നറുക്കെടുപ്പിന് ഇനി വെറും 4 നാള്‍; തിരുവോണം ബമ്പറിന് ഗംഭീര വില്‍പന

ഒന്നാം സമ്മാനം ₹25 കോടി; തമിഴ്, ബംഗാളി, അസാമീസ്, ഹിന്ദി ഭാഷകളിലും ലോട്ടറിക്ക് പരസ്യം, നിപ പശ്ചാത്തലത്തില്‍ നറുക്കെടുപ്പ് നീട്ടിയേക്കും
Thiruvonam Bumper Lottery
Image : statelottery.kerala.gov.in
Published on

ഒന്നാം സമ്മാനം 25 കോടി രൂപ; രണ്ടാം സമ്മാനമായി 20 പേര്‍ക്ക് ഓരോ കോടി രൂപ വീതം! ഇത്തവണത്തെ തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് വില്‍പന റെക്കോഡ് തകര്‍ത്ത് പൊടിപൊടിക്കുകയാണ്. 500 രൂപയാണ് ഒരു ടിക്കറ്റിന്റെ വിലയെങ്കിലും അത് വില്‍പനയെ ബാധിച്ചിട്ടേയില്ല.

സെപ്റ്റംബര്‍ 14ന് വൈകിട്ട് വരെയുള്ള കണക്കുപ്രകാരം മാത്രം ഇത്തവണത്തെ തിരുവോണം ബമ്പറിന്റെ 67.31 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞുവെന്ന് ലോട്ടറി വകുപ്പ് അധികൃതര്‍ ധനംഓണ്‍ലൈന്‍.കോമിനോട് പറഞ്ഞു. ഇത് റെക്കോഡാണ്. ഇന്നത്തെ പ്രാഥമിക വിലയിരുത്തല്‍ പ്രകാരം വില്‍പന 70 ലക്ഷം കവിഞ്ഞുവെന്ന് കരുതുന്നു. ജൂലൈ 27നായിരുന്നു വില്‍പന ആരംഭിച്ചത്. അന്ന് ഒറ്റദിവസം മാത്രം 4.41 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയിരുന്നു. ഇതും റെക്കോഡാണ്.

പരസ്യം ബംഗാളിയും തമിഴിലും

നാളെയാണ്.. നാളെ.. എന്ന് തുടങ്ങുന്ന ലോട്ടറിയുടെ മലയാളപ്പരസ്യം ഏവര്‍ക്കും പരിചിതമാണല്ലോ. ഇക്കുറി തിരുവോണം ബമ്പറിന് മലയാളത്തില്‍ മാത്രമല്ല ബംഗാളിയിലും അസാമീസിലും വരെ പരസ്യമുണ്ട്. ഹിന്ദിയിലും തമിഴിലുമുള്ള പരസ്യവും ലോട്ടറി വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. അന്യ സംസ്ഥാനക്കാരും വന്‍തോതില്‍ കേരള ലോട്ടറികള്‍ എടുക്കുന്നത് പരിഗണിച്ചാണിത്. ലോട്ടറി വില്‍പനക്കാരുടെ ഓഡിയോ സംവിധാനം, റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളിലാണ് അന്യഭാഷയിലെ പരസ്യവും കേള്‍ക്കാനാവുക. ആദ്യമായാണ് അന്യഭാഷകളിലും പരസ്യം അവതരിപ്പിക്കുന്നത്. തമിഴ്‌നാടിനോട് ചേര്‍ന്നുള്ള കേരളാ അതിര്‍ത്തിയില്‍ മികച്ച വില്‍പന ഓണം ബമ്പറിനുണ്ട്.

ഒരാള്‍ ഒറ്റയ്ക്ക് ടിക്കറ്റ് എടുക്കുന്നതിന് പകരം, നിരവധി പേര്‍ കൂട്ടംചേര്‍ന്ന് പിരിവിട്ടെടുക്കുന്ന ട്രെന്‍ഡും ദൃശ്യമാണ്. അടുത്തിടെ കുടുംബശ്രീ വനിതകള്‍ ചേര്‍ന്നെടുത്ത മൺസൂൺ ബമ്പർ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചിരുന്നു. 10 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം.

ആകെ സമ്മാനം ₹125.5 കോടി

ഇക്കുറി തിരുവോണം ബമ്പറിന് ആകെ 125.54 കോടി രൂപയുടെ സമ്മാനങ്ങളാണുള്ളത്. ഇതിന് ആനുപാതികമായി ആകെ 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാം. ഇതില്‍ 80 ലക്ഷം അച്ചടിച്ച് കഴിഞ്ഞു. സെപ്റ്റംബര്‍ 20 ആകുമ്പോഴേക്കും 90 ലക്ഷത്തിലേക്ക് വില്‍പന എത്തിയേക്കുമെന്ന പ്രതീക്ഷയാണ് ലോട്ടറി വകുപ്പിനുള്ളത്. ആകെ 5.34 ലക്ഷം പേരെയാണ് ഇക്കുറി തിരുവോണം ബമ്പറിന്റെ സമ്മാനങ്ങള്‍ കാത്തിരിക്കുന്നത്.

നറുക്കെടുപ്പ് തീയതി നീട്ടുമോ?

കോഴിക്കോട് ജില്ലയില്‍ ലോട്ടറി ടിക്കറ്റിന്റെ വില്‍പന മെല്ലെ കുറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ നിപ ഭീതിയിലായതാണ് ലോട്ടറി വില്‍പനയെയും ബാധിച്ചത്. നിപയുടെ പശ്ചാത്തലത്തില്‍ നറുക്കെടുപ്പ് തീയതി മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമാണ്. സമ്മർദ്ദം ശക്തമായാൽ തീയതി നീട്ടാൻ സ‌ർക്കാർ തയ്യാറാകുമെന്നാണ് സൂചനകൾ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com