ഡിസ്‌നിയുടെ ഇന്ത്യയിലെ ഒ.ടി.ടി, ടി.വി ബിസിനസ് ബ്ലാക്ക്സ്റ്റോണ്‍ സ്വന്തമാക്കിയേക്കും

ഡിസ്‌നിയുടെ ഇന്ത്യയിലെ സ്ട്രീമിംഗ്, ടെലിവിഷന്‍ ബിസിനസുകള്‍ ഉള്‍പ്പെടെയുള്ള മീഡിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ വാള്‍ട്ട് ഡിസ്നിയുമായി ചര്‍ച്ചകള്‍ ആരംഭിച്ച് ലോകത്തിലെ ഏറ്റവും വലിയ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളിലൊന്നായ ബ്ലാക്ക്സ്റ്റോണ്‍.

സ്പോര്‍ട്സ് പ്രോപ്പര്‍ട്ടികള്‍, മീഡിയ റൈറ്റ്സ്, ഡിസ്നി+ ഹോട്ട്സ്റ്റാര്‍ സ്ട്രീമിംഗ് സേവനം തുടങ്ങിയ ആസ്തികള്‍ ഉള്‍പ്പെടുന്ന ഭാഗിക ബിസിനസ് പാക്കേജ് അല്ലെങ്കില്‍ ഓവര്‍-ദി-ടോപ്പ് (OTT) സേവനങ്ങള്‍, ടാറ്റ പ്ലേയില്‍ (മുമ്പ് ടാറ്റ സ്‌കൈ) 30% ഓഹരി, സ്റ്റാര്‍ ഇന്ത്യ ടിവി നെറ്റ്‌വർക്ക് എന്നിവയും ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണ്ണ പാക്കേജ് ബ്ലാക്ക്സ്റ്റോണ്‍ വാങ്ങിയേക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം വാള്‍ട്ട് ഡിസ്നി ഇന്ത്യയിലെ ആസ്തികള്‍ പലതും വില്‍ക്കാനുള്ള ശ്രമങ്ങളിലാണെന്നും ഗൗതം അദാനി, കലാനിധി മാരന്‍ എന്നിവരുള്‍പ്പെടെ ഇന്ത്യയിലെ സ്ട്രീമിംഗ്, ടെലിവിഷന്‍ ബിസിനസ് പ്രമുഖരുമായി ഡിസ്‌നി കമ്പനി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

READ ALSO: അംബാനിയെ പേടിച്ച് ഡിസ്‌നി; ഇന്ത്യയിലെ അവകാശം അദാനിയോ സണ്‍ ടിവിയോ സ്വന്തമാക്കുമോ?

ഇന്ത്യയിലെ ബിസിനസില്‍ മാത്രമോ

ബ്ലാക്ക്സ്റ്റോണ്‍ വാള്‍ട്ട് ഡിസ്നിയുടെ ഇന്ത്യയിലെ ബിസിനസില്‍ മാത്രമാണോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അതോ അവരുടെ ആഗോള തലത്തിലുള്ള ബിസിനസുകള്‍ ഏറ്റെടുക്കുമോ എന്നത് വ്യക്തമല്ല. ആഗോളതലത്തില്‍ വരുമാനത്തില്‍ കുറവ്, കടം, മോശം പ്രകടനം നടത്തുന്ന സിനിമകള്‍, ഹോളിവുഡ് എഴുത്തുകാരുമായുള്ള തൊഴില്‍ തര്‍ക്കങ്ങള്‍, പിരിച്ചുവിടലുകള്‍, ഓഹരി വില കുറയുന്നത് തുടങ്ങി വിവിധ സാമ്പത്തിക വെല്ലുവിളികള്‍ ഡിസ്‌നി അഭിമുഖീകരിക്കുന്നുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it