പൈലറ്റില്ല, ഇനിയും സർവീസുകൾ വെട്ടിക്കുറയ്ക്കും; പ്രതിദിനം 25-30 വിമാനങ്ങള്‍ റദ്ദാക്കാന്‍ വിസ്താര!

പൈലറ്റുമാരുടെ അഭാവം മൂലം വെട്ടിലായതോടെ പത്ത് ശതമാനം വിമാനങ്ങള്‍ കൂടി റദ്ദാക്കാന്‍ പ്രമുഖ വിമാന കമ്പനിയായ വിസ്താര. ഇതിന്റെ ഭാഗമായി പ്രതിദിനം 25-30 വിമാനങ്ങള്‍ റദ്ദാക്കുമെന്ന് കമ്പനി അറിയിച്ചു. ഏപ്രിലില്‍ ഇതിനോടകം 150ലേറെ വിമാനങ്ങള്‍ കമ്പനി റദ്ദാക്കിയിരുന്നു. പ്രതിദിനം 350 ഓളം വിമാന സര്‍വീസുകളാണ് എയര്‍ലൈന്‍ നടത്തുന്നത്.

ശൈത്യകാലത്തെ അപേക്ഷിച്ച് ഈ വേനല്‍ക്കാലത്ത് ആഴ്ചയില്‍ 22 ശതമാനം കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ എയര്‍ലൈന്‍സിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) അനുമതി ലഭിച്ചിരുന്നു. എന്നാല്‍ പൈലറ്റുമാരുടെ അഭാവത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 150ലേറെ വിമാനങ്ങള്‍ റദ്ദാക്കാന്‍ വിസ്താര നിര്‍ബന്ധിതരായി.

റദ്ദാക്കില്ലെന്ന ഉറപ്പിന് പിന്നാലെ

സര്‍വീസുകള്‍ നിറുത്തുന്നത് അവസാന നിമിഷമാണ് കമ്പനി യാത്രക്കാരെ അറിയിച്ചിരുന്നത്. ഇതോടെ കമ്പനിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ (ഇന്ന് മുതല്‍) എല്ലാ സർവീസുകളും നടത്തുമെന്നും വിമാനങ്ങള്‍ റദ്ദാക്കില്ലെന്നും കഴിഞ്ഞയാഴ്ച യാത്രക്കാര്‍ക്ക് കമ്പനിയുടെ സി.ഇ.ഒ വിനോദ് കണ്ണന്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇനിയും വിമാനങ്ങള്‍ റദ്ദാക്കുമെന്ന് കമ്പനി നിലവില്‍ അറിയിച്ചിരിക്കുന്നത്.

എയര്‍ ഇന്ത്യയുമായുള്ള ലയനത്തിന് മുന്നോടിയായി ഫെബ്രുവരി പകുതിയോടെ പൈലറ്റുമാര്‍ക്ക് പുതിയ ശമ്പള ഘടന എയര്‍ലൈന്‍ പ്രഖ്യാപിച്ചിരുന്നു. പൈലറ്റുമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും ആനുകൂല്യങ്ങള്‍ പലതും അവസാനിപ്പിക്കാനും മാനേജ്മെന്റ് തീരുമാനിച്ചു. ജീവനക്കാരുടെ സംഘടനകളുമായി കൂടിയാലോചന നടത്താതെയായിരുന്നു പുതിയ പരിഷ്‌കാരം. ഇതില്‍ കടുത്ത അതൃപ്തിയാണ് പൈലറ്റുമാര്‍ക്ക് ഉണ്ടായത്.

Read also: വിസ്താര പ്രശ്‌നങ്ങളുടെ 'ആകാശക്കടലില്‍'; പൈലറ്റുമാര്‍ക്ക് പിന്തുണയുമായി എയര്‍ ഇന്ത്യ ജീവനക്കാരും

തുടര്‍ന്ന് ഒട്ടേറെ പൈലറ്റുമാര്‍ പ്രതിഷേധ അവധിയില്‍ പോയതോടെ കമ്പനി പ്രതിസന്ധിയിലായി. പിന്നാലെയാാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ തുടങ്ങിയത്. ചര്‍ച്ചകളിലൂടെ എത്രയും പെട്ടെന്ന് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യന്‍ പൈലറ്റ്സ് ഗില്‍ഡും (ബോയിംഗ് പൈലറ്റ് അസോസിയേഷന്‍), ഇന്ത്യന്‍ കൊമേഴ്സ്യല്‍ പൈലറ്റ്സ് ഗില്‍ഡും (എയര്‍ബസ് പൈലറ്റ്സ് യൂണിയന്‍) രംഗത്തുവന്നിരുന്നു. വിമാനങ്ങളുടെ ഇത്തരത്തിലുള്ള റദ്ദാക്കല്‍ ടിക്കറ്റ് നിരക്ക് വര്‍ധനയ്ക്ക് കാരണമായേക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it