ബാങ്ക് സേഫ് ഡിപ്പോസിറ്റ് ലോക്കറുകൾ എത്ര മാത്രം സേഫാണ്?

ബാങ്കിൽ ഒരു അക്കൗണ്ട് തുടങ്ങുന്നത് പോലെ സാധാരണവും എളുപ്പവുമാണ് ബാങ്കിൽ ഒരു സേഫ് ഡിപ്പോസിറ്റ് ലോക്കർ എടുക്കുന്നതും. വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും മറ്റും സുരക്ഷിതമായി വെക്കുവാൻ ബാങ്ക് ലോക്കറുകൾ സൗകര്യമാണ്.

ലോക്കർ എടുക്കുന്ന ഏതൊരു ഇടപാടുകാരനും അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ലോക്കറിൽ വെക്കുന്ന വസ്തുക്കൾ ഏതെന്നോ എത്രയെന്നോ ബാങ്ക് അറിഞ്ഞിരിക്കേണ്ടതില്ലായെന്നതാണ്. അതുകൊണ്ടുതന്നെ ലോക്കറിൽ വെക്കുന്ന വസ്തുക്കളുടെ ഉത്തരവാദിത്വം ബാങ്കിന് ഇല്ലതാനും. സേഫ് ഡിപ്പോസിറ്റ് ലോക്കറിന്റെ കാര്യത്തിൽ ബാങ്കും ലോക്കർ എടുക്കുന്ന വ്യക്തിയും തമ്മിലുള്ള നിയമപരമായ ബന്ധം വീട് വാടകക്ക് എടുക്കുമ്പോൾ വീട്ടുടമസ്ഥനും വാടകക്കാരനും തമ്മിലുള്ള ബന്ധം പോലെയാണ്. വീട് വാടകക്ക് നൽകിയാൽ അവിടെ വാടകക്കാരൻ എന്തെല്ലാം സാധനങ്ങൾ സൂക്ഷിക്കുന്നു എന്ന് വീട്ടുടമസ്ഥൻ അന്വേഷിക്കുന്നില്ല. ഇതുപോലെ ലോക്കർ തരുന്ന ബാങ്ക് ലോക്കർ എടുക്കുന്നയാൾ അതിൽ എന്തെല്ലാം വെക്കുന്നു എന്ന് നോക്കുന്നില്ല. എന്നാൽ ലോക്കറിനുള്ളിൽ വെക്കുന്ന വസ്തുക്കൾ നാട്ടിൽ നിലവിലുള്ള നിയമങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം. ഉദാഹരണത്തിന്, കള്ളപ്പണമോ സ്പോടകവസ്തുക്കളോ പോലുള്ളവയുടെ സൂക്ഷിപ്പിനു ബാങ്ക് ലോക്കറുകൾ ഉപയോഗിക്കുവാൻ പാടില്ല. ലോക്കറിൽ വെക്കുന്ന വസ്തുക്കൾക്ക് ബാങ്ക് ഇൻഷുറൻസ് പരിരക്ഷ പ്രത്യേകം എടുക്കുകയോ തരുകയോ ചെയ്യുന്നില്ല. ചുരുക്കി പറഞ്ഞാൽ സേഫ് ഡിപ്പോസിറ്റ് ലോക്കറിൽ വെക്കുന്ന വസ്തുക്കളുടെ ഉത്തരവാദിത്വം ഇടപാടുകാരന്റെ മാത്രമാണെന്ന് സാരം.

എന്നാൽ ലോക്കർ തരുന്നതോടു കൂടെ ബാങ്കിന്റെ ഉത്തരവാദിത്വം തീരുന്നു എന്ന് ഇതിനർത്ഥമില്ല. ബാങ്കിലെ വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സൂക്ഷിക്കുവാൻ ബാങ്ക് എത്രമാത്രം ശ്രദ്ധ എടുക്കുന്നുവോ അത്രയും ശ്രദ്ധ ഇടപാടുകാരുടെ സേഫ് ഡിപ്പോസിറ്റ് ലോക്കറും സുരക്ഷിതമായി വെക്കുവാൻ ബാങ്ക് എടുക്കേണ്ടതുണ്ട്‌. ഇതിൽ എന്തെങ്കിലും വീഴ്ച വന്നാൽ, അത് വഴി ലോക്കർ എടുത്ത ഇടപാടുകാരനു എന്തെങ്കിലും നഷ്ടം ഉണ്ടായാൽ അത് പരിഹരിക്കുവാൻ ബാങ്കിന് ബാധ്യതയുണ്ട്.

2022 ജനുവരി 1 നു ഭാരതീയ റിസർവ് ബാങ്ക് സേഫ് ഡിപ്പോസിറ്റ് ലോക്കർ സംബന്ധിച്ച് പുറത്തിറക്കിയ പുതുക്കിയ നിയമങ്ങൾ ബാങ്കുകളുടെയും ഇടപാടുകാരന്റെയും ഉത്തരവാദിത്വങ്ങൾ കൂടുതൽ വ്യക്തമാക്കുന്നതാണ്. ഇതനുസരിച്ചു സേഫ് ഡിപ്പോസിറ്റ് ലോക്കർ ഇരിക്കുന്ന കെട്ടിടത്തിന്റെ സുരക്ഷയ്ക്ക് വേണ്ട എല്ലാവിധ നടപടികളും എടുക്കേണ്ട പൂർണമായ ഉത്തരവാദിത്വം ബാങ്കിന്റേതാണ്. അവിടെ തീ പിടുത്തമോ കളവോ തട്ടിപ്പോ ഒഴിവാക്കാൻ വേണ്ടതെല്ലാം ബാങ്കുകൾ ചെയ്യണം. കെട്ടിടത്തിനു നാശനഷ്ടങ്ങൾ വരാതെ ആവശ്യമായ ഉറപ്പും ബലവും ഉറപ്പാക്കണം. തൊഴിലാളികൾ ഏതെങ്കിലും തരത്തിൽ ചെയ്യുന്ന തട്ടിപ്പുകൾക്കും ബാങ്ക് തന്നെയാണ് ഉത്തരവാദി. ഈ വിധ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ വീഴ്ച ഉണ്ടാവുകയും അത് വഴി ലോക്കറിൽ വെച്ചിട്ടുള്ള വസ്തുക്കൾ നഷ്ടപ്പെടുകയും ചെയ്‌താൽ ലോക്കറിന് നിശ്ചയിട്ടുള്ള വാർഷിക വാടകയുടെ നൂറിരട്ടി തുക ലോക്കർ എടുത്തിട്ടുള്ള ഇടപാടുകാരനു നഷ്ടപരിഹാരമായി ബാങ്ക് നൽകണം. എന്നാൽ ഭൂകമ്പം വെള്ളപ്പൊക്കം ഇടിമിന്നൽ കൊടുങ്കാറ്റു തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ മൂലം ഉണ്ടായേക്കാവുന്ന നഷ്ടങ്ങൾക്കു ബാങ്കിന് ഉത്തരവാദിത്വമില്ല. അത് പോലെ ഇടപാടുകാരന്റെ തെറ്റോ ശ്രദ്ധക്കുറവോ മൂലം ഉണ്ടാവുന്ന നഷ്ടങ്ങൾക്കും ബാങ്കിന് ഉത്തരവാദിത്വം ഇല്ല. എന്നാൽ മേൽ പറഞ്ഞ പ്രകൃതി ദുരന്തങ്ങളിൽ നിന്ന് രക്ഷനേടാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുവാൻ ബാങ്കുകൾ ശ്രദ്ധിക്കണം.

Babu K A
Babu K A is a Banking and Financial Expert  

Related Articles

Next Story

Videos

Share it