റിയൽ എസ്റ്റേറ്റിൽ വിദേശ ഓണർഷിപ് അനുവദിക്കാൻ ഇന്ത്യയോട് സൗദി

ഇന്ത്യയുടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വിദേശികൾക്ക് ഓണർഷിപ് അനുവദിക്കണമെന്ന് സൗദി അറേബ്യ. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യ സന്ദർശനത്തിന് മുൻപ് സൗദി-ഇന്ത്യ ബിസിനസ് കൗൺസിൽ ചെയർമാൻ കാമിൽ അൽ-മുനാജെദ് ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്.

വിദേശീയർക്ക് ഇന്ത്യയുടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉടമസ്ഥാവകാശം അനുവദിച്ചാൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ഇന്ത്യയിലേക്കൊഴുകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, കൃഷി സ്ഥലങ്ങൾ വാങ്ങാൻ സൗദി പൗരന്മാർക്ക് അനുമതി നൽകാനായി നിയമ ഭേദഗതി വരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമപ്രശ്നങ്ങൾ മൂലം സൗദിയും ഇന്ത്യയും തങ്ങളുടെ നിക്ഷേപങ്ങളും ഡീലുകളും യുഎഇയും മൗറീഷ്യസും വഴിയാണ് ഇപ്പോൾ നടത്തുന്നത്. ഇതിൽ മാറ്റം വരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

"സൗദിയിലെ ബിസിനസുകാർ റിയൽ എസ്റ്റേറ്റിൽ പണം ചെലവഴിക്കാൻ തയ്യാറാണ്. എന്നാൽ ഇന്ത്യയിലെ നിയമങ്ങൾ നോൺ-റെസിഡന്റുകളെ സ്ഥലം വാങ്ങുന്നതിൽ നിന്നും വിലക്കുന്നു," അൽ-മുനാജെദ് ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് ഇന്ത്യയുമായി ചർച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക കണക്കനുസരിച്ച് സൗദിയിൽ 400-500 ഇന്ത്യൻ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. അനൗദ്യോഗികമായി ആയിരത്തിലധികവും. റിയാദിലെ 100,000 ഗ്രോസറികളിൽ 90 ശതമാനവും കേരളത്തിൽ നിന്നുള്ളവരാണ് നിയന്ത്രിക്കുന്നതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.

Related Articles
Next Story
Videos
Share it