

കുട്ടികള്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്ന ടാല്‍ക് പൗഡറുകള്‍ (Talc Powder) നിര്‍മ്മിക്കുന്ന പ്രമുഖ അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വീണ്ടും പാപ്പരത്ത നടപടികളിലേക്ക് കടക്കുന്നു. കമ്പനിയുടെ ടാല്‍കം പൗഡർ ഉപയോഗിച്ചത് മൂലം കാൻസർ ബാധിച്ചുവെന്ന് കാട്ടി നിരവധി പേരാണ് കേസുകൾ നൽകിയിട്ടുള്ളത്. ആകെ ഏകദേശം 51,000 കേസുകൾ സമാന ആരോപണത്തിൽ കമ്പനി നേരിടുന്നുണ്ട്.
ഈ കേസുകളിൽ നഷ്ടപരിഹാരം നൽകുന്ന ബാധ്യത കുറയ്ക്കാനും കേസുകളുടെ തുടർ നടപടികൾ മരവിപ്പിക്കാനും ലക്ഷ്യമിട്ടാണ് പാപ്പർ ഹർജി നൽകാനുള്ള നീക്കം. ജോണ്‍സണ്‍ ആന്‍ഡ് ജോൺസണിന്റെ ഉപസ്ഥാപനവും ബേബി പൗഡറുകളിലെ ടാല്‍ക്, സമാന ഉത്പന്നങ്ങള്‍ എന്നിവ സംബന്ധിച്ച നിയമപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന കമ്പനിയുമായ എല്‍.ടി.എല്‍ മാനേജ്‌മെന്റാണ് പാപ്പര്‍ ഹര്‍ജിയുമായി നീങ്ങുന്നത്.
നഷ്ടപരിഹാരം കുറയ്ക്കാൻ പാപ്പർ തന്ത്രം!
ഇതിനുമുമ്പും എല്‍.ടി.എല്‍ മാനേജ്‌മന്റ് കമ്പനി പാപ്പര്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും അവയെല്ലാം കോടതികള്‍ തള്ളിയിരുന്നു. ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ ജൂലൈയിലും ഹർജി സമർപ്പിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. മൂന്നാംതവണയാണ് കമ്പനി വീണ്ടും പാപ്പര്‍ ഹര്‍ജിയിലേക്ക് കടക്കുന്നത്.
കേസുകൾ ഒഴിവാക്കിയുള്ള ഒത്തുതീർപ്പുകൾക്കായി 890 കോടി ഡോളര്‍ (ഏകദേശം 74,000 കോടി രൂപ) നീക്കിവയ്ക്കാമെന്ന് കമ്പനി നേരത്തെ കോടതികളെ അറിയിച്ചിരുന്നു. ഇതും കോടതി നിരാകരിച്ചിരുന്നു. ഈ പ്രൊപ്പോസല്‍ നടപ്പാക്കി എടുക്കുകയും ലക്ഷ്യമിട്ടുള്ളതാണ് പുതിയ പാപ്പര്‍ ഹര്‍ജി (ചാപ്റ്റര്‍ 11 ബാങ്ക്‌റപ്റ്റ്‌സി).
ചാപ്റ്റര്‍ 11 ബാങ്ക്‌റപ്റ്റ്‌സി പരിഗണിച്ചാല്‍ ഉപയോക്താക്കളുടെ നഷ്ടപരിഹാരം കുറയ്ക്കുകയോ പരിധി നിശ്ചയിക്കുകയോ ചെയ്യാനാകും. അല്ലാത്തപക്ഷം, നഷ്ടപരിഹാരം നിശ്ചയിക്കുക വിചാരണയിലൂടെ കോടതിയായിരിക്കും. ബ്ലൂംബെര്‍ഗ് ഡേറ്റ പ്രകാരം 2016 മുതല്‍ ടാല്‍കുമായി ബന്ധപ്പെട്ടു കുറഞ്ഞത് 57 കോടി ഡോളറിന്റെ (4,700 കോടി രൂപ) ആരോപണങ്ങൾ കമ്പനി നേരിട്ടിട്ടുണ്ട്. കുറഞ്ഞത് 250 കോടി ഡോളര്‍ (21,000 കോടി രൂപ) സെറ്റില്‍മെന്റുകളായി നല്‍കുകയും ചെയ്തിട്ടുണ്ട്.
ടാല്‍ക് പൗഡറില്‍ കാന്‍സറിന് കാരണമാകുന്ന ആസ്ബറ്റോസിന്റെ അംശം അടങ്ങിയിട്ടുണ്ടെന്ന് കമ്പനി എക്‌സിക്യൂട്ടീവുകള്‍ക്ക് 1970കളുടെ തുടക്കം മുതല്‍ തന്നെ അറിയാമായിരുന്നെങ്കിലും പൊതുജനങ്ങളെയോ റെഗുലേറ്റര്‍മാരെയോ അവര്‍ അറിയിച്ചിരുന്നില്ലെന്നാണ് പരാതിക്കാരുടെ വാദം. അതേസമയം എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനി വാദിക്കുന്നു.
ടാല്‍ക് സുരക്ഷിതമാണെന്നും ആസ്ബറ്റോസ് അടങ്ങിയിട്ടില്ലെന്നും ക്യാന്‍സറിന് കാരണമാകില്ലെന്നും ലോകമെമ്പാടുമുള്ള സ്വതന്ത്ര മെഡിക്കല്‍ വിദഗ്ധരുടെ 40 വര്‍ഷത്തിലേറെ നീണ്ട പഠനങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നും കമ്പനി പറയുന്നു.
വിപണിയിൽ നിന്ന് ഒഴിവാക്കുന്നു
2020ല്‍ അമേരിക്ക, കാനഡ വിപണികളില്‍ നിന്ന് കമ്പനി ടാല്‍ക് അധിഷ്ഠിത ഉത്പന്നങ്ങള്‍ പിന്‍വലിച്ചിരുന്നു. വില്‍പന ഇടിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അത്. പിന്നീട്, ഈ ഉത്പന്നങ്ങളില്‍ ടാല്‍കിന് പകരം കോണ്‍സ്റ്റാര്‍ച് ഉൾപ്പെടുത്തി വീണ്ടും പുറത്തിറക്കി. ഈ വര്‍ഷം അവസാനത്തോടെ ആഗോള വിപണികളില്‍ നിന്നുതന്നെ ടാല്‍കം അധിഷ്ഠിത ഉത്പന്നങ്ങള്‍ ഒഴിവാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine