ടിക്കറ്റ് ഏജന്റിൽനിന്ന് എയർലൈൻ മേധാവിയിലേക്ക്; ഒടുവിൽ നിർബന്ധിത പടിയിറക്കം

ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് താൻ സ്ഥാപിച്ച കമ്പനിയിൽ നിന്ന് പടിയിറങ്ങുമ്പോൾ നരേഷ് ഗോയലിന് ഒറ്റ ആഗ്രഹമേ ഉളളൂ മനസ്സിൽ. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയർലൈൻ എന്ന പ്രതാപം ജെറ്റ് എയർവേയ്സ് തിരിച്ചുപിടിക്കണം. അതിനുവേണ്ടിയാണ് ഗോയലിന്റെ ഈ ത്യാഗവും.

ഗോയലും ഭാര്യ അനിത ഗോയലും തിങ്കളാഴ്ച്ച ജെറ്റിന്റെ ബോർഡ് അംഗത്വം രാജിവെച്ചു. ചെയർമാൻ പദവിയും ഗോയൽ ഒഴിഞ്ഞു. ഇപ്പോൾ എസ്ബിഐ നയിക്കുന്ന ബാങ്ക് കൺസോർഷ്യത്തിന്റെ നിയന്ത്രണത്തിലാണ് എയർലൈൻ.

ഒരു തരത്തിൽ പറഞ്ഞാൽ ഗോയലിന്റേത് നിർബന്ധിത പടിയിറക്കമാണ്. സ്ഥാനമൊഴിയണമെന്ന് എസ്ബിഐ ആവശ്യപ്പെട്ടതനുസരിച്ചാണ് രാജി. ജെറ്റിനെ കരകയറ്റാനുള്ള റെസ്ക്യൂ പ്ലാനിന്റെ വ്യവസ്ഥകളിൽ ഒന്നായിരുന്നു ഗോയൽ ബോർഡിൽ നിന്ന് ഒഴിവാകണമെന്നത്.

ജെറ്റ് എയർവേയ്‌സ് മേധാവിയിലേക്കുള്ള ഗോയലിന്റെ യാത്ര ആരംഭിച്ചത് 1961 ലാണ്. ഡൽഹിയിൽ ട്രാവൽ ഏജന്റായിട്ടായിരുന്നു തുടക്കം. ആ സമയത്ത് കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. 300 രൂപ മാസശമ്പളത്തോടെ അമ്മാവന്റെ ട്രാവൽ ഏജൻസിയിൽ കാഷ്യറായാണ് തൊഴിൽ ജീവിതം ആരംഭിച്ചത്. പിന്നീട് ലെബനീസ് ഇന്റർനാഷണൽ എയർലൈൻസിൽ ടിക്കറ്റിങ് ഏജന്റായി. അങ്ങനെ വിമാനക്കമ്പനികളുമായി ചേർന്നു പ്രവർത്തിച്ച് പ്രവൃത്തി പരിചയം നേടി. ലീസിംഗ് തുടങ്ങിയ കാര്യങ്ങൾ പഠിച്ചു.

1973-ൽ അദ്ദേഹം സ്വന്തമായി ജെറ്റ് എയർ എന്ന പേരിൽ ട്രാവൽ ഏജൻസി തുടങ്ങി. ഒരു എയർലൈന് സമാനമായ പേര് ട്രാവൽ ഏജൻസിക്കിട്ടതിന് ഏറെപ്പേരുടെ പരിഹാസം അദ്ദേഹത്തിന് ഏൽക്കേണ്ടി വന്നിട്ടുണ്ട്. അന്നു മനസ്സിൽ ഉറപ്പിച്ചതാണ് ഒരിക്കൽ സ്വന്തമായി ഒരു എയർലൈൻ തുടങ്ങുമെന്ന തീരുമാനം.

1991-ൽ സ്വകാര്യ എയർലൈനുകൾ ഇന്ത്യയിൽ അനുവദിക്കാത്ത സമയത്താണ് ജെറ്റ് എയർവേയ്സ് ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ ആദ്യ ഘട്ടത്തിൽ എയർ ടാക്സി സേവനമായിട്ടാണ് ബിസിനസ് തുടങ്ങിയത്. അടുത്തവർഷം നാല് വിമാനങ്ങളുമായി ജെറ്റ് ആദ്യ ഫ്ലൈറ്റ് ആരംഭിച്ചു. 1993 മേയിൽ, പല സ്വകാര്യ എയർലൈനും കടക്കെണിയിലായ സമയത്താണ്, ജെറ്റ് രണ്ട് ബോയിങ് 737-300 കൊണ്ട് പ്രവർത്തനം ഊർജ്ജിതപ്പെടുത്തിയത്. 2005 മാർച്ചിൽ, കാപിറ്റൽ മാർക്കറ്റിൽ പ്രവേശിച്ചു.

2005 ജനുവരിയിൽ 500 മില്യൺ ഡോളറിന് ഗോയൽ എയർ സഹാറ വാങ്ങി. 2007 ഏപ്രിൽ 16ന് എയർ സഹാറയെ ജെറ്റ് ലൈറ്റ് എന്ന് പേരുമാറ്റി.

2013 നവംബറിൽ എത്തിഹാദ് ജെറ്റിൽ 24 ശതമാനം ഓഹരി വാങ്ങി. ഗോയൽ തന്റെ 51 ശതമാനം ഓഹരി നിലനിർത്തുകയും ചെയ്തു. 2018 നവംബർ ആയപ്പോഴേക്കും തുടർച്ചയായ മൂന്ന് പാദങ്ങളിൽ നഷ്ടം രേഖപ്പെടുത്തി കമ്പനി സാമ്പത്തിക പ്രതിസന്ധി മണുത്തറിഞ്ഞു തുടങ്ങി. പിന്നാലെ കമ്പനിയുടെ സ്വതന്ത്ര ഡയറക്ടറായ രഞ്ജൻ മത്തായി രാജിവെച്ചു. 2019 ജാനുവരിയിൽ കമ്പനി വായ്പാ തിരിച്ചടവ് മുടക്കിയതോടെയാണ് ബാങ്കുകൾ പിടിമുറുക്കുന്നത്.

ബാങ്കുകളും വാണിജ്യ പങ്കാളിയായ ഇത്തിഹാദും നരേഷ്‌ഗോയൽ ചെയർമാൻ പദവിയിൽനിന്ന് മാറണമെന്ന് നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നു. മാർച്ച് 31-നുള്ളിൽ വായ്പകുടിശ്ശികയിൽ 1700 കോടി രൂപ തിരിച്ചടയ്ക്കണമെന്ന വെല്ലുവിളിയും കമ്പനിക്ക് മുന്നിലുണ്ട്.

എന്നാൽ ഇതൊന്നിന്റെയും അവസാനമല്ലെന്നും, ജെറ്റിന്റെ അധ്യായത്തിൽ ഒരു പുതിയ തുടക്കമാണെന്നും 22,000 ജീവക്കാർക്കെഴുതിയ കത്തിൽ നരേഷ് ഗോയൽ പറയുന്നു. എന്തായാലും ഗോയലിന്റെ രാജിയിലൂടെ ഇന്ത്യയുടെ വ്യോമയാന വ്യവസായത്തിലെ ഒരു യുഗമാണ് അവസാനിക്കുന്നത്.

Related Articles
Next Story
Videos
Share it