കേന്ദ്രത്തിന്റെ സൂര്യഘര്‍ സോളാര്‍ സൗജന്യ വൈദ്യുത പദ്ധതിയില്‍ പണമിറക്കിയാല്‍ എന്താണ് നേട്ടം?

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പി.എം - സൂര്യഘര്‍ മുഫ്ത് ബിജ്‌ലി യോജന എന്ന സൗജന്യ വൈദ്യുതി പദ്ധതിക്ക് വന്‍ സ്വീകാര്യതയാണ് രാജ്യമെമ്പാടുനിന്നുമായി ലഭിക്കുന്നത്. രാജ്യത്തെ ഒരുകോടി വീടുകള്‍ക്ക് സോളാര്‍ശോഭയുടെ വെളിച്ചമേകുന്നത് ലക്ഷ്യമിടുന്ന പദ്ധതിയിലേക്കായി ഇതിനകം ഒരുകോടിയിലധികം പേര്‍ അപേക്ഷിച്ച് കഴിഞ്ഞു. പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭ്യമാക്കുകയാണ് ലക്ഷ്യം.
പദ്ധതിയില്‍ ചേരാനായി പണം നിക്ഷേപിച്ചാല്‍ എന്തൊക്കെ നേട്ടമാണ് ലഭിക്കുക? നമുക്ക് പരിശോധിക്കാം.
സബ്‌സിഡി നേട്ടം
പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കേണ്ട സോളാര്‍ പാനല്‍ അടക്കമുള്ള സംവിധാനങ്ങള്‍ക്ക് സബ്‌സിഡി ലഭിക്കും. പരമാവധി 3 കിലോവോട്ട് വരെ ശേഷിയുള്ള സോളാര്‍ സംവിധാനത്തിനാണ് സബ്‌സിഡി.
രണ്ട് കിലോവാട്ട് വരെ ശേഷിയുള്ളവയ്ക്ക് 60 ശതമാനം, രണ്ട് കിലോവാട്ടിന് മുകളില്‍ മൂന്ന് കിലോവാട്ട് വരെ ശേഷിയുള്ളവയ്ക്ക് 40 ശതമാനവുമാണ് സബ്‌സിഡി. അതായത് 30,000 രൂപ മുതല്‍ 78,000 രൂപവരെ സബ്‌സിഡി നിലവില്‍ നേടനാകും.
ലാഭിക്കാം 15,000 രൂപയോളം
മാസം 300 യൂണിറ്റ് വൈദ്യുതി 3 കിലോവാട്ട് ശേഷിയുള്ള സോളാര്‍ സംവിധാനം വഴി ഉപയോഗിക്കുന്ന കുടുംബങ്ങള്‍ക്ക് പി.എം - സൂര്യഘര്‍ മുഫ്ത് ബിജ്‌ലി യോജന പ്രകാരം ശരാശരി 15,000 രൂപയെങ്കിലും പ്രതിവര്‍ഷം ലാഭിക്കാം. സോളാര്‍ വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ സ്വന്തം ഉപയോഗം കഴിഞ്ഞ് ശേഷിക്കുന്നത് കെ.എസ്.ഇ.ബിക്ക് വിറ്റും പണം നേടാം.
ഈടില്ലാതെ വായ്പ
പദ്ധതിക്കായി ബാങ്കുകളില്‍ നിന്ന് ഈടില്ലാതെ വായ്പയും കിട്ടും. ശരാശരി 7 ശതമാനം നിരക്കിലായിരിക്കും പലിശ. രണ്ടുലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപവരെ വായ്പ നേടാം. 10 വര്‍ഷമാണ് ശരാശരി തിരിച്ചടവ് കാലാവധി. (വായ്പ സംബന്ധിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
എങ്ങനെ പദ്ധതിയില്‍ ചേരാം?
അപേക്ഷകര്‍ ഇന്ത്യന്‍ പൗരന്മാരും രാജ്യത്ത് സ്വന്തമായി വീടുള്ളവരും ആയിരിക്കണം. വീടിന്റെ മേല്‍ക്കൂര സോളാര്‍ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ പറ്റിയതുമാകണം. ഇതിന് മുമ്പ് മറ്റേതെങ്കിലും സോളാര്‍ പദ്ധതി വഴി സബ്‌സിഡി ആനുകൂല്യം നേടിയിട്ടുള്ളവര്‍ ഈ പദ്ധതിയില്‍ ചേരാന്‍ യോഗ്യരല്ല.
pmsuryaghar.gov.in എന്ന വെബ്‌സൈറ്റില്‍ അക്കൗണ്ട് തുറന്നാണ് അപേക്ഷിക്കേണ്ടത്. വെബ്‌സൈറ്റില്‍ നിന്ന് സോളാര്‍ നിര്‍മ്മാതാക്കളെയും വിതരണക്കാരെയും തിരഞ്ഞെടുക്കാം.
നടപടിക്രമങ്ങള്‍ ഇങ്ങനെ:
  • ആദ്യം വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് വൈദ്യുതി വിതരണ കമ്പനിയെ തിരഞ്ഞെടുക്കുക (കേരളത്തില്‍ കെ.എസ്.ഇ.ബി). വൈദ്യുതി കണക്ഷന്‍ നമ്പര്‍ (കണ്‍സ്യൂമര്‍ നമ്പര്‍), മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ നല്‍കണം.
  • തുടര്‍ന്ന് കണ്‍സ്യൂമര്‍ നമ്പറും മൊബൈല്‍ നമ്പറും നല്‍കി ലോഗിന്‍ ചെയ്യണം. ശേഷം കാണുന്ന ഫോം വഴി പദ്ധതിയിലേക്കായി അപേക്ഷിക്കാം. അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍, യോഗ്യരായ വിതരണക്കാര്‍ വഴി സോളാര്‍ സംവിധാനം വീട്ടില്‍ സ്ഥാപിക്കാം.
  • സോളാര്‍ സംവിധാനം സ്ഥാപിച്ചുകഴിഞ്ഞാല്‍ അത് സംബന്ധിച്ച വിശദാംശങ്ങളും വെബ്‌സൈറ്റില്‍ സമര്‍പ്പിക്കണം. തുടര്‍ന്ന് നെറ്റ് മീറ്റര്‍ സ്ഥാപിക്കുകയും കെ.എസ്.ഇ.ബി അധികൃതരെത്തി പരിശോധിക്കുകയും ചെയ്യും. പോര്‍ട്ടലില്‍ നിന്ന് കമ്മിഷനിംഗ് സര്‍ട്ടിഫിക്കറ്റും ലഭിക്കും.
  • കമ്മിഷനിംഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ വെബ്‌സൈറ്റില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളും കാന്‍സല്‍ഡ് ചെക്കും സമര്‍പ്പിക്കണം. തുടര്‍ന്ന് 30 ദിവസത്തിനകം ബാങ്ക് അക്കൗണ്ടില്‍ സബ്‌സിഡി ലഭിക്കും.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it