Begin typing your search above and press return to search.
ഡിമാന്റ് കുറഞ്ഞു, സ്റ്റീല്‍ വില കുത്തനെ ഇടിഞ്ഞു
ആഭ്യന്തര സ്റ്റീല്‍ വിലയില്‍ (Steel Price) വന്‍ ഇടിവ്. ഒരു ടണ്‍ സ്റ്റീലിന്റെ വിലയില്‍ 12,000-15,000 രൂപയുടെ കുറവാണുണ്ടായത്. മുന്‍ മാസത്തേക്കാള്‍ 14-20 ശതമാനം കുറവാണിത്. കഴിഞ്ഞ ആറ് മാസത്തിനിടെ ആഭ്യന്തര സ്റ്റീല്‍ വിലയിലുണ്ടായ കുത്തനെയുള്ള ഇടിവാണിതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡിമാന്റ് കുറഞ്ഞതും സ്റ്റോക്ക് കൂടിയതും ഇരുമ്പയിര് വിലയിലെ ഇടിവുമാണ് ആഭ്യന്തര സ്റ്റീല്‍ വിലയെ താഴ്ത്തിയത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹോട്ട്-റോള്‍ഡ് കോയിലിന്റെ (എച്ച്ആര്‍സി) വില ടണ്ണിന് 64,000 രൂപയായാണ് കുറഞ്ഞത്. 18 ശതമാനത്തിന്റെ ഇടിവ്. കഴിഞ്ഞമാസം 78,000 രൂപയായിരുന്നു എച്ച്ആര്‍സിയുടെ വില. റീബാര്‍ വില (ലാന്‍ഡഡ്) ടണ്ണിന് 61,000-63,000 രൂപയായും കുറഞ്ഞു. മെയ് മാസത്തെ 74,000 എന്നതില്‍ നിന്ന് 15 ശതമാനം ഇടിവ്. വയര്‍ കമ്പികളുടെ വില ടണ്ണിന് ഏകദേശം 15 ശതമാനം കുറഞ്ഞ് 63,000 രൂപയുമായി.
അതേസമയം, സ്റ്റീല്‍ വിലയില്‍ വീണ്ടും ഇടിവ് ഉണ്ടാകുമെന്നാണ് വ്യാപാര വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇരുമ്പയിര്, കോക്കിംഗ് കല്‍ക്കരി തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വിലയും കുറഞ്ഞു. ആഗോള ഇരുമ്പയിര് വിലയും ടണ്ണിന് 2 ഡോളര്‍ കുറഞ്ഞ് ടണ്ണിന് 141 ഡോളറിലെത്തി. കൂടാതെ, ഇന്ത്യയില്‍ സ്‌പോഞ്ച് അയേണ്‍ മില്ലുകള്‍ വാങ്ങുന്നത് കുറഞ്ഞതും ഉല്‍പ്പാദനം കൂടിയതും കാരണം ഇറക്കുമതി ചെയ്ത കോക്കിംഗ് കല്‍ക്കരി വിലയിലും ചില ഇടിവുണ്ടായി. നിലവില്‍ ടണ്ണിന് 400 ഡോളറാണ് കോക്കിംഗ് കല്‍ക്കരിയുടെ വില.
Next Story
Videos