സോഫ്റ്റ്‌വെയര്‍ കയറ്റുമതിയില്‍ ₹2 ലക്ഷം കോടി കടന്ന്‌ കൊച്ചി സെസിന്റെ മുന്നേറ്റം

സോഫ്റ്റ്‌വെയര്‍/സേവന കയറ്റുമതിയില്‍ കുതിപ്പ് തുടര്‍ന്ന് കൊച്ചി പ്രത്യേക സാമ്പത്തിക മേഖല (CSEZ/ Cochin Special Economic Zone). 28 ശതമാനം വളര്‍ച്ചയോടെ 2.22 ലക്ഷം കോടി രൂപയുടെ സോഫ്റ്റ്‌വെയര്‍/സേവന കയറ്റുമതിയാണ് എറണാകുളം കാക്കനാട്ടെ കൊച്ചി സെസ് (SEZ) കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) നേടിയതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലെ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഫോര്‍ ഇ.ഒ.യു ആന്‍സ് സെസ് (ഇ.പി.സി.ഇ.എസ്/EPCES) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി. 2021-22ല്‍ കയറ്റുമതി വരുമാനം 1.73 ലക്ഷം കോടി രൂപയായിരുന്നു.

ഡോളര്‍ നിരക്കില്‍ കഴിഞ്ഞവര്‍ഷം 19 ശതമാനം വളര്‍ച്ചയും കൊച്ചി സെസ് രേഖപ്പെടുത്തി. 2021-22ലെ 2,355.2 കോടി ഡോളറില്‍ നിന്ന് 2,793.2 കോടി ഡോളറായാണ് വര്‍ദ്ധന. ഇ.പി.സി.ഇ.എസിന്റെ കണക്കുപ്രകാരം 160ലേറെ യൂണിറ്റുകളാണ് കൊച്ചി സെസിലുള്ളത്. ജീവനക്കാര്‍ 20,000ഓളവും. കൊച്ചി സെസിന് കീഴില്‍ കര്‍ണാടകയിലും യൂണിറ്റുകളുണ്ട്. കേരളം, കര്‍ണാടക എന്നിവയ്ക്ക് പുറമേ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ എക്‌സ്‌പോര്‍ട്ട് ഓറിയന്റഡ് യൂണിറ്റുകളുടെ (EOU) ലൈസന്‍സിംഗ് അതോറിറ്റിയും കൊച്ചി സെസ് ആണ്.

ബഹുദൂരം മുന്നില്‍
സോഫ്റ്റ്‌വെയര്‍ കയറ്റുമതിയില്‍ രാജ്യത്തെ മറ്റ് 6 പ്രത്യേക സാമ്പത്തിക മേഖലകളേക്കാളും (സെസ്) ബഹുദൂരം മുന്നിലാണ് കൊച്ചി സെസ് എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ചെന്നൈയിലെ മദ്രാസ് എക്‌സ്‌പോര്‍ട്ടിംഗ് പ്രോസസിംഗ് സോണ്‍ ആണ് 27 ശതമാനം വളര്‍ച്ചയോടെ 1.45 ലക്ഷം കോടി രൂപ വരുമാനം നേടി രണ്ടാമത്. മുംബയിലെ സാന്റാഗ്രൂസ് ഇലക്ട്രോണിക് എക്‌സ്‌പോര്‍ട്ട് പ്രോസസിംഗ് സോണ്‍ (എസ്.ഇ.ഇ.പി.ഇസഡ്/SEEPZ) 22 ശതമാനം വളര്‍ച്ചയോടെ 1.43 ലക്ഷം കോടി രൂപ നേടി മൂന്നാംസ്ഥാനത്താണ്.


35 ശതമാനം വളര്‍ച്ചയോടെ 1.28 ലക്ഷം കോടി രൂപയുമായി വിശാഖപട്ടണം സെസ് നാലാമതും 24 ശതമാനം വളര്‍ച്ചയോടെ 73,786.50 കോടി രൂപ നേടി നോയിഡ സെസ് അഞ്ചാമതുമാണ്. കൊല്‍ത്തയിലെ ഫാല്‍ട്ട സെസിന്റെ വരുമാനം 23,489.62 കോടി രൂപയാണ്: മുന്‍വര്‍ഷത്തേക്കാള്‍ വര്‍ദ്ധിച്ചത് 12 ശതമാനം. വരുമാനത്തില്‍ ഏഴാം സ്ഥാനത്താണെങ്കിലും വളര്‍ച്ചാനിരക്കില്‍ വന്‍ കുതിച്ചുചാട്ടം നടത്തിയത് ഗുജറാത്തിലെ കണ്ട്‌ല സെസ് ആണ്. കണ്്‌ലയുടെ വരുമാനം 128 ശതമാനം മുന്നേറി 13,689.91 കോടി രൂപയായി. 2021-22ല്‍ കണ്ട്‌ല സെസിന്റെ വരുമാനം 5,995 കോടി രൂപയായിരുന്നു.
ഏഴ് സെസുകളും കൂടി 2022-23ല്‍ ആകെ നേടിയ സോഫ്റ്റ്‌വെയര്‍/സേവന കയറ്റുമതി വരുമാനം 7.50 ലക്ഷം കോടി രൂപയാണ്. 2021-22നേക്കാള്‍ 28 ശതമാനം അധികം. ഡോളര്‍ നിരക്കില്‍ വരുമാനം 7,953.34 കോടി: വളര്‍ച്ച 27 ശതമാനം.

വാണിജ്യ കയറ്റുമതിയില്‍ പിന്നില്‍
വസ്ത്രം, എന്‍ജിനിയറിംഗ് ഉത്പന്നങ്ങള്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, ഔഷധം, കെമിക്കലുകള്‍, ജെം ആന്‍ഡ് ജുവലറി, പ്ലാസ്റ്റിക്, റബര്‍, സിന്തറ്റിക്, ഭക്ഷ്യോത്പന്നങ്ങള്‍, കാര്‍ഷികോത്പന്നങ്ങള്‍ തുടങ്ങിയവയാണ് രാജ്യത്തെ സെസുകളില്‍ നിന്ന് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. അമേരിക്ക, യു.എ.ഇ., ഹോങ്കോംഗ്, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, നെതര്‍ലന്‍ഡ്‌സ്, ടര്‍ക്കി, ചൈന, സൗദി അറേബ്യ, ബെല്‍ജിയം എന്നിവയാണ് പ്രധാന വിപണികള്‍.
കഴിഞ്ഞ സാമ്പത്തികവര്‍ഷം (2022-23) കൊച്ചി സെസില്‍ നിന്നുള്ള വാണിജ്യാധിഷ്ഠിത കയറ്റുമതി 15 ശതമാനം ഉയര്‍ന്ന് 14,688.73 കോടി രൂപയായി. വരുമാനത്തില്‍ കൊച്ചിയാണ് ഏറ്റവും പിന്നില്‍. 32 ശതമാനം വളര്‍ച്ചയോടെ 3.07 ലക്ഷം കോടി രൂപ നേടി കണ്ട്‌ലയാണ് ഒന്നാംസ്ഥാനത്ത്.


26 ശതമാനം വളര്‍ച്ചയോടെ 49,171 കോടി രൂപയുമായി വിശാഖപട്ടണം രണ്ടാമതും മൂന്ന് ശതമാനം വര്‍ദ്ധനയോടെ 41,593 കോടി രൂപ നേടി മുംബയ് എസ്.ഇ.ഇ.പി.എസ് മൂന്നാമതുമാണ്. ഒരു ശതമാനം നഷ്ടം നേരിട്ടെങ്കിലും 27,034 കോടി രൂപയുമായി ഫാല്‍ട്ട നാലാമതുണ്ട്. ചെന്നൈ സെസ് ആണ് അഞ്ചാമത്. വരുമാനം 26 ശതമാനം വര്‍ദ്ധനയോടെ 25,704 കോടി രൂപ. ആറാമതുള്ള നോയിഡയുടെ വരുമാനം 22,254.42 കോടി രൂപ. വര്‍ദ്ധന 6 ശതമാനം.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it