ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ കൂട്ടി

നേടാം 8.2% വരെ പലിശ; പി.പി.എഫ് പലിശനിരക്കില്‍ മാറ്റമില്ല
ലഘുസമ്പാദ്യ പദ്ധതികളുടെ  പലിശ കൂട്ടി
Published on

സാധാരണക്കാര്‍ക്കും ഇടത്തരം വരുമാനക്കാര്‍ക്കും ആശ്വാസം പകര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഏപ്രിൽ ഒന്നിന് തുടക്കമായ  പുതിയ  സാമ്പത്തിക വര്‍ഷത്തെ (2023-24) ആദ്യപാദത്തിലെ (ഏപ്രില്‍-ജൂണ്‍) ലഘു സമ്പാദ്യ (സ്‌മോള്‍ സേവിംഗ്‌സ്) പദ്ധതികള്‍ക്കുള്ള പലിശ ഉയര്‍ത്തി. നിലവിലുള്ള നിക്ഷേപങ്ങള്‍ക്കും ഈ പാദത്തില്‍ പുതുതായി നിക്ഷേപം ആരംഭിക്കുന്നവര്‍ക്കും ഇത് നേട്ടമാണ്.

പുതുക്കിയ നിരക്കുകള്‍

0.10 ശതമാനം മുതല്‍ 0.70 ശതമാനം വരെ പലിശ വര്‍ദ്ധനയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. തുടര്‍ച്ചയായ മൂന്നാംപാദത്തിലാണ് പലിശനിരക്ക് കൂട്ടുന്നത്.

ഒരുവര്‍ഷ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന് 6.6 ശതമാനത്തില്‍ നിന്ന് 6.8 ശതമാനമായും രണ്ടുവര്‍ഷത്തെ നിക്ഷേപത്തിന് 6.8ല്‍ നിന്ന് 6.9 ശതമാനമായും മൂന്ന് വര്‍ഷത്തേതിന് 6.9ല്‍ നിന്ന് 7 ശതമാനമായുമാണ് പലിശ കൂട്ടിയത്. 5 വര്‍ഷത്തെ നിക്ഷേപത്തിനുള്ള പലിശ 7ല്‍ നിന്ന് 7.5 ശതമാനമായും ഉയര്‍ത്തി.

6.2 ശതമാനമാണ് റെക്കറിംഗ് നിക്ഷേപത്തിന് (ആര്‍.ഡി) പുതുക്കിയ പലിശനിരക്ക്. കഴിഞ്ഞപാദത്തില്‍ 5.8 ശതമാനമായിരുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിക്ഷേപത്തിന്റെ (സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം) പലിശ 8ല്‍ നിന്ന് 8.2 ശതമാനമാക്കി. നാഷണല്‍ സേവിംഗ്‌സ് സ്‌കീമിന്റെ പലിശ 7ല്‍ നിന്ന് 7.7 ശതമാനമായി. പ്രതിമാസ വരുമാന പദ്ധതിക്ക് (മന്ത്‌ലി സേവിംഗ്‌സ് സ്‌കീം) 7.4 ശതമാനം പലിശ ലഭിക്കും, കഴിഞ്ഞ പാദത്തില്‍ 7.1 ശതമാനമായിരുന്നു.

സുകന്യ സമൃദ്ധിക്കും നേട്ടം

പെണ്‍കുട്ടികള്‍ക്കായുള്ള സുകന്യ സമൃദ്ധി യോജനയുടെ പലിശ 7.6 ശതമാനത്തില്‍ നിന്നുയര്‍ത്തി 8 ശതമാനമാക്കി. 11 പാദങ്ങള്‍ക്ക് ശേഷമാണ് സുകന്യ സമൃദ്ധിയില്‍ പലിശ കൂടുന്നത്. കിസാന്‍ വികാസ് പത്രയുടെ പലിശ 7.2ല്‍ നിന്ന് 7.5 ശതമാനമായും പുതുക്കിയിട്ടുണ്ട്. അതേസമയം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (7.1 ശതമാനം), സേവിംഗ്‌സ് നിക്ഷേപം (4 ശഥമാനം) എന്നിവയില്‍ മാറ്റമില്ല.

40 കോടി പേര്‍ക്ക് നേട്ടം

രാജ്യത്ത് 40 കോടിയോളം പേര്‍ ലഘു സമ്പാദ്യ നിക്ഷേപ പദ്ധതികളില്‍ അംഗമാണെന്നാണ് കണക്ക്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അദ്ധ്യക്ഷനായ പണനയ സമിതി (എം.പി.സി) റീപ്പോ നിരക്ക് കൂട്ടിയതിന് ആനുപാതികമായാണ് ലഘു സമ്പാദ്യങ്ങളുടെയും പലിശനിരക്ക് കൂട്ടാന്‍ കേന്ദ്രം തയ്യാറായയത്. ഏപ്രിലിലെ പണനയത്തിലും റിസര്‍വ് ബാങ്ക് റീപ്പോ നിരക്ക് കൂട്ടുമെന്നാണ് സൂചനകള്‍.

കൂടുന്ന നിക്ഷേപം

കേന്ദ്രസര്‍ക്കാര്‍ 2021-22ല്‍ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് നിക്ഷേപത്തിലൂടെ മാത്രം സമാഹരിച്ചത് 4.45 ലക്ഷം കോടി രൂപയാണ്. 83,500 കോടി രൂപ ആര്‍.ഡി വഴിയെത്തി. മന്ത്‌ലി ഇന്‍കം അക്കൗണ്ടിലൂടെ ലഭിച്ചത് 53,700 കോടി രൂപ. നാഷണല്‍ സേവിംഗ്‌സ് സ്‌കീമിലൂടെ 40,000 കോടി രൂപയും ടൈം നിക്ഷേപങ്ങളിലൂടെ 1.44 ലക്ഷം കോടി രൂപയും പി.പി.എഫിലൂടെ 21,000 കോടി രൂപയും നേടി. സീനിയര്‍ സിറ്റിസണ്‍ സ്‌കീമിലൂടെ ലഭിച്ചത് 32,500 കോടി രൂപ. കിസാന്‍ വികാസ് പത്രയില്‍ 32,000 കോടി രൂപയും സുകന്യ സമൃദ്ധിയില്‍ 24,000 കോടി രൂപയുമെത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com