Begin typing your search above and press return to search.
റെക്കോഡില്‍ നിന്ന് താഴെയിറങ്ങി സ്വര്‍ണവില; വെള്ളി മുന്നോട്ട്
ആഭരണപ്രേമികള്‍ക്കും വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും നേരിയ ആശ്വാസവുമായി സ്വര്‍ണവില റെക്കോഡില്‍ നിന്ന് അല്‍പം താഴേക്കിറങ്ങി. ശനിയാഴ്ച (ഒക്ടോബര്‍ 28) കുറിച്ച എക്കാലത്തെയും ഉയര്‍ന്ന വിലയായ ഗ്രാമിന് 5,740 രൂപയില്‍ നിന്ന് 20 രൂപ കുറഞ്ഞ് 5,720 രൂപയിലാണ് ഇന്നത്തെ വ്യാപാരം.
പവന്‍ വില സര്‍വകാല റെക്കോഡായ 45,920 രൂപയില്‍ നിന്ന് 160 രൂപ താഴ്ന്ന് 45,760 രൂപയായി. 13 രൂപ കുറഞ്ഞ് 4,745 രൂപയിലാണ് 18 കാരറ്റ് സ്വര്‍ണത്തിന്റെ വ്യാപാരവും ഇന്ന് നടക്കുന്നത്.
എന്തുകൊണ്ട് ചാഞ്ചാട്ടം?
ഇസ്രായേല്‍-ഹമാസ് യുദ്ധം, ഓഹരി വിപണികളുടെ തളര്‍ച്ച തുടങ്ങിയ പ്രതിസന്ധികള്‍ക്കിടെ സുരക്ഷിത നിക്ഷേപമെന്ന പെരുമ ലഭിച്ചതാണ് ആഗോളതലത്തില്‍ സ്വര്‍ണവില കഴിഞ്ഞ ദിവസങ്ങളില്‍ കൂടാനിടയാക്കിയത്.
രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് കഴിഞ്ഞവാരം 2006 ഡോളര്‍ വരെ എത്തിയത് കേരളത്തിലും വില കുതിക്കാന്‍ ഇടവരുത്തി. ഇതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതും ആഭ്യന്തര വിപണിയില്‍ വിലക്കുതിപ്പുണ്ടാക്കി. രാജ്യാന്തര വില, രൂപയുടെ മൂല്യം തുടങ്ങിയവ ആഭ്യന്തര സ്വര്‍ണവിലയെ നിശ്ചയിക്കുന്ന ഘടകങ്ങളാണ്.
Also Read : ഒടുവില്‍ ഇടുക്കിക്കും ഹോള്‍മാര്‍ക്ക്; കേരളം മുഴുവന്‍ ഇനി പരിശുദ്ധ സ്വര്‍ണം
ഓഹരി വിപണികള്‍ക്ക് തളര്‍ച്ചയുണ്ടാകുമ്പോള്‍ നിക്ഷേപം പിന്‍വലിച്ച് സ്വര്‍ണത്തിലേക്ക് മാറ്റാറുണ്ട് നിക്ഷേപകര്‍. അതോടെ സ്വര്‍ണവില ഉയരും. പിന്നീട്, ഓഹരി വിപണി നേട്ടത്തിന്റെ ട്രാക്കിലാകുമ്പോള്‍ സ്വര്‍ണത്തിലെ നിക്ഷേപം പിന്‍വലിച്ച് വീണ്ടും ഓഹരികളിലേക്കും ഒഴുക്കും. അപ്പോള്‍ സ്വര്‍ണവില താഴുകയും ചെയ്യും.
നിലവില്‍, രാജ്യാന്തര വില 2001 ഡോളറിലേക്ക് നേരിയ തോതില്‍ താഴ്ന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും ഇന്ന് വില കുറഞ്ഞത്.
വെള്ളി മുന്നോട്ട്
സ്വര്‍ണവിലയുടെ ട്രെന്‍ഡിന് കടകവിരുദ്ധമായി ഇന്ന് സംസ്ഥാനത്ത് വെള്ളി വില കൂടി. സാധാരണ വെള്ളിക്ക് ഒരു രൂപ വര്‍ധിച്ച് 79 രൂപയായി. ഹോള്‍മാര്‍ക്ക് വെള്ളി വില 103 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.
ശ്രദ്ധിക്കാം ഇക്കാര്യം
പവന് ഇന്നത്തെ വില 45,760 രൂപയാണ്. എന്നാല്‍ ഈ വിലയ്ക്ക് ഒരു പവന്‍ സ്വര്‍ണാഭരണം കിട്ടില്ല. മൂന്ന് ശതമാനം ജി.എസ്.ടി., ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി, എച്ച്.യു.ഐ.ഡി (ഹോള്‍മാര്‍ക്ക്) ഫീസായ 45 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും എന്നിവയും കൂടി ചേര്‍ത്താണ് സ്വര്‍ണാഭരണത്തിന്റെ വില്‍പന വില നിശ്ചയിക്കുന്നത്.
45,760 രൂപ പവന്‍ വിലയും 1,373 രൂപ ജി.എസ്.ടിയും 53.1 രൂപ എച്ച്.യു.ഐ.ഡി ഫീസും ചേരുമ്പോള്‍ തന്നെ 47,186 രൂപയായി. ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി കൂടി ഇതോടൊപ്പം ചേര്‍ത്താല്‍ (അതായത് 2,359.30 രൂപ) മൊത്തം വില ഒരു പവന്‍ ആഭരണത്തിന് 49,545 രൂപയാകും. അതായത് പവന്റെ യഥാര്‍ത്ഥ വിലയേക്കാള്‍ 3,785 രൂപ അധികം കൈയില്‍ കരുതണം.
Next Story
Videos