ഹരായതെന്ന പ്രത്യേകതയുമുണ്ട്. ആകെ 5.3 ലക്ഷം പേര്‍ക്കായി 125 കോടിയോളം രൂപയാണ് തിരുവോണം ബമ്പറിലൂടെ വിതരണം ചെയ്ത മൊത്തം സമ്മാനത്തുക.
ടിക്കറ്റെടുത്ത് അന്യസംസ്ഥാനക്കാരും
മറ്റ് സംസ്ഥാനക്കാരും വന്‍തോതില്‍ കേരള ലോട്ടറി ടിക്കറ്റെടുക്കുന്നതിനാല്‍ തമിഴ്, ബംഗാളി, അസാമീസ് ഭാഷകളിലും ലോട്ടറി വകുപ്പ് ഓണം ബമ്പറിന്റെ പരസ്യങ്ങള്‍ പുറത്തിറക്കിയിരുന്നു. കേരള ലോട്ടറിയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാനും വഞ്ചിക്കപ്പെടുന്നത് തടയാനുമാണ് അന്യസംസ്ഥാനക്കാര്‍ക്കായി അവരുടെ ഭാഷയില്‍ തന്നെ പരസ്യം അവതരിപ്പിച്ചത്.
പൂജാ ബമ്പറിന്റെ വില്‍പനയും തമിഴ്‌നാട്ടിലും മറ്റും തകൃതിയാണെന്നാണ് വിവരങ്ങള്‍. തമിഴ്‌നാട്ടില്‍ പൂജാ ബമ്പറിന്റെ ഓണ്‍ലൈന്‍ വില്‍പനയും നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഓണ്‍ലൈന്‍ വില്‍പന അനധികൃതമായതിനാല്‍ ഇതു സംബന്ധിച്ച് പൊലീസിനെയും മറ്റ് അധികാരികളെയും ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ലോട്ടറി വകുപ്പ് അധികൃതര്‍ പറഞ്ഞു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it