ഫോളോഓണ്‍ ഓഹരി വില്‍പനയ്ക്ക് വോഡഫോണ്‍-ഐഡിയ; എത്ര ഓഹരി വാങ്ങാം? മിനിമം നിക്ഷേപം ഇങ്ങനെ

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നട്ടം തിരിയുന്ന പ്രമുഖ സ്വകാര്യ ടെലികോം കമ്പനിയായ വോഡഫോണ്‍-ഐഡിയ 18,000 കോടി രൂപയുടെ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്.പി.ഒ) വഴി ഓഹരി വില്‍പന നടത്താനൊരുങ്ങുന്നു. ഏപ്രില്‍ 18ന് എഫ്.പി.ഒ സബ്സ്‌ക്രിപ്ഷനായി തുറക്കുമെന്ന് കമ്പനി അറിയിച്ചു. ഓഹരിക്ക് 10-11 രൂപ നിരക്കിലായിരിക്കും വില്‍പന. എഫ്.പി.ഒ ഏപ്രില്‍ 22ന് അവസാനിക്കും.

ആങ്കര്‍ ബിഡുകള്‍ക്ക് ഏപ്രില്‍ 16ന് അംഗീകാരം ലഭിക്കുമെന്ന് എക്സ്ചേഞ്ച് ഫയലിംഗില്‍ കമ്പനി അറിയിച്ചു. ജെഫറീസ്, എസ്.ബി.ഐ ക്യാപ്സ്, ആക്സിസ് ക്യാപിറ്റല്‍ എന്നിവരാണ് എഫ്.പി.ഒയുടെ ലീഡ് മാനേജര്‍മാര്‍. നിക്ഷേപകര്‍ക്ക് ഏറ്റവും കുറഞ്ഞത് 1,298 ഓഹരികള്‍ക്കായി അപേക്ഷിക്കാം. ഓഹരിയുടെ ഉയര്‍ന്ന പ്രൈസ് ബാന്‍ഡ് പരിഗണിക്കുമ്പോള്‍ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞതുക 14,278 രൂപയാണ്. തുടര്‍ന്ന് 1,298 ഓഹരികളുടെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.

ഓഹരി വിപണിയില്‍ ഇതിനകം ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു കമ്പനി, നിക്ഷേപകര്‍ക്കോ നിലവിലുള്ള ഓഹരിയുടമകള്‍ക്കോ പ്രൊമോട്ടര്‍മാര്‍ക്കോ പുതിയ ഓഹരികള്‍ നല്‍കുന്ന ഒരു പ്രക്രിയയാണ് ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്.പി.ഒ). കൂടുതല്‍ മൂലധന സമാഹരണമാണ് ലക്ഷ്യം.

20,000 കോടി രൂപ വരെ

ഇക്വിറ്റി വഴി 20,000 കോടി രൂപ വരെ സമാഹരിക്കുന്നതിന് ഫെബ്രുവരി 27ന് കമ്പനിയുടെ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് അടുത്തിടെ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഒറിയാന ഇന്‍വെസ്റ്റ്മെന്റ്സ് എന്ന പ്രമോട്ടര്‍ എന്റിറ്റികളിലൊന്നിലേക്ക് പ്രിഫറന്‍ഷ്യല്‍ ഓഹരികള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ കമ്പനി 2,075 കോടി രൂപ സമാഹരിച്ചിരുന്നു. 14.87 രൂപയ്ക്കാണ് ഓഹരികള്‍ ഇഷ്യൂ ചെയ്തത്. ബാക്കി 18,000 കോടി രൂപ ഈ എഫ്.പി.ഒ വഴിയും സമാഹരിക്കും.

Read also: കടം വീട്ടണം, ഒപ്പം 5ജി വിപുലീകരണം; 20,000 കോടി സമാഹരിക്കാന്‍ വോഡഫോണ്‍ ഐഡിയ

ഇത്തരത്തില്‍ 20,000 കോടി രൂപ സമാഹരിക്കുന്നതിന് പുറമേ, വായ്പാ ലഭിക്കുന്നതിന് ബാങ്കുകളുമായി വോഡഫോണ്‍ ഐഡിയ ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. വായ്പയിലൂടെയും ഓഹരി വില്‍പ്പനയിലൂടെയും മൊത്തം 45,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ പദ്ധതി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it