

വന്‍കിട സ്ഥാപനങ്ങളും സ്റ്റാര്‍ട്ടപ്പുകളുമെല്ലാം ഇപ്പോഴത്തെ പ്രതിസന്ധിയില്‍ തങ്ങളുടെ ഓഫീസുകള്‍ ഉപേക്ഷിക്കുന്നു. ഇതുവഴി റിയല്‍ എസ്റ്റേറ്റ് രംഗത്തെ തങ്ങളുടെ വലിയ ചെലവുകള്‍ കുറയ്ക്കുകയാണ് ലക്ഷ്യം. ഇതില്‍ സ്റ്റാര്‍ട്ടപ്പുകളാണ് മുന്നില്‍. അവര്‍ തങ്ങളുടെ വാടകയ്‌ക്കെടുത്ത ഓഫീസ് സ്‌പേസുകളും കോ-വര്‍ക്കിംഗ് സെന്ററുകളിലെ ഇടങ്ങളുമാണ് ഉപേക്ഷിക്കുന്നത്. ബിസിനസിലെ അനിശ്ചിതത്വവും ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതുമാണ് ഇതിന് കാരണം.
യൂബര്‍ ടെക്‌നോളജീസ്, സ്വിഗ്ഗ്വി, പോളിസിബസാര്‍, ഇന്‍സ്റ്റാമൊജോ, മൊബിക്വിക് തുടങ്ങിയ ശ്രദ്ധേയമായ സ്റ്റാര്‍ട്ടപ്പുകള്‍ മെട്രോ നഗരങ്ങളിലെ തങ്ങളുടെ ഓഫീസ് സ്‌പേസുകള്‍ ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
സ്വിഗ്ഗ്വി തങ്ങളുടെ ഓഫീസ് സ്‌പേസുകളുടെ എണ്ണം കുറച്ച് പലതും ഒന്നാക്കി മാറ്റുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇവര്‍ ടിയര്‍3, ടിയര്‍4 നഗരങ്ങളിലെ ഓഫീസുകള്‍ പലതും അടച്ചുകഴിഞ്ഞു. യൂബറാകട്ടെ, തങ്ങളുടെ 600 ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷം മുംബൈയിലെ ഓഫീസ് മെയില്‍ അടച്ചിരുന്നു. ഐബിഎം ഇന്ത്യയിലെ തങ്ങളുടെ ഓഫീസ് സ്‌പേസ് ഇപ്പോഴത്തേതിന്റെ പകുതിയാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മുംബൈ ഉള്‍പ്പടെയുള്ള വന്‍കിട നഗരങ്ങളില്‍ ബാങ്കുകള്‍, ഐടി കമ്പനികള്‍ തുടങ്ങിയവ വാടകച്ചെലവുകള്‍ ചുരുക്കുന്നതിനായി നഗരമധ്യത്തിലെ വാടകകൂടിയ ഓഫീസ് സ്‌പേസ് ഉപേക്ഷിച്ച് കുറഞ്ഞ വാടകയുള്ള പ്രദേശങ്ങളിലേക്ക് മാറാനും തുടങ്ങിയിട്ടുണ്ട്. വ്യാപാര, വ്യവസായ സ്ഥാപനങ്ങളുടെ വരുമാനം കുറഞ്ഞതോടെ വലിയ വാടക കൊടുത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിനാല്‍ കൊമേഴ്‌സ്യല്‍ കെട്ടിടങ്ങളുടെ വാടകയിലും ഗണ്യമായ കുറവ് വരും ദിവസങ്ങളിലുണ്ടാകും.
കേരളത്തിലും ഈ ട്രെന്‍ഡ് തുടങ്ങിയിട്ടുണ്ട്. ''കൊച്ചിയിലും തിരുവനന്തപുരത്തുമായി രണ്ട് ഓഫീസുകളാണ് ഞങ്ങള്‍ക്കുള്ളത്. അതില്‍ കൊച്ചിയിലേത് മാത്രം നാമമാത്രമായി നിലനിര്‍ത്തി ജീവനക്കാര്‍ക്ക് വര്‍ക് ഫ്രം ഹോം ഓപ്ഷന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ ഞങ്ങളുടെ ബിസിനസിനെ ബാധിച്ചിട്ടില്ലെങ്കിലും നിലവിലുള്ള പ്രോജക്റ്റുകള്‍ കഴിയുമ്പോള്‍ സ്ഥിതി എന്താകും എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.'' കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി സ്റ്റാര്‍ട്ടപ്പ് സ്ഥാപനത്തിന്റെ സാരഥി പറയുന്നു.
യഥാര്‍ത്ഥത്തില്‍ ഈ ട്രെന്‍ഡ് കൊറോണയ്ക്ക് മുമ്പേ തന്നെ തുടങ്ങിയിരുന്നുവെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായ സജി ഗോപിനാഥ് പറയുന്നു. ''ഏക്കറുകളുള്ള കാംപസില്‍ സുസജ്ജമായ ഓഫീസുമായി റിയല്‍ എസ്റ്റേറ്റ് മോഡലില്‍ ഐടി കമ്പനികള്‍ നടത്തുന്നത് ഇനി മാറും. നേരത്തെ തന്നെ ആഗോളതലത്തില്‍ കോ-വര്‍ക്കിംഗ് സ്‌പേസുകളുടെ വളര്‍ച്ചയോടെ ഈ ട്രെന്‍ഡ് ഇല്ലാതായിത്തുടങ്ങിയിരുന്നു. ഇനി സാമൂഹിക അകലം പാലിക്കേണ്ടത് ആവശ്യകതയായി മാറുകയും കൂടുതല്‍പ്പേര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനും തുടങ്ങുന്ന സാഹചര്യം ഉണ്ടാകുന്നതോടെ വലിയ ചെലവേറിയ കെട്ടിടങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെടും. ഇതുവഴി സ്ഥാപനങ്ങള്‍ക്ക് ചെലവ് വളരെയേറെ ചുരുക്കാനും സാധിക്കുന്നു.'' സജി ഗോപിനാഥ് പറയുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine