ഇന്ത്യയില്‍ ഉല്‍പ്പാദനം അഞ്ചിരട്ടി വര്‍ധിപ്പിക്കാന്‍ ആപ്പിള്‍; ചൈനയില്‍ നിന്നുള്ള മാറ്റം വേഗത്തില്‍

ഇന്ത്യയില്‍ അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ ഉല്‍പ്പാദനം അഞ്ചിരട്ടി വര്‍ധിപ്പിച്ച് 4,000 കോടി ഡോളറായി (ഏകദേശം 3.32 ലക്ഷം കോടി) ഉയര്‍ത്താന്‍ ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 7 ബില്യണ്‍ ഡോളറാണ് ഉല്‍പ്പാദിപ്പിച്ചത്. ചൈനയിലാണ് പ്രധാനമായും ആപ്പിളിന്റെ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം നടക്കുന്നത്. രണ്ട് ദശാബ്ദത്തിലേറെയായി ആയിരക്കണക്കിന് ബിസിനസ് പങ്കാളികളെ ഉള്‍പ്പെടുത്തി ആപ്പിള്‍ ചൈനയില്‍ വലിയ നിര്‍മ്മാണ, അസംബ്ലി പ്രവര്‍ത്തനങ്ങള്‍ കമ്പനി നടത്തിവരുന്നു. മെയിന്‍ലാന്‍ഡ് ചൈനയില്‍ 40ല്‍ അധികം ആപ്പിള്‍ സ്റ്റോറുകളുണ്ട്.

ആപ്പിളിന്റെ വരുമാനത്തിന്റെ ഏതാണ്ട് 20% വരുന്നത് തായ്വാനും ഹോങ്കോങ്ങും ഉള്‍പ്പെടുന്ന 'ഗ്രേറ്റര്‍ ചൈന' മേഖലയില്‍ നിന്നാണ്. എന്നാല്‍ ട്രംപ് ഭരണകൂടത്തിന് കീഴില്‍ യുഎസും ചൈനയും തമ്മിലുള്ള വ്യാപാര പിരിമുറുക്കം വര്‍ധിച്ചപ്പോള്‍ ആപ്പിള്‍ മറ്റ് വിപണികള്‍ തേടി പോകുകയായിരുന്നു. ഇത്തരത്തില്‍ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി ഇന്ത്യ ഉള്‍പ്പടെ മറ്റ് രാജ്യങ്ങളിലേക്ക് ആപ്പിള്‍ തിരിഞ്ഞു. തുടര്‍ന്ന് ഐഫോണുകളുടെ ഉല്‍പ്പാദനത്തിനായി കമ്പനി ഇന്ത്യയെ ആശ്രയിക്കാന്‍ തുടങ്ങി. നിലവില്‍ ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണുകളാണ് നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ എയര്‍പോഡുകളുടെ നിര്‍മാണവും ആരംഭിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്.

വില്‍പ്പന വളര്‍ച്ച

2022 സെപ്റ്റംബര്‍ 25ന് അവസാനിച്ച യു.എസ് സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ആഗോളതലത്തില്‍ 19,100 കോടി ഡോളറിന്റെ ഐഫോണുകളും 3836 കോടി ഡോളറിന്റെ വെയറബിള്‍, ഹോം, ആക്‌സസറീസ് വിഭാഗങ്ങളിലെ ഉല്‍പ്പന്നങ്ങളും വിറ്റഴിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒമ്പത് മാസങ്ങളില്‍ കമ്പനി ഐഫോണ്‍ വില്‍പ്പനയില്‍ 4% ഇടിവ് രേഖപ്പെടുത്തി 15677 കോടി ഡോളറും വെയറബിള്‍, ഹോം, ആക്‌സസറീസ് വിഭാഗത്തില്‍ നേരിയ ഇടിവോടെ 3052 കോടി ഡോളറും രേഖപ്പെടുത്തി.

READ ALSO:ഇന്ത്യന്‍ നിര്‍മിത ഐഫോണ്‍ 15ന് എതിരെ വ്യാജ പ്രചരണവുമായി ചൈന

ഈയടുത്ത് ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ചെയ്യുന്ന കമ്പനിയായി ആപ്പിള്‍ മാറിയിരുന്നു. ആപ്പിള്‍ ഐഫോണ്‍ 15 സീരീസിന്റെ വില്‍പ്പന ലോഞ്ച് ദിനത്തില്‍ ഐഫോണ്‍ 14 സീരീസിനെ അപേക്ഷിച്ച് 100% ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് പ്രകാരം 2023ന്റെ ആദ്യ പാദത്തില്‍ 59% വിപണി വിഹിതത്തോടെ ഇന്ത്യ ഇപ്പോള്‍ ആപ്പിളിന്റെ മികച്ച അഞ്ച് വിപണികളില്‍ ഒന്നാണ്.

Related Articles
Next Story
Videos
Share it