

പുലര്‍ച്ചെ 7.30. ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയിലൂടെയുള്ള യാത്രക്കിടയിലാണ് ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചത്. എന്റെ വാഹനത്തിന് ചുറ്റുമുള്ള കാറുകളില്‍ ഭൂരിഭാഗവും ടൊയോട്ടകളാണ്. അവയുടെയെല്ലാം പുറകിലെ ഗ്ലാസിലെ ഒരു വാചകം എന്റെ ശ്രദ്ധയില്‍ പെട്ടു- 'Bengaluru. Home to you, Home to Toyota'. ബിഡദിയിലെ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പ്ലാന്റിലേക്ക് ക്ഷണിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ സംഘത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു ഞാന്‍. പ്ലാന്റിന്റെ കവാടത്തിലെത്തിയപ്പോള്‍ ജീവനക്കാരുടെ കാറുകളുടെയും കമ്പനി ബസുകളുടെയും ആ വലിയ നിര കണ്ടപ്പോഴാണ് ഒപ്പമുണ്ടായിരുന്ന വാഹനങ്ങളെല്ലാം പ്ലാന്റിലെ ജീവനക്കാരുടേതായിരുന്നുവെന്ന് എനിക്ക് മനസിലായത്. ഇത് വെറുമൊരു ഫാക്ടറിയല്ല, മറിച്ച് ഒരു വലിയ 'ഇന്‍ഡസ്ട്രിയല്‍ ഇക്കോസിസ്റ്റം' ആണെന്ന് വിളിച്ചുപറയുന്നതായിരുന്നു ആ കാഴ്ച.
അക്കങ്ങളും ഈ വളര്‍ച്ചയെ ശരിവെക്കുന്നു. ടൊയോട്ടയുടെ ലോകത്തിലെ തന്നെ നാലാമത്തെ വലിയ വിപണിയായി ഇന്ത്യ ഇന്ന് മാറിക്കഴിഞ്ഞു. 2026 സാമ്പത്തിക വര്‍ഷം മാത്രം 3.67 ലക്ഷത്തിലധികം വാഹനങ്ങളാണ് കമ്പനി ഇന്ത്യയില്‍ വിറ്റഴിച്ചത്. ഏകദേശം 39,000 യൂണിറ്റുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്തു.
നിര്‍മാണ മികവിനപ്പുറം, ടൊയോട്ട എങ്ങനെ മനുഷ്യരെയും സാങ്കേതികവിദ്യയെയും സമീപിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു അന്ന് ബിഡദിയില്‍ ഞാന്‍ കണ്ടത്. ആ സന്ദര്‍ശനത്തില്‍ നിന്ന് ഏതൊരു സംരംഭകനും പ്രൊഫഷണലിനും മാതൃകയാക്കാവുന്ന നാല് പ്രധാന ബിസിനസ് പാഠങ്ങളാണ് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്.
നിര്‍മാണരംഗത്തെ വിപ്ലവമായ ടൊയോട്ട പ്രൊഡക്ഷന്‍ സിസ്റ്റം (TPS) ആണ് ഇവിടുത്തെ ആദ്യ പാഠം. സെമി-ഓട്ടോമേറ്റഡ് രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് പ്ലാന്റില്‍ കണ്ടതെങ്കിലും അവിടുത്തെ പ്രധാന ഊന്നല്‍ മനുഷ്യരിലാണ്. എന്നെ ഏറ്റവും ആകര്‍ഷിച്ചത് 'ജിദോക്ക' (Jidoka) എന്ന ആശയമാണ്. അതായത്,'മനുഷ്യസ്പര്‍ശമുള്ള ഓട്ടോമേഷന്‍'. യന്ത്രങ്ങളെ മാത്രം വിശ്വസിക്കുന്നതിന് പകരം, ഓരോ ഘട്ടത്തിലും മനുഷ്യന്റെ കൃത്യമായ മേല്‍നോട്ടം ഇവിടെ ഉറപ്പാക്കുന്നു. എന്തെങ്കിലും ഗുണനിലവാര പ്രശ്‌നം കണ്ടാല്‍ ഉല്‍പാദന ലൈന്‍ നിര്‍ത്താന്‍ ഒരു സാധാരണ തൊഴിലാളിക്കുള്ള അധികാരം, ബിസിനസില്‍ ക്വാളിറ്റിക്ക് നല്‍കേണ്ട മുന്‍ഗണനയുടെ പാഠമാണ്. ഒപ്പം ഉല്‍പാദന പ്രക്രിയയില്‍ നിരന്തരമായ മെച്ചപ്പെടുത്തലുകള്‍ കൊണ്ടുവരുന്ന 'കൈസന്‍' (Kaizen) എന്ന ശൈലിയും സ്റ്റോക്ക് കുമിഞ്ഞുകൂടാതെ കൃത്യസമയത്ത് ആവശ്യമായവ മാത്രം എത്തിക്കുന്ന 'ജസ്റ്റ് ഇന്‍ ടൈം' രീതിയും ഉല്‍പാദനക്ഷമതയുടെ മികച്ച പാഠങ്ങളാണ്.
രണ്ടാമത്തെ പാഠം ടൊയോട്ടയുടെ 'അഡാപ്റ്റബിലിറ്റി', അഥവാ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാനുള്ള കഴിവാണ്. വെറും പെട്രോള്‍, അല്ലെങ്കില്‍ ഇലക്ട്രിക് വാഹനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, ഹൈബ്രിഡ്, ഹൈഡ്രജന്‍, കൂടാതെ 100 ശതമാനം വരെ എഥനോളില്‍ ഓടിക്കാന്‍ കഴിയുന്ന ഫ്‌ളെക്‌സ്-ഫ്യൂവല്‍ എന്നിങ്ങനെ വ്യത്യസ്തമായ സാങ്കേതികവിദ്യകളെ ഒരേസമയം ടൊയോട്ട പ്രോത്സാഹിപ്പിക്കുന്നു. വിപണിയുടെ ആവശ്യങ്ങളും സര്‍ക്കാരിന്റെ നയങ്ങളും എങ്ങനെയായാലും അതിനനുസരിച്ച് പെട്ടെന്ന് മാറാന്‍ കമ്പനിയെ ഈ വൈവിധ്യം സഹായിക്കുന്നു. ഒരു ബിസിനസ് എന്ന നിലയില്‍ എല്ലാ പ്രതീക്ഷകളും ഒന്നില്‍ മാത്രം അര്‍പ്പിക്കാതെ, മാറുന്ന കാലത്തിന് സജ്ജമായിരിക്കണമെന്ന വലിയ പാഠമാണ് ഇതിലൂടെ ലഭിക്കുന്നത്.
വാഹനങ്ങള്‍ നിര്‍മിക്കുന്നതിനപ്പുറം സുദൃഢമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിലാണ് ടൊയോട്ട ശ്രദ്ധിക്കുന്നത്. ഓരോ പാര്‍ട്ടിനും ഒരു പ്രൈമറി സപ്ലയറെ മാത്രം തിരഞ്ഞെടുത്ത്, ദീര്‍ഘകാല പങ്കാളിത്തം വളര്‍ത്തിയെടുക്കുന്ന രീതിയാണ് ഇവരുടേത്. സന്ദര്‍ശന വേളയില്‍ ഞാന്‍ സംസാരിച്ച മാനേജ്മെന്റ് പ്രതിനിധികളില്‍ പലരും 20 വര്‍ഷത്തിലേറെയായി കമ്പനിക്കൊപ്പമുള്ളവരാണ് എന്നത് ഈ ബന്ധങ്ങളുടെ ആഴം വ്യക്തമാക്കുന്നു.
വിതരണക്കാരുമായും, ജീവനക്കാരുമായും പുലര്‍ത്തുന്ന ഈ ദൃഢതയാണ് ഉല്‍പന്നങ്ങളുടെ കാര്യത്തിലും പ്രതിഫലിക്കുന്നത്. ഇത് ടൊയോട്ട വാഹനങ്ങളുടെ വിശ്വാസ്യതയും തടസങ്ങളില്ലാത്ത ഉടമസ്ഥാവകാശ അനുഭവവും ഉറപ്പാക്കുന്നു. ഈ വിശ്വാസമാണ് ഉപഭോക്താക്കളെ വീണ്ടും ഈ ബ്രാന്‍ഡിലേക്ക് എത്തിക്കുന്നത്. ബിസിനസില്‍ കസ്റ്റമര്‍ ലോയല്‍റ്റി നേടിയെടുക്കുന്നതെങ്ങനെ എന്നതിന്റെ മികച്ച പാഠമാണിത്.
പ്ലാന്റ് സന്ദര്‍ശനത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് ടൊയോട്ട ടെക്‌നിക്കല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (TTTI) ആണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സാങ്കേതിക പരിശീലനം ഇവിടെ പൂര്‍ണമായും സൗജന്യമായി നല്‍കുന്നു. വിദ്യാര്‍ത്ഥികള്‍ കാര്‍ എന്‍ജിനുകളും മറ്റ് സംവിധാനങ്ങളും അഴിച്ചുമാറ്റുന്നതും, വീണ്ടും കൃത്യതയോടെ ഘടിപ്പിക്കുന്നതും നേരിട്ട് കാണാന്‍ എനിക്ക് സാധിച്ചു.
ഇവിടെ പഠിച്ചിറങ്ങുന്ന ഏകദേശം 50 ശതമാനം വിദ്യാര്‍ത്ഥികളും ടൊയോട്ടയില്‍ തന്നെ ജോലിയില്‍ പ്രവേശിക്കുകയും, പലരും കമ്പനിയുടെ ആഗോളതലത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാറുകയും ചെയ്യുന്നു. കേവലം ലാഭത്തിനപ്പുറം, വരും തലമുറയുടെ നൈപുണ്യ വികസനത്തിനായി നിക്ഷേപം നടത്തുന്നത് ഒരു ബ്രാന്‍ഡിന്റെ അടിത്തറയും മൂല്യവും എത്രത്തോളം വര്‍ധിപ്പിക്കും എന്ന വലിയ ബിസിനസ് പാഠമാണ് ഇതിലൂടെ ലഭിക്കുന്നത്.
ബിഡദി പ്ലാന്റില്‍ നിന്ന് മടങ്ങുമ്പോള്‍ എന്റെ മനസില്‍ പതിഞ്ഞത് ടൊയോട്ട പുലര്‍ത്തുന്ന ഈ സമീപനമാണ്. അത് ഉല്‍പന്നങ്ങളുടെ ഗുണനിലവാരത്തിലായാലും മനുഷ്യബന്ധങ്ങളിലായാലും സമൂഹത്തോടുള്ള പ്രതിബദ്ധതയിലായാലും അവര്‍ ഒരേ നിലവാരം കാത്തുസൂക്ഷിക്കുന്നു. കേവലം വാഹനങ്ങള്‍ നിര്‍മിക്കുന്ന ഒരു ഫാക്ടറിക്കപ്പുറം, ദീര്‍ഘവീക്ഷണമുള്ള ഒരു ബിസിനസ് സംസ്‌കാരം എങ്ങനെ കെട്ടിപ്പടുക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ടൊയോട്ട. ഈ കൃത്യതയും വിശ്വാസ്യതയുമാണ് അവരെ ഇന്നും ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായി നിലനിര്‍ത്തുന്നത്.
(Originally published in Dhanam Magazine May 31, 2026 issue.)
Read DhanamOnline in English
Subscribe to Dhanam Magazine