'യുദ്ധം അവസാനിക്കുംവരെ ഇസ്രായേല്‍ സൈന്യത്തിന് യൂണിഫോം നൽകില്ല'; പുതിയ ഓർഡറുകൾ ഏറ്റെടുക്കാതെ മലയാളി കമ്പനി

''ഇസ്രായേല്‍-ഹമാസ് യുദ്ധമുഖത്ത് നിന്നുള്ള വാര്‍ത്തകള്‍ വേദനാജനകമാണ്. ന്യായം ആരുടെ ഭാഗത്താണെങ്കിലും അക്രമങ്ങള്‍ക്ക് കൂട്ടു നില്‍ക്കില്ല, യുദ്ധം അവസാനിക്കുന്നത് വരെ ഇസ്രായേല്‍ പോലീസിന് യൂണിഫോം നല്‍കില്ല.'' തീരുമാനം അറിയിച്ച് മരിയന്‍ അപ്പാരല്‍ സാരഥി തോമസ് ഓലിക്കല്‍.

പുതിയ ഓര്‍ഡറുകള്‍ ഉടനെടുക്കില്ലെന്നും കരാര്‍ പ്രകാരമുള്ളവ മാത്രമാണ് ഇപ്പോള്‍ നിര്‍മിച്ച് നല്‍കിയിട്ടുള്ളതെന്നും കമ്പനി വ്യക്തമാക്കി. 2012 മുതല്‍ മരിയന്‍ അപ്പാരൽ ഇസ്രായേലി പോലീസുകാർക്കായി യൂണിഫോം നിര്‍മിച്ച് നല്‍കുന്നതാണ്. ഒരു ലക്ഷം യൂണിഫോം നേരത്തെയുള്ള ഓര്‍ഡറില്‍ ചെയ്ത് കൊടുത്ത് ഡെലിവറി പൂര്‍ത്തിയാകാറായി. ഒരു ലക്ഷത്തിന് കൂടി പുതിയ അന്വേഷണം ഉണ്ടായെങ്കിലും ഉടന്‍ ഉല്‍പ്പാദനമുണ്ടാകില്ല. യുദ്ധം അവസാനിച്ച് സമാധാനം പുനഃസ്ഥാപിച്ചാല്‍ മാത്രമേ പുതിയ ഓര്‍ഡറുകളെക്കുറിച്ച് ചിന്തിക്കുകയുള്ളുവെന്നും കമ്പനി നിലപാടറിയിച്ചു.

മരിയൻ അപ്പാരൽ


ഇസ്രായേല്‍ പോലീസിനു മാത്രമല്ല ഫിലപ്പീന്‍ ആര്‍മി, ഖത്തര്‍ എയര്‍ഫോഴ്‌സ് എന്നിവരെല്ലാം അണിയുന്ന യൂണിഫോമിന് പിന്നില്‍ ഈ വസ്ത്ര നിര്‍മാണ കമ്പനിയുടെ സാന്നിധ്യമുണ്ട്.

തൊടുപുഴ സ്വദേശി തോമസ് ഓലിക്കല്‍ നേതൃത്വം നൽകുന്ന കമ്പനി മുംബൈ ആസ്ഥാനമായിട്ടാണ് പ്രവര്‍ത്തനങ്ങളെല്ലാം നിയന്ത്രിക്കുന്നതെങ്കിലും 2008 മുതല്‍ കണ്ണൂര്‍ കൂത്തുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മാണ യൂണിറ്റിലാണ് യൂണിഫോമുകളെല്ലാം നിര്‍മിക്കുന്നതും പായ്ക്ക് ചെയ്യുന്നതും. ഉന്നത ഗുണ നിലവാരമുറപ്പിക്കാനായി പ്രത്യേകം റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ടീമും മരിയന്‍ അപ്പാരലിൽ ഉണ്ട്.

മിഡില്‍ ഈസ്റ്റിലെ പല സ്‌കൂളുകള്‍ക്കും യൂണിഫോമുകള്‍, ആശുപത്രികളിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കുള്ള യൂണിഫോമുകള്‍, വിദേശ രാജ്യങ്ങളിലേക്കുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വസ്ത്രങ്ങള്‍, കോട്ടുകള്‍ തുടങ്ങിയവയാണ് കമ്പനിയുടെ മറ്റ് പ്രധാന ഉല്‍പ്പന്നങ്ങള്‍.

Read More : ഇസ്രായേല്‍ യുദ്ധ ഭൂമിയിലെ പോലീസുകാര്‍ അണിയുന്നത് കണ്ണൂരിലെ ഈ സംരംഭം നിര്‍മിച്ച യൂണിഫോം

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it