സിദ്ധാർത്ഥയെ കോഫീ രാജാവാക്കിയത് 'ചീബോ'യിൽ നിന്ന് കിട്ടിയ പ്രചോദനം

ഇന്ത്യയിലെ ഏറ്റവും വലിയ കോഫീ ചെയ്നിന്റെ സ്ഥാപകനും ഏഷ്യയിലെ ഏറ്റവും വലിയ കോഫീ എസ്റ്റേറ്റ് ഉടമയുമായ വി.ജി.സിദ്ധാർത്ഥയുടെ മൃതദേഹം നേത്രാവതി നദിയിൽ നിന്ന് കണ്ടെത്തി.

മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മകളുടെ ഭര്‍ത്താവുകൂടിയാണ് സിദ്ധാര്‍ഥ. അദ്ദേഹത്തിന്റേതെന്ന് കരുതുന്ന കത്തിൽ കമ്പനിയുടെ കടത്തിനെക്കുറിച്ചും നികുതി വകുപ്പിന്റെ ചൂഷണത്തെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. ഒരു സംരംഭകനെന്ന നിലയിൽ താൻ പരാജയപ്പെട്ടു എന്നാണദ്ദേഹം കത്തിൽ പറയുന്നത്. എന്നാൽ അദ്ദേഹത്തെ അടുത്തറിയുന്ന ആരും പരാജിതനായ ഒരു സംരംഭകനായി അദ്ദേഹത്തെ കാണുന്നില്ലെന്നതാണ് സത്യം.

കാപ്പിയെന്നത് കുടുംബ ബിസിനസ്

കാപ്പി വ്യവസായത്തിൽ 140 വർഷത്തെ പാരമ്പര്യമുള്ള കുടുംബത്തിലാണ് സിദ്ധാർത്ഥയുടെ ജനനം. ആർമിയിൽ ചേരാനായിരുന്നു മോഹം. പിന്നീട് പക്ഷെ മാഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം നേടി, മുംബൈയിൽ ഇൻവെസ്റ്റ്മെന്റ് ബാങ്കറായി ജോലി നോക്കി.

1984 ൽ സ്വന്തം ഇൻവെസ്റ്റ്മെന്റ്-വെൻച്വർ ക്യാപിറ്റൽ കമ്പനി -ശിവൻ സെക്യൂരിറ്റീസ്-സ്ഥാപിച്ചു. 2000-ൽ വേ ടു വെൽത്ത് സെക്യൂരിറ്റിസ് എന്ന് പേരുമാറ്റി. ഇതിൽ നിന്ന് കിട്ടിയ ലാഭം ഉപയോഗിച്ച് ചിക്കമംഗളൂരിൽ കോഫി പ്ലാന്റേഷനുകൾ വാങ്ങി. ഇന്ന് 10,000 ഏക്കറോളം പ്ലാന്റേഷൻ സിദ്ധാർഥയ്ക്കുണ്ട്.

കുടുംബത്തിന്റെ കോഫീ ബിസിനസിൽ താല്പര്യം തോന്നിത്തുടങ്ങിയത് ഈ സമയത്താണ്. 1993-ൽ അമാൽഗമേറ്റഡ് ബീൻ കമ്പനി (ABC) എന്ന കോഫീ ട്രേഡിങ്ങ് കമ്പനി രൂപീകരിച്ചു. അന്ന് ഇതിന്റെ വാർഷിക വിറ്റുവരവ് 6 കോടി രൂപയായിരുന്നു. പിന്നീടത് 2,500 കോടിയായി ഉയർന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻ കോഫീ കയറ്റുമതി സ്ഥാപനമാണ് ഇന്ന് എബിസി.

കോഫി രാജാവിലേക്കുള്ള യാത്ര

പ്രമുഖ ജർമൻ കോഫീ ചെയ്ൻ ചീബോ (Tchibo) യുടെ ഉടമകളുമായുള്ള സംഭാഷണമാണ് സ്വന്തം കോഫീ ചെയ്ൻ തുടങ്ങാൻ സിദ്ധാർത്ഥയെ പ്രേരിപ്പിച്ചത്. ശിവൻ സെക്യൂരിറ്റീസ് സ്ഥാപിതമായി ഏകദേശം 15 വർഷം കഴിഞ്ഞപ്പോഴേക്കും സിദ്ധാർത്ഥയുടെ കോഫി ബിസിനസ് കർണാടകയിൽ വേരുറപ്പിച്ചുകഴിഞ്ഞിരുന്നു. കർണാടകയിൽ ഒരു കഫേ സ്ഥാപിക്കുന്ന ആദ്യ സംരംഭകൻ സിദ്ധാർത്ഥയായിരുന്നു. 1996 ലായിരുന്നു ആദ്യ കഫേ കോഫീ ഡേ സ്ഥാപിതമായത്.

ഇന്ന് 250 നഗരങ്ങളിലായി 1740 CCD സ്റ്റോറുകളുണ്ട്. വിദേശ രാജ്യങ്ങളിൽ 18 സ്റ്റോറുകൾ. കോഫി മെഷീൻ ഇറക്കുമതിക്ക് വലിയ ചെലവ് വരുമെന്നതിനാൽ കോഫി മെഷീനുകൾ ഉണ്ടാക്കാൻ തുടങ്ങി. 2.5 ലക്ഷം രൂപ ചെലവുണ്ടാകുമായിരുന്ന സ്ഥാനത്ത്, ചെലവ് 70000–80000 രൂപ മാത്രം.

അങ്ങനെ കാപ്പിക്കുരു ഉത്പാദനവും സംസ്ക്കരണവും കയറ്റുമതിയും ഗവേഷണവും കാപ്പിപ്പൊടി വിൽപനയും കോഫി ഷോപ്പും കോഫി മെഷീനും എല്ലാം ചേർന്ന വലിയൊരു കോഫി ബിസിനസ സാമ്രാജ്യം തന്നെ സിദ്ധാർഥ സൃഷ്ടിച്ചു. 2015 യിലാണ് CCD പബ്ലിക് ആയത്. 2018 സാമ്പത്തിക വർഷത്തിൽ 1,777 കോടിയും 2019 സാമ്പത്തിക വർഷത്തിൽ 1,814 കോടി രൂപയുമായിരുന്നു സിസിഡിയുടെ വരുമാനം.

10 വർഷം മുൻപാണ് ടെക്നോളജി കമ്പനിയായ മൈൻഡ്ട്രീയിൽ സിദ്ധാർത്ഥ നിക്ഷേപം തുടങ്ങിയത്. മൈൻഡ്ട്രീയിൽ ഉണ്ടായിരുന്ന 20.41 ശതമാനം ഓഹരിയും സിദ്ധാർത്ഥ ഈയിടെ എൽ & ടിയ്ക്ക് വിറ്റിരുന്നു.

ഏതാണ്ട് 10,000 കോടിയുടെ കടം കോഫീ ഡേ ഗ്രൂപ്പിന് ഉണ്ടായിരുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ മൂന്നിലൊന്നും സിദ്ധാർത്ഥയുടെ പ്രൈവറ്റ് കമ്പനികളുടേതായിരുന്നു. കടത്തിൽ പലത്തിനും പേർസണൽ ഗ്യാരണ്ടി നിന്നിരുന്നു അദ്ദേഹം. 2017 മാർച്ചിൽ എസ് എം കൃഷ്ണ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കു കൂറുമാറിയതിനു പിന്നാലെയാണ് സിസിഡിക്ക് എതിരെ ആദായനികുതി വകുപ്പ് റെയ്ഡുകൾ ആരംഭിച്ചതെന്ന് ആരോപണവുമുണ്ട്.

കമ്പനിയുടെ ആസ്തികൾ ബാധ്യതകളേക്കാൾ കൂടുതൽ ആണെന്നും അതിനാൽ കമ്പനിയ്ക്ക് കടം വീട്ടാനാകുമെന്നും അദ്ദേഹത്തിന്റെ കത്തിൽ പറയുന്നു. വലിയ വലിയ പ്രതിബന്ധങ്ങളെ തട്ടിമാറ്റി ഒരു ബിസിനസ് സാമ്രാജ്യം പടുത്തുയത്തിയ അദ്ദേഹത്തിന്, പരാജയങ്ങൾ താങ്ങാനാവാതെ ആത്മഹത്യയിൽ അഭയം പ്രാപിക്കേണ്ടി വന്നതെന്തിനാണെന്ന ചോദ്യം ബാക്കി നിൽക്കുന്നു.

READ MORE: സി സി ഡി ഉടമ സിദ്ധാര്‍ത്ഥയുടെ കത്ത്; ആരോപണം നിഷേധിച്ച് ആദായ നികുതി വകുപ്പ്

READ MORE: ‘ഇനിയും താങ്ങാനാവില്ല, ഞാൻ പരാജയപ്പെട്ടു,’ വി.ജി സിദ്ധാര്‍ത്ഥയുടെ കത്ത് പുറത്ത്

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it