

പെന്‍ഷന്‍ ഫണ്ട് നിയന്ത്രണ-വികസന അതോറിട്ടി മള്‍ട്ടിപ്പിള്‍ സ്‌കീം ഫ്രെയിംവര്‍ക്ക് എന്ന എം.എസ്.എഫ് അവതരിപ്പിച്ചതോടെ നാഷണല്‍ പെന്‍ഷന്‍ സ്‌കീം ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കോര്‍പറേറ്റ് ജീവനക്കാര്‍, പ്രഫഷണലുകള്‍, സംരംഭകര്‍, സ്വയം തൊഴിലുകാര്‍, ഓണ്‍ലൈന്‍ സാധന വിതരണക്കാര്‍ തുടങ്ങി സര്‍ക്കാര്‍ ഇതര ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ സ്‌കീം. അതിനൊത്ത് നിക്ഷേപത്തിന്റെ രീതികള്‍ വര്‍ധിച്ചിരിക്കുകയാണ്. ഒരു പാന്‍ ഉപയോഗിച്ച് ഒന്നിലധികം എന്‍.പി.എസ് സ്‌കീമുകളില്‍ ചേരാം.
മള്‍ട്ടിപ്പിള്‍ സ്‌കീം ഫ്രെയിംവര്‍ക്കിനു കീഴില്‍ ഉപയോക്താക്കള്‍ക്ക് റിസ്‌ക് കൂടുതലുള്ള പദ്ധതികള്‍ നിക്ഷേപത്തിന് തെരഞ്ഞെടുക്കാം. 100 ശതമാനവും ഓഹരി വിപണിയില്‍ നിക്ഷേപിക്കാം -അതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. മിതമായ റിസ്‌ക് എടുക്കാനാണ് താല്‍പര്യമെങ്കില്‍ അങ്ങനെയാകാം. റിസ്‌ക് കുറഞ്ഞ ഓപ്ഷനുകളും തെരഞ്ഞെടുക്കാം.
ലോക്ക്-ഇന്‍ പീരിയഡിലും മാറ്റങ്ങളുണ്ട്. 60 വയസാകുന്നതു വരെ കാത്തിരിക്കുകയൊന്നും വേണ്ട. കുറഞ്ഞത് 15 വര്‍ഷം കഴിഞ്ഞാല്‍ ഉപയോക്താക്കള്‍ക്ക് പിന്മാറാം. പദ്ധതി ഭേദഗതികള്‍ വരുത്താം. കുട്ടികളുടെ വിദ്യാഭ്യാസം, വീടു വാങ്ങല്‍, നേരത്തെയുള്ള വിരമിക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ നിശ്ചയിച്ച്, അതിനൊത്ത് തുക പിന്‍വലിക്കാം. 0.3 ശതമാനമായി ഇതിന് ചാര്‍ജ് പരിമിതപ്പെടുത്തിയിട്ടുണ്ട്. അതല്‍പം കൂടുതലാണെങ്കിലും ഫ്‌ളെക്‌സിബിലിറ്റി ഒരു നേട്ടമാണ്.
എല്ലാവര്‍ക്കും വേണ്ടി ഒറ്റ സ്‌കീം എന്ന വിധത്തില്‍ ഉപയോക്താവിന് ചോയ്‌സ് ഒന്നുമില്ലാത്ത നിക്ഷേപ പദ്ധതി എന്നതില്‍ നിന്നാണ് ഫ്‌ളക്‌സിബിളായ, വിപണി നിയന്ത്രിതമായ ചുറ്റുപാടിലേക്ക് എന്‍.പി.എസ് മാറുന്നത്. ഉദാഹരണത്തിന് ചില ദീര്‍ഘകാല ഇക്വിറ്റി ഫണ്ട് മുഴുവനായി ഓഹരി വിപണിയില്‍ നിക്ഷേപിക്കാം. വനിതകള്‍ക്കും യുവദമ്പതികള്‍ക്കുമായി മൈ ഫാമിലി, മൈ ഫ്യൂച്ചര്‍ എന്ന ഹൈബ്രിഡ് സ്‌കീമാണ് ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യല്‍ പെന്‍ഷന്‍ ഫണ്ട് തുടങ്ങിയിരിക്കുന്നത്. ഇതില്‍ 50 മുതല്‍ 85 ശതമാനം വരെ ഇക്വിറ്റിയില്‍ നിക്ഷേപിക്കുന്നു. വിദ്യാഭ്യാസം, വിവാഹം, ചികിത്‌സ തുടങ്ങിയ വലിയ ലക്ഷ്യങ്ങള്‍ക്കായി സമ്പാദിക്കാനും അതേ അവസരത്തില്‍ വാര്‍ഷിക വരുമാനം ലഭ്യമാക്കുന്നതിനും കുടുംബങ്ങളെ ഇത് സഹായിക്കുന്നു. എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, ടാറ്റ, ആക്‌സിസ്, കൊട്ടക് മഹീന്ദ്ര എന്നിവക്കും ഇത്തരം പദ്ധതികളുണ്ട്.
ഓഹരി വിപണിയില്‍ കൂടുതല്‍ തുക നിക്ഷേപിക്കുന്നത് ചെറുപ്പക്കാരായ നിക്ഷേപകരെ കൂടുതലും ആകര്‍ഷിക്കുന്ന ഒരു ഫീച്ചറാണ്. 15 വര്‍ഷത്തെ നിക്ഷേപമെന്നു പറയുന്നത് വിപണിയിലെ കയറ്റിറക്കങ്ങള്‍ മറികടന്ന് മെച്ചം ഉണ്ടാക്കാന്‍ പറ്റിയ കാലയളവുമാണ്. എക്‌സിറ്റടിക്കാനുള്ള സമയം നീട്ടാനും കഴിയുന്നത് ഇക്വിറ്റിയില്‍ കേന്ദ്രീകരിക്കുന്ന ഫണ്ടുകളെ കൂടുതല്‍ ആകര്‍ഷകമാക്കും.
നിക്ഷേപകര്‍ക്ക് മള്‍ട്ടിപ്പിള്‍ സ്‌കീം ഫ്രെയിംവര്‍ക്ക് ഫലത്തില്‍ പുതിയൊരു തലത്തിലുള്ള ചോയ്‌സാണ്. ചുരുങ്ങിയ നിക്ഷേപ സാധ്യതയെന്ന പരിമിതിയാണ് എന്‍.പി.എസ് ഉപയോക്താക്കള്‍ മറികടക്കുന്നത്. ചെറുപ്പക്കാരായ പ്രഫഷണലുകള്‍ക്ക് കൂടുതല്‍ പണം ഓഹരി വിപണിയിലേക്ക് മാറ്റി പരമാവധി ദീര്‍ഘകാല വളര്‍ച്ച നേടാം. മധ്യവയസ്‌കരുടെ കാര്യത്തിലാണെങ്കില്‍ കുടുംബത്തിന്റെ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ബാലന്‍സ്ഡ്, അല്ലെങ്കില്‍ ഹൈബ്രിഡ് ഫണ്ട് തെരഞ്ഞെടുക്കാം. ഫ്‌ളെക്‌സിബിലിറ്റിയും ഉണ്ട്. സ്വന്തം നിക്ഷേപത്തില്‍ തൊടാന്‍ 60 വയസുവരെ കാത്തിരിക്കണമെന്ന സ്ഥിതി മാറുന്നത് വലിയ കാര്യമാണ്. ദീര്‍ഘകാല സാമ്പത്തിക ഭദ്രതക്ക് പെന്‍ഷന്‍ ഫണ്ട് തെരഞ്ഞെടുക്കാന്‍ കൂടുതല്‍ ആളുകളെ പ്രേരിപ്പിക്കുന്നതാണ് പുതിയ മാറ്റങ്ങള്‍.
മള്‍ട്ടിപ്പിള്‍ സ്‌കീം ഫ്രെയിംവര്‍ക്ക് ചട്ടങ്ങള്‍ പരിശോധിച്ചാല്‍ നിക്ഷേപത്തില്‍ 20 ശതമാനം വാര്‍ഷിക വരുമാനത്തിനായി മാറ്റിവെക്കണം. 20 ശതമാനം നികുതി വിധേയ തുകയായി പിന്‍വലിക്കാം. ബാക്കി 60 ശതമാനത്തിനും നികുതിയില്ല. സ്ഥിരമായൊരു റിട്ടയര്‍മെന്റിനു ശേഷം നിശ്ചിത വരുമാനം, പണലഭ്യത, നികുതി ഭാരമില്ലായ്മ എന്നിങ്ങനെയൊരു സന്തുലിതാവസ്ഥയുണ്ടാക്കാന്‍ പദ്ധതിയില്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇനി, എം.എസ്.എഫ് പദ്ധതികളില്‍ പിന്നീട് തൃപ്തിയില്ലെന്നു വന്നാല്‍ പരമ്പരാഗത എന്‍.പി.എസിലേക്ക് തിരികെ പോവുകയും ചെയ്യാം. എന്നാല്‍ എം.എസ്.എഫ് പദ്ധതികള്‍ തമ്മിലൊരു മാറ്റം അനുവദിച്ചിട്ടില്ല. എം.എസ്.എഫ് സ്‌കീമുകളുടെ കാലാവധിയോ തിരിച്ചു വാങ്ങലോ ഒന്നും പരമ്പരാഗത എന്‍.പി.എസ് പദ്ധതികളുടെ മച്ചുരിറ്റിയെ ബാധിക്കില്ല. രണ്ടും സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. എന്‍.പി.എസ് സംവിധാനത്തിനു കീഴില്‍ എം.എസ്.എഫ് പൂര്‍ണതോതില്‍ പ്രവര്‍ത്തന ക്ഷമമാകാന്‍ ഏതാനും മാസങ്ങള്‍ എടുത്തേക്കും.
Read DhanamOnline in English
Subscribe to Dhanam Magazine