ഇ-കോമേഴ്‌സ് ബിസിനസ് ഉഷാറെന്ന് ആമസോണ്‍
രാജ്യത്തെ താല്‍ക്കാലിക സാമ്പത്തികാവസ്ഥയ്ക്കു മാത്രം ഊന്നല്‍ നല്‍കാതെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വീക്ഷണത്തോടെയാകും ഇന്ത്യയില്‍ തങ്ങള്‍ നിക്ഷേപം നടത്തുകയെന്ന് യു.എസ് ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ റീട്ടെയിലര്‍ കമ്പനി ആമസോണ്‍. ഇന്ത്യയിലെ ഇ- കോമേഴ്‌സ് വിപണിയില്‍ മാന്ദ്യമുള്ളതായി തോന്നുന്നില്ലെന്നും ആമസോണ്‍ ഇന്ത്യ മാനേജര്‍ അമിത് അഗര്‍വാള്‍ പറഞ്ഞു.
ഇപ്പോഴത്തെ 1 ബില്യണ്‍ ഡോളറില്‍ നിന്ന് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ മേഖലയിലെ വിറ്റുവരവ് 5 ബില്യണ്‍ ഡോളര്‍ ആക്കാനാണു ലക്ഷ്യമിടുന്നത്.-ആഗോളതലത്തില്‍ ആമസോണിന്റെ ഏറ്റവും വലിയ കാമ്പസ് കെട്ടിടം ഹൈദരാബാദില്‍ ആരംഭിച്ച ചടങ്ങിനു ശേഷം മാധ്യമങ്ങളോട് അമിത് അഗര്‍വാള്‍ പറഞ്ഞു.ആഭ്യന്തര വില്‍പ്പനയിലും കയറ്റുമതിയിലും ആമസോണ്‍ ഇന്ത്യ മുന്നേറ്റപാതയിലാണ്. രജിസ്റ്റര്‍ ചെയ്ത 50,000 വില്‍പ്പനക്കാരുടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ആഗോള വില്‍പ്പന പ്ലാറ്റ്‌ഫോം വഴി ആമസോണ്‍ നിലവില്‍ കൈകാര്യം ചെയ്തുവരുന്നു.
ഇന്ത്യയിലെ മൊത്തം ചില്ലറ ഉപഭോഗത്തിന്റെ വളരെ ചെറിയ വിഹിതമേ ഇ-കൊമേഴ്സ് നിറവേറ്റുന്നുള്ളൂ - 3% ല്‍ താഴെ. വളരെ ചെറുതായിരിക്കുമ്പോള്‍, വളരാന്‍ വളരെയധികം ഇടമുണ്ട് ഇ-കൊമേഴ്സിനെന്ന് അമിത് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി.