ബാങ്ക് നിക്ഷേപത്തിന്റെ അവകാശിക്ക് ആ തുകയ്ക്ക് അവകാശമുണ്ടോ?

ബാങ്ക് നിക്ഷേപത്തിന് അവകാശിയെ നിശ്ചയിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കുന്നു ഫെഡറല്‍ ബാങ്ക് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് കെ എ ബാബു
ബാങ്ക് നിക്ഷേപത്തിന്റെ അവകാശിക്ക് ആ തുകയ്ക്ക് അവകാശമുണ്ടോ?
Published on

ബാങ്കിങ് റെഗുലേഷന്‍ ആക്ട് (1949) സെക്ഷന്‍ 45ZA പ്രകാരം ഒരാള്‍ തനിച്ചോ ഒന്നിലധികം പേര്‍ ഒരുമിച്ചോ ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള തുകയ്ക്ക് നിക്ഷേപകര്‍ എല്ലാവരും കൂടെ ഒരു അവകാശിയെ നിശ്ചയിച്ചു ബാങ്കില്‍ രേഖാമൂലം അറിയിക്കാവുന്നതാണ്. ഇതിനായി ബാങ്കില്‍ നിന്നും നിയമാനുസൃതമായി നിശ്ചയിച്ചിട്ടുള്ള ഫോറം വാങ്ങി പൂരിപ്പിച്ചു നിക്ഷേപകനോ അല്ലെങ്കില്‍ നിക്ഷേപകര്‍ എല്ലാവരും കൂടിയോ ഒപ്പിട്ടു നല്‍കണം. അവകാശിയുടെ പേരും വയസ്സും വിലാസവും നിക്ഷേപകരുമായുള്ള ബന്ധവും ഈ ഫോറത്തില്‍ എഴുതണം. അവകാശിയായി നല്‍കുന്ന വ്യക്തിയുമായി നിക്ഷേപകന് രക്ത ബന്ധമോ മറ്റോ വേണമെന്ന് നിര്‍ബന്ധമില്ല. നിക്ഷേപകന് ഇഷ്ടമുള്ള ആരെ വേണമെങ്കിലും അവകാശിയായി ചേര്‍ക്കാവുന്നതാണ്. അവകാശിയായി നിശ്ചയിക്കുന്ന ആള്‍ ഫോറത്തില്‍ ഒപ്പിടേണ്ടതില്ല. അവകാശിയായി വെക്കുന്ന വ്യക്തിയെ നിക്ഷേപകര്‍ ജീവിച്ചിരിക്കുമ്പോള്‍ ഇക്കാര്യം ബാങ്ക് അറിയിക്കുന്നതല്ല. നിക്ഷേപര്‍ക്ക് ഇക്കാര്യം അവകാശിയായി നിശ്ചയിച്ചിട്ടുള്ള വ്യക്തിയെ അറിയിക്കുകയോ അറിയിക്കാതിരിക്കുകയോ ചെയ്യാം. ഡിപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റില്‍ അല്ലെങ്കില്‍ പാസ് ബുക്കില്‍, അവകാശിയെ നിശ്ചയിച്ചിട്ടുണ്ട് എന്ന് ബാങ്ക് എഴുതി ചേര്‍ക്കും. അവകാശിയുടെ പേര് എഴുതുകയില്ല. എന്നാല്‍ ഇടപാടുകാരന്‍ രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം ഈ വിധം ചേര്‍ത്ത അവകാശിയുടെ പേര് പാസ് ബുക്കിലോ ഡിപ്പോസിറ്റ് റെസിപ്റ്റിലോ എഴുതി തരുന്നതാണ്. അവകാശിയെ വെച്ചിട്ടുണ്ട് എന്ന് എഴുതി വാങ്ങുന്നത് എന്തുകൊണ്ടും നല്ലതാണ്. ഒരു തവണ തീരുമാനിച്ചു നല്‍കിയ അവകാശിയെ വേണ്ടെന്നു വെക്കാനോ പുതിയ അവകാശിയെ നിശ്ചയിച്ചു നല്‍കാനോ നിക്ഷേപകര്‍ക്ക് കഴിയും. മൊബൈല്‍ ബാങ്കിങ് വഴിയും നെറ്റ് ബാങ്കിങ് വഴിയുമെല്ലാം അവകാശിയെ ചേര്‍ക്കാന്‍ ഇപ്പോള്‍ സംവിധാനമുണ്ട്.

ബാങ്ക് അക്കൗണ്ട് തുടങ്ങുന്ന അവസരത്തില്‍ തന്നെ അവകാശിയെയും നിശ്ചയിക്കാവുന്നതാണ്. ഏതെങ്കിലും കാരണത്താല്‍ നിക്ഷേപ സമയത്തു് അവകാശിയെ ചേര്‍ക്കാന്‍ സാധിച്ചില്ലെന്നാലും വിഷമിക്കാനില്ല. നിക്ഷേപം നിലവിലുള്ളപ്പോള്‍ എപ്പോള്‍ വേണമെങ്കിലും അവകാശിയെ ചേര്‍ക്കാം. എല്ലാവിധ നിക്ഷേപങ്ങള്‍ക്കും അവകാശിയെ ചേര്‍ക്കാവുന്നതാണ്. കാലാവധി നിക്ഷേപങ്ങള്‍ പുതുക്കുമ്പോള്‍ നിലവിലുള്ള അവകാശി തുടരും. ഇതിനായി വേറെ അപേക്ഷ നല്‍കേണ്ടതില്ല.

അവകാശിയായി വെക്കുന്നത് പ്രായപൂര്‍ത്തിയാകാത്ത ആളെയാണെങ്കില്‍, ഈ അവകാശി പ്രായപൂര്‍ത്തി ആകുന്നതിനു മുമ്പ് നിക്ഷേപകര്‍ മരിക്കാനിടവന്നാല്‍ നിക്ഷേപം ബാങ്കില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത അവകാശിക്കു വേണ്ടി സ്വീകരിക്കാന്‍ പ്രായപൂര്‍ത്തിയായ മറ്റൊരാളെ കൂടെ തീരുമാനിച്ചു നിശ്ചിത ഫോറത്തില്‍ തന്നെ ബാങ്കിനെ അറിയിക്കണം.

ഒരു ഡിപ്പോസിറ്റിനു ഒരു അവകാശിയെ മാത്രമേ വെക്കാന്‍ സാധിക്കുകയുള്ളൂ. ഒന്നിലധികം പേരിലുള്ള നിക്ഷേപം ആണെങ്കിലും എല്ലാവര്‍ക്കും കൂടെ ഒരാളെ മാത്രമേ അവകാശിയായി വെക്കാന്‍ കഴിയൂ. ഒന്നിലധികം പേരിലുള്ള നിക്ഷേപമാണെങ്കില്‍ ഇതില്‍ ഒരാള്‍ മരിച്ചാല്‍ ശേഷിച്ച നിക്ഷേപകര്‍ക്ക് വേണമെങ്കില്‍ നിലവിലുള്ള അവകാശിയെ മാറ്റി മറ്റൊരാളെ അവകാശിയായി നിശ്ചയിക്കാവുന്നതാണ്.

ഒരാളുടെ പേരില്‍ ഒന്നിലധികം അക്കൗണ്ടുകളോ നിക്ഷേപങ്ങളോ ഉണ്ടെങ്കില്‍ ഓരോന്നിനും പ്രത്യേകം പ്രത്യേകം ഫോറം ഒപ്പിട്ടു നല്‍കണം. എന്നാല്‍ എല്ലാ നിക്ഷേപങ്ങള്‍ക്കും ഒരാളെ തന്നെ അവകാശിയായി വെക്കാന്‍ തടസ്സമില്ല.

ഇങ്ങനെ അവകാശിയെ നിശ്ചയിച്ചു നല്‍കിയാല്‍ നിക്ഷേപകനോ അല്ലെങ്കില്‍ നിക്ഷേപകര്‍ എല്ലാവരുമോ മരിക്കാനിടവന്നാല്‍ ബാങ്ക്, നിക്ഷേപ തുകയും പലിശയും സഹിതം നിശ്ചയിച്ച അവകാശിക്കു നല്‍കും. നിക്ഷേപന്റെ മരണം മൂലം അവകാശിയില്‍ വന്നു ചേരുന്ന നിക്ഷേപം കാലാവധി തികയുന്നതിനു മുമ്പ് വേണമെങ്കില്‍ തിരിച്ചെടുക്കാവുന്നതാണ്. ഇത്തരത്തില്‍ നിക്ഷേപം തിരിച്ചെടുക്കുകയാണെങ്കില്‍ അതിനു പെനാല്‍റ്റി (പലിശ ശതമാനത്തില്‍ കുറവ്) ബാധകമല്ല.

നിക്ഷേപകന്റെ മരണശേഷം നിക്ഷേപം ബാങ്കില്‍ നിന്നും അവകാശിക്കു ലഭിക്കുവാന്‍ നിക്ഷേപകന്റെ മരണ സര്‍ട്ടിഫിക്കറ്റും തന്റെ തിരിച്ചറിയല്‍ രേഖകളുമായി ബാങ്കിനെ സമീപിച്ചാല്‍ മതി. രേഖകള്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ ബാങ്ക് അവകാശിക്കു നിക്ഷേപം തിരിച്ചു നല്‍കേണ്ടതുണ്ട്. ഈ രീതിയില്‍ അവകാശിക്കു നിക്ഷേപം തിരിച്ചു നല്‍കിയാല്‍ ബാങ്കിനെ സംബന്ധിച്ചേടത്തോളം നിക്ഷേപം തിരിച്ചു നല്‍കാനുള്ള ഉത്തരവാദിത്വം തീരും.

അവകാശിയറിയേണ്ട കാര്യങ്ങള്‍

എന്നാല്‍ അവകാശി ഒരു കാര്യം പ്രത്യേകം മനിസ്സിലാകേണ്ടതുണ്ട്. ബാങ്കിങ് റെഗുലേഷന്‍ ആക്ട് പ്രകാരം നിശ്ചയിട്ടുള്ള അവകാശിയുടെ അവകാശം ബാങ്കില്‍ നിന്നും നിക്ഷേപം തിരിച്ചു വാങ്ങാന്‍ മാത്രമാണ്. മരിച്ചയാളുടെ നിയമപ്രകാരമുള്ള അവകാശികള്‍ക്ക് തന്നേയാണ് പരേതന്റെ ബാങ്ക് നിക്ഷേപം അടക്കമുള്ള സ്വത്തിന്റെ യഥാര്‍ത്ഥ അവകാശം. അതിനാല്‍ ബാങ്കില്‍ നല്‍കിയിട്ടുള്ള അവകാശി എന്ന നിലയില്‍ ബാങ്കില്‍ നിന്നും സ്വീകരിക്കുന്ന നിക്ഷേപത്തിന്റെ യഥാര്‍ത്ഥ അവകാശി താനല്ലെങ്കില്‍ ആ തുക യഥാര്‍ത്ഥ അവകാശികള്‍ക്ക് അവകാശപ്പെട്ടതാണ്. ഇതുമായി ബന്ധപ്പെട്ടു തര്‍ക്കം ഉണ്ടായാല്‍ പരേതന്റെ ബാങ്ക് നിക്ഷേപം യഥാര്‍ത്ഥ അവകാശികള്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവിടും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com