Begin typing your search above and press return to search.
ലാഭക്കുതിപ്പില്‍ റിലയന്‍സിന് പിന്നിലായി രണ്ടാംസ്ഥാനത്ത് എസ്.ബി.ഐ
ഏറ്റവുമധികം ലാഭം നേടുന്ന ഇന്ത്യന്‍ കമ്പനികളുടെ പട്ടികയില്‍ രണ്ടാംസ്ഥാനത്ത് എസ്.ബി.ഐ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) 57 ശതമാനം വളര്‍ച്ചയോടെ 55,648 കോടി രൂപയുടെ ലാഭമാണ് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് സ്വന്തമാക്കിയത്. അറ്റ പലിശ വരുമാനത്തിലെ കുതിപ്പാണ് ഈ നേട്ടംകുറിക്കാന്‍ ബാങ്കിന് സഹായകമായത്. റിലയന്‍സിനെ കൂടാതെ 50,000 കോടി രൂപയ്ക്കുമേല്‍ ലാഭം നേടിയ ഏക കമ്പനിയും എസ്.ബി.ഐയാണ്.
66,702 കോടി രൂപയുടെ ലാഭമാണ് ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് രേഖപ്പെടുത്തിയത്. മൂന്നാമതുള്ള എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ലാഭം 45,997 കോടി രൂപ. രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസ് 42,147 കോടി രൂപയും ഐ.സി.ഐ.സി.ഐ ബാങ്ക് 34,037 കോടി രൂപയും ലാഭം കുറിച്ചു. പൊതുമേഖലാ എണ്ണസംസ്‌കരണ കമ്പനിയായ ഒ.എന്‍.ജി.സി ഈമാസം 29നാണ് പ്രവര്‍ത്തനഫലം പുറത്തുവിടുക. 2021-22ല്‍ കമ്പനി 45,522 കോടി രൂപ ലാഭം നേടിയിരുന്നു. ഈവര്‍ഷം 48,000 കോടി രൂപയാണ് കമ്പനിക്ക് നിരീക്ഷകര്‍ പ്രവചിക്കുന്ന ലാഭം. അങ്ങനെയെങ്കില്‍ എച്ച്.ഡി.എഫ്.സി ബാങ്കിനെ പിന്നിലാക്കി ഒ.എന്‍.ജി.സി മൂന്നാമതാകും.
ഒന്നാംസ്ഥാനം കുത്തക
2015-16 മുതല്‍ ലാഭത്തില്‍ ഒന്നാംസ്ഥാനം റിലയന്‍സിന്റെ കുത്തകയാണ്. എന്നാല്‍, രണ്ടുമുതല്‍ നാലുവരെയുള്ള സ്ഥാനങ്ങള്‍ ടി.സി.എസ്., എച്ച്.ഡി.എഫ്.സി ബാങ്ക്, എസ്.ബി.ഐ., ഒ.എന്‍.ജി.സി എന്നിവ മാറിമാറി സ്വന്തമാക്കുന്നതാണ് കാഴ്ച.
Next Story
Videos