ഇന്ത്യന്‍ നിര്‍മിത ഐഫോണ്‍ 15ന് എതിരെ വ്യാജ പ്രചരണവുമായി ചൈന

ആപ്പിളിന്റെ ഏറ്റവും പുതിയ ഇന്ത്യന്‍ നിര്‍മിത ഐഫോണ്‍ 15 പുറത്തിറങ്ങിയതോടെ വ്യാജ പ്രചരണങ്ങളുമായി ചൈന. ഇന്ത്യയില്‍ നിന്നുള്ള ഐഫോണുകള്‍ വേണ്ടത്ര അണുവിമുക്തമല്ലെന്നതുള്‍പ്പെടെ നിരവധി വ്യാജ പ്രചരണങ്ങളാണ് ചൈനീസ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിറഞ്ഞിരിക്കുന്നത്.

ഇന്ത്യക്കാര്‍ക്കെതിരെ ചൈന

ചൈനീസ് നിര്‍മ്മിത ഐഫോണ്‍ 15 മികച്ചതാണെന്നും അവ യൂറോപ്യന്‍, അമേരിക്കന്‍ വിപണികളില്‍ മാത്രമായി ലഭ്യമാകുമെന്നും അതേസമയം ഐഫോണ്‍ 15ന്റെ ഇന്ത്യന്‍ നിര്‍മിത പതിപ്പ് ചൈനീസ് വിപണിയിലേക്ക് പ്രത്യേകമായി അവതരിപ്പിച്ചിരിക്കുകയാണെന്നും ചൈനീസ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. ഇത് ചൈനീസ് ഉപയോക്താക്കളെ ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തുന്നതിലേക്കും മറ്റും നയിച്ചിരിക്കുകയാണ്.

വിവാദങ്ങള്‍ക്കിടയില്‍ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ If you buy a new phone in China, you may receive an iPhone made in India എന്ന ഹാഷ്‌ടാഗും ഇതോടെ ട്രെന്‍ഡിംഗ് ആയി. ഇന്ത്യന്‍ നിര്‍മിത ആപ്പിള്‍ ഉല്‍പ്പന്നം അബദ്ധവശാല്‍ വാങ്ങിയാല്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഈ ഹാഷ്‌ടാഗില്‍ പ്രചരിക്കുന്നുണ്ട്. ഉല്‍പ്പാദന മികവിന്റെ കാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായും ഇന്ത്യയെ ചിത്രീകരിക്കുന്നുണ്ട്.

പ്രചരണങ്ങള്‍ വ്യാജമെന്ന് ആപ്പിള്‍

ഇന്ത്യന്‍ നിര്‍മിത ഐഫോണുകള്‍ക്കെതിരെ നടത്തുന്ന ഈ പ്രചരണങ്ങള്‍ക്കിടയില്‍ ചൈനയില്‍ നിര്‍മ്മിച്ച ഐഫോണ്‍ 15 സീരീസ് യൂറോപ്യന്‍, അമേരിക്കന്‍ വിപണികള്‍ക്കായി മാത്രമുള്ളതല്ലെന്നും ഇന്ത്യന്‍ നിര്‍മ്മിത ഐഫോണ്‍ 15 ചൈനീസ് വിപണിക്ക് വേണ്ടി മാത്രമുള്ളതല്ലെന്നും ആപ്പിള്‍ കമ്പനി വ്യക്തമാക്കി. നിലവില്‍ ഇന്ത്യ മൊത്തം ഐഫോണ്‍ ഉല്‍പ്പാദനത്തിന്റെ 7% മാത്രമാണ് സംഭാവന ചെയ്യുന്നത്. ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവുമാണ്. ഐഫോണ്‍ ഉല്‍പ്പാദനത്തില്‍ ചൈന 90% വിഹിതത്തോടെ ആധിപത്യം പുലര്‍ത്തുന്നുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it