ബ്രോഡ്ബാന്‍ഡിലും മുന്നേറി ജിയോ; തിരിച്ചുകയറാന്‍ ബി.എസ്.എന്‍.എല്‍

വീടുകളിലും മറ്റും അതിവേഗ ബ്രോഡ്ബാന്‍ഡ് (BROADBAND) ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുന്നതില്‍ പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്ലിനുണ്ടായിരുന്ന മേധാവിത്തം ഇപ്പോള്‍ സ്വകാര്യ കമ്പനികള്‍ക്ക് സ്വന്തം. വന്‍തോതില്‍ നിക്ഷേപം നടത്തി അത്യാധുനിക സൗകര്യങ്ങളോടെ സ്വകാര്യ കമ്പനികള്‍ സേവനം വിപുലീകരിക്കുമ്പോള്‍ ഇതിന് സാധിക്കാത്തതാണ് ബി.എസ്.എന്‍.എല്ലിന് തിരിച്ചടിയാകുന്നത്.

ഫൈബര്‍-ടു-ദ-ഹോം (എഫ്.ടി.ടി.എച്ച്/FTTH) ശ്രേണിയില്‍ 2023 ഫെബ്രുവരി വരെയുള്ള കണക്കുപ്രകാരം ബി.എസ്.എന്‍.എല്ലിനുള്ളത് 35.4 ലക്ഷം വരിക്കാരാണ്. റിലയന്‍സ് ജിയോയ്ക്ക് 80.2 ലക്ഷമാണ് വരിക്കാര്‍. രണ്ടാമതുള്ള എയര്‍ടെല്ലിന് 59.8 ലക്ഷം പേരും ഉപയോക്താക്കളായുണ്ട്. 2019 ഡിസംബറില്‍ ജിയോയ്ക്ക് വെറും 8 ലക്ഷം ഉപയോക്താക്കളുണ്ടായിരുന്നപ്പോള്‍ ബി.എസ്.എന്‍.എല്ലിനൊപ്പം 83.9 ലക്ഷം പേരുണ്ടായിരുന്നു. എയര്‍ടെല്‍ ഉപയോക്താക്കള്‍ അന്ന് 24.2 ലക്ഷം പേരായിരുന്നു. ജിയോഫൈബര്‍ വിപണിയിലെത്തി രണ്ടുവര്‍ഷത്തിന് ശേഷം, 2021 നവംബറില്‍ ബി.എസ്.എന്‍.എല്ലിന് ഒന്നാംസ്ഥാനം നഷ്ടപ്പെടുകയായിരുന്നു.
വയര്‍ലൈനിലും തളര്‍ച്ച
ലാന്‍ഡ്‌ലൈന്‍ ഫോണിനൊപ്പം ഇന്റര്‍നെറ്റ് കണക്ഷനും ലഭ്യമാക്കുന്ന വയര്‍ലൈന്‍ ഇന്റര്‍നെറ്റ് ശ്രേണിയില്‍ കഴിഞ്ഞ ഫെബ്രുവരിയിലെ കണക്കുപ്രകാരം ബി.എസ്.എന്‍.എല്ലിനുള്ളത് 70 ലക്ഷം ഉപയോക്താക്കള്‍. ബി.എസ്.എന്‍.എലിനു അപ്രമാദിത്തമുണ്ടായിരുന്ന ഈ ശ്രേണിയിലും 88 ലക്ഷം ഉപയോക്താക്കളുമായി ജിയോയ്ക്കാണ് ഇപ്പോള്‍ മുന്‍തൂക്കം. എയര്‍ടെല്‍ ഉപയോക്താക്കള്‍ 70 ലക്ഷം പേര്‍.
തിരിച്ചുവരവിന് ശ്രമം; ലക്ഷ്യം 4 കോടി ഉപയോക്താക്കള്‍
അടുത്ത നാല് വര്‍ഷത്തിനകം നാല് കോടി വീടുകളിലേക്ക് ഫൈബര്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എത്തിക്കാന്‍ ബി.എസ്.എന്‍.എല്‍ ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ കമ്പനിക്ക് ഏറ്റവുമധികം വരുമാനം ലഭ്യമാക്കുന്ന സംസ്ഥാനം കേരളമാണ്. തമിഴ്‌നാട്, കര്‍ണാടക, പഞ്ചാബ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍ എന്നിവയും കേരളത്തിന് പുറമേ ബി.എസ്.എന്‍.എല്ലിന്റെ മികച്ച വിപണികളാണ്.
നിലവില്‍ 30 ശതമാനത്തിലധികം ഡിസ്‌കണക്ഷന്‍ റേറ്റുള്ള സര്‍ക്കിളുകളിലെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കാണാന്‍ അതത് സര്‍ക്കിള്‍ മേധാവികള്‍ക്ക് ബി.എസ്.എന്‍.എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി.കെ. പുര്‍വാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it