ഹീറോ വിഡ v/s ഹീറോ ഇലക്ട്രിക്; വ്യത്യാസം ഇതാണ്

ഹീറോ മോട്ടോകോര്‍പിന്റെ (Hero MotoCorp) ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ (EV), വിഡ എന്ന ബ്രാന്‍ഡില്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. രണ്ട് വേരിയന്റുകളിലെത്തുന്ന Vida V1 ഡിസംബറില്‍ നിരത്തുകളിലെത്തും. എന്തുകൊണ്ടാണ് ഹീറോയ്ക്ക് പകരം വിഡ എന്ന ബ്രാന്‍ഡ് ഹീറോ മോട്ടോകോര്‍പ്പ് ഇലക്ട്രിക് സ്‌കൂട്ടറിന് നല്‍കിയത്. ഹീറോ എന്ന ബ്രാന്‍ഡിന് വേണ്ടിയാണ് മുഞ്ജാല്‍ കുടുബത്തിലെ 2 കമ്പനികള്‍ കോടതി കയറിയത്.

ആരുടേതാണ് ഹീറോ ഇലക്ട്രിക്

വിജയ് മുഞ്ജാലും മകന്‍ നവീന്‍ മുഞ്ജാലും ചേര്‍ന്ന് നടത്തുന്ന ഹീറോ ഇക്കോടെക്ക് ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനമാണ് ഹീറോ ഇലക്ട്രിക് വെഹിക്കിള്‍ പ്രൈവറ്റ് ലിമിറ്റഡ് (Hero Electric). രാജ്യത്തെ ഏറ്റവും പഴക്കമുള്ള ഇവി സ്‌കൂട്ടര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ഹീറോ ഇലക്ട്രിക്. 87000 രൂപയ്ക്ക് താഴെ വിലയുള്ള മോഡലുകളാണ് ഹീറോ വില്‍ക്കുന്നത്. 2022 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവിലെ വില്‍പ്പനയില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് ഹീറോ ഇലക്ട്രിക്.

ഹീറോ മോട്ടോകോര്‍പിന്റെ വിഡ

വിജയ് മുഞ്ചാലിന്റെ ബന്ധു പവന്‍ മുഞ്ചാലിന്റെ നേതൃത്വത്തിലുള്ള ഹീറോ മോട്ടോകോര്‍പ് ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ്. ഇവി മേഖലയില്‍ ഹീറോ ഇലക്ട്രിക്കില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് ഹീറോ മോട്ടോകോര്‍പ് സ്വീകരിച്ചത്. ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ ഇ- സ്‌കൂട്ടറുകളില്‍ വില ഏറ്റവും ഉയര്‍ന്ന മോഡലാണ് വിഡ.

വിഡ (Vida) എന്ന ബ്രാന്‍ഡിന് കീഴില്‍ Vida V1 Plus , Vida V1 Pro എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഹീറോ അവതരിപ്പിച്ചത്. വി1 പ്രൊയ്ക്ക് 1.59 ലക്ഷം രൂപയും വി1 പ്ലസിന് 1.45 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. ബംഗളൂരു, ജയ്പൂര്‍, ന്യൂഡല്‍ഹി എന്നീ നാല് നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വിഡ സ്‌കൂട്ടറുകളുടെ വില്‍പ്പന ആരംഭിക്കുന്നത്. ഇന്ത്യയുടെ മുക്കിലും മൂലയിലും വരെ ഷോറൂം ശൃംഖലയുള്ള ഹീറോ മോട്ടോകോര്‍പ് ഘട്ടംഘട്ടമായാവും ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കുന്നത്.

ബ്രാന്‍ഡിന്റെ പേരില്‍ തര്‍ക്കം

മുഞ്ജാല്‍ കുടുംബാങ്ങള്‍ തമ്മിലുള്ള 2010ലെ ധാരണപ്രകാരം ആണ് ഹീറോ ഇലക്ട്രിക് വിജയ് മൂഞ്ജാലിന്റെ കൈകളില്‍ എത്തുന്നത്. ഹീറോ മോട്ടോകോര്‍പ് ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്ന സമയത്താണ് ഹീറോ ബ്രാന്‍ഡില്‍ അവകാശം ഉന്നയിച്ചുകൊണ്ട് വിജയ് മുഞ്ജാല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഇലക്ട്രിക് വാഹനങ്ങളില്‍ ഹീറോ എന്ന പേര് ഉപയോഗിക്കാന്‍ ഹീറോ ഇലക്ട്രിക്കിന് മാത്രമാണ് അവകാശം എന്നായിരുന്നു വിജയ് മൂഞ്ജാലും സംഘവും വാദിച്ചത്. 2010ലെ കുടുംബാംഗങ്ങള്‍ തമ്മിലുള്ള കരാര്‍ പ്രകാരമായിരുന്നു ഹിറോ ഇലക്ട്രിക്ക് കേസ് നല്‍കിയത്.

തുടര്‍ന്ന് ഹീറോ മോട്ടോകോര്‍പ്പും ഹീറോ ഇലക്ട്രിക്കും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഒരു ആര്‍ബിട്രല്‍ ട്രിബ്യൂണല്‍ രൂപീകരിച്ചു. 2022 ജൂണില്‍ ട്രിബ്യൂണല്‍ ഹീറോ മോട്ടോകോര്‍പിന് അനുകൂലമായി വിധിപറഞ്ഞു. എന്നാല്‍ 2022 മാര്‍ച്ചില്‍ തന്നെ വിഡ എന്ന ബ്രാന്‍ഡ് ഹീറോ മോട്ടോകോര്‍പ് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് വിഡ എന്ന പേര് തന്നെ തുടര്‍ന്നും ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഹീറോ ഇലക്ട്രിക് മോഡലുകളില്‍ നിന്ന് വേറിട്ട് നില്‍ക്കാന്‍ വിഡ എന്ന ബ്രാന്‍ഡ് സഹായിക്കും എന്നാണ് ഹീറോ മോട്ടോകോര്‍പിന്റെ വിലയിരുത്തല്‍. അമേരിക്കന്‍ പ്രീമിയം ഇലക്ട്രിക് ബൈക്ക് കമ്പനി സീറോ മോട്ടോര്‍സൈക്കിള്‍സുമായി അടുത്തിടെ ഹിറോ മോട്ടോകോര്‍പ് സഹകരണം പ്രഖ്യാപിച്ചിരുന്നു. ഇരു കമ്പനികളും ചേര്‍ന്ന് ഇന്ത്യയില്‍ പുറത്തിറക്കുന്ന ഇലക്ട്രിക് ബൈക്കുകളും വിഡ ബ്രാന്‍ഡിലാവും എത്തുക.

Related Articles

Next Story

Videos

Share it