Begin typing your search above and press return to search.
ഐപിഎല്‍ സംപ്രേക്ഷണാവകാശം; റിലയന്‍സും ആമസോണും രംഗത്ത്, നേട്ടം ബിസിസിഐയ്ക്ക്
ഇന്ത്യയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും (Reliance Industries) ആമോസോണുമായുള്ള കൊമ്പുകോര്‍ക്കല്‍ ക്രിക്കറ്റ് മൈതാനത്തേക്കും നീങ്ങുന്നു. രാജ്യത്തെ കായിക മാമാങ്കമായ ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കാന്‍ ഇരു കമ്പനികളും ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഏറ്റവും അധികം ആരാധകരുള്ള ലോകത്തെ വലിയ രണ്ടാമത്തെ കായിക വിനോദമാണ് ക്രിക്കറ്റ്.
പങ്കാളികളായ വിയാകോം18നുമായി ചേര്‍ന്ന് സംപ്രേക്ഷണാവകാശം നേടാന്‍ നിക്ഷേപകരെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് റിലയന്‍സ്. 1.6 ബില്യണോളം ഡോളര്‍ സമാഹരിക്കുകയാണ് ലക്ഷ്യം. ഐപിഎല്‍ സംപ്രേക്ഷണാവകാശം റിലയന്‍സ് ജിയോ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ വളര്‍ച്ചയ്ക്കും നിര്‍ണായകമാണ്. എന്നാല്‍ സ്വന്തമായി ചാനല്‍ ഇല്ലാത്ത ആമസോണ്‍ (Amazon) , പുതിയ ടെലിവിഷന്‍ പങ്കാളിടെ കണ്ടെത്തുമോ എന്ന് വ്യക്തമല്ല. നിലവില്‍ പ്രൈമിലൂടെയാണ് ആമസോണിന്റെ ക്രിക്കറ്റ് സംപ്രേക്ഷണം. അതിനാല്‍ ഡിജിറ്റല്‍ അവകാശം മാത്രം സ്വന്തമാക്കാനും ആമസോണ്‍ ശ്രമിച്ചേക്കാം. ഇന്ത്യയില്‍, പ്രൈമിന്റെ വളര്‍ച്ചയ്ക്ക് ഐപിഎല്‍ ഉപയോഗിക്കുകയാണ് ആമസോണിന്റെയും ലക്ഷ്യം.
2021ല്‍ സീസണിന്റെ ആദ്യ പകുതിയില്‍ മാത്രം 350 മില്യണ്‍ കാഴ്ചക്കാരാണ് ഐപിഎല്ലിന് (IPL) ഉണ്ടായിരുന്നത്. വരുന്ന സീസണ്‍ മുതല്‍ രണ്ട് ടീമുകള്‍ കൂടി മത്സരിക്കുന്നോടെ ഐപിഎല്ലിന്റെ കാഴ്ചക്കാരുടെ എണ്ണവും വര്‍ധിക്കും. ടിവി-ഡിജിറ്റല്‍ സംപ്രേക്ഷണ അവകാശങ്ങള്‍ അഞ്ച് വര്‍ഷത്തേക്കാണ് ബിസിസിഐ കരാര്‍ നല്‍കുന്നത്. ഇത്തവണ ഏകദേശം 50000 കോടി രൂപ ഈ ഇനത്തില്‍ ബിസിസിഐയ്ക്ക് ലഭിച്ചേക്കും.
നിലവില്‍ സ്റ്റാര്‍ ഗ്രൂപ്പുമായുള്ള കരാര്‍ ഈ വര്‍ഷം അവസാനിക്കാനിരിക്കെയാണ് ബിസിസിഐ (BCCI) പുതിയ പങ്കാളികളെ ക്ഷണിക്കുന്നത്. 201-22 കാലയളവില്‍ ഐപിഎല്ലിനായി 16,347 കോടി രൂപയാണ് സ്റ്റാര്‍ ഗ്രൂപ്പ് ബിസിസിഐയ്ക്ക് നല്‍കിയത്. പുതിയ കരാറിനായി സ്റ്റാര്‍ ഗ്രൂപ്പിനും സോണിക്കുമൊപ്പം റിലയന്‍സും ആമസോണും എത്തുന്നതോടെ മികച്ച നേട്ടമുണ്ടാക്കാനുള്ള അവസരമാണ് ബിസിസിഐയ്ക്ക് ലഭിക്കുക.
Next Story
Videos