ഇന്ത്യൻ ടെലികോം മേഖലയിൽ അടുത്ത വാണിംഗ് ബെൽ

അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് പാപ്പര്‍ അപേക്ഷ നല്‍കിയതിന് പിന്നാലെ ഭാരതി എയർടെലിലും പ്രതിസന്ധിയുടെ സൂചനകൾ.

റേറ്റിംഗ് ഏജൻസിയായ മൂഡീസ് എയർടെല്ലിന്റെ ക്രെഡിറ്റ് റേറ്റിംഗ് 'ജങ്ക്' സ്റ്റാറ്റസിലേക്ക് തരം താഴ്ത്തി. ലാഭത്തെച്ചൊല്ലിയുള്ള അവ്യക്തതയും ഉയർന്ന കടവും പണലഭ്യതയിലുള്ള കുറവും ചൂണ്ടിക്കാണിച്ചാണ് കമ്പനിയുടെ സീനിയർ അൺസെക്വേഡ് റേറ്റിംഗ് Baa3 യിൽനിന്ന് Ba1 ആയി കുറച്ചത്. വരുന്ന മാസങ്ങളിലും ഈയവസ്ഥയ്ക്ക് മാറ്റം വരാൻ സാധ്യതയില്ലെന്നാണ് മൂഡീസ് പറഞ്ഞിരിക്കുന്നത്.

വിദേശത്തുനിന്നും കടമെടുക്കണമെങ്കിൽ ഇനി കമ്പനിയ്ക്ക് ചെലവേറും.

ഇതിനിടെ 9,500 കോടി രൂപയുടെ സ്പെക്ട്രം ചാർജ് പേയ്‌മെന്റിന് കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വൊഡാഫോൺ-ഐഡിയ ചെയർമാൻ കുമാർമംഗലം ബിർള പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു.

വരുമാനത്തിലുള്ള കുറവും വൻ നഷ്ടങ്ങളും കാരണം പ്രതിസന്ധിയിലാണ് വൊഡാഫോൺ-ഐഡിയ. സെപ്റ്റംബർ പാദത്തിൽ 4,973 കോടി രൂപയുടെ നഷ്ടമാണ് കമ്പനി റിപ്പോർട്ട് ചെയ്തത്.

ടെലികോം മേഖലയിൽ മുകേഷ് അംബാനിയുടെ ജിയോ കൊണ്ടുവന്ന വൻ ഡിസ്‌റപ്‌ഷൻ മറ്റ് കമ്പനികളുടെ ലാഭത്തെ ബാധിച്ചുവെന്നതാണ് ഒരു വസ്തുത. അതേസമയം തന്നെ പ്രതിസന്ധി നേരിടുന്ന ടെലികോം കമ്പനികൾക്ക് സ്പെക്ട്രം പേയ്‌മെന്റിൽ സർക്കാർ ഏതെങ്കിലും തരത്തിലുള്ള ഇളവുകൾ നൽകുന്നതിനോട് ജിയോ വിമുഖത കാണിക്കുന്നുമുണ്ട്.

താരിഫ് യുദ്ധവും 8 ലക്ഷം കോടി രൂപയുടെ കടവും ഇന്ത്യൻ ടെലികോം വ്യവസായത്തിന്റെ വളർച്ചയെ മുരടിപ്പിച്ചിരിക്കുന്നു.

പുതിയ ഫൈബർ നെറ്റ് വർക്കുകൾ, 5G എന്നിവയാണ് ഇനി ആകെയുള്ള പിടിവള്ളി. കമ്പനികൾക്കുള്ള ഉയർന്ന തീരുവ കുറക്കുക, സ്പെക്ട്രം, ലൈസൻസ് ഫീസ് എന്നിവ ജിഎസ്ടി പരിധിയിൽ നിന്ന് മാറ്റുക, നിലവിൽ 20% ഇറക്കുമതി തീരുവ ഈടാക്കുന്ന നെറ്റ്‌വർക്ക് ഗിയർ ഡ്യൂട്ടി-ഫ്രീ ആക്കുക എന്നിവയാണ് കമ്പനികൾ മുന്നോട്ട് വെക്കുന്ന നിർദേശങ്ങൾ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it