ബ്ലിങ്കിറ്റ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി സൊമാറ്റോ

ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ (Quick Commerce Company) ബ്ലിങ്കിറ്റിനെയും (Blinkit) അതിന്റെ വെയര്‍ഹൗസിംഗ്, അനുബന്ധ സേവന ബിസിനസും ഏറ്റെടുക്കുന്നത് പൂര്‍ത്തിയാക്കി ഫുഡ് ഡെലിവറി ഭീമനായ സൊമാറ്റോ (Zomato). മുമ്പ് ഗ്രോഫേഴ്‌സ് എന്നറിയപ്പെട്ടിരുന്ന കമ്പനി സ്വന്തമായതോടെ ഇനി വേഗതയുടെ പാതയില്‍ കുതിക്കാനാകുമെന്നാണ് സൊമാറ്റൊ പ്രതീക്ഷിക്കുന്നത്. സര്‍വീസ് വിപുലമാക്കുന്നതിന്റെ ഭാഗമായാണ് സൊമാറ്റോയുടെ ഈ നീക്കം. ബ്യൂട്ടി ആന്‍ഡ് പേഴ്‌സണല്‍ കെയര്‍, ഓവര്‍ദികൗണ്ടന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, സ്‌റ്റേഷനറി തുടങ്ങിയവയുടെ ഡെലിവറി വര്‍ധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.

'കമ്പനി അതിന്റെ ഷെയര്‍ഹോള്‍ഡര്‍മാരില്‍ നിന്ന് ബിസിപിഎല്ലിന്റെ 100 ശതമാനം ഷെയര്‍ഹോള്‍ഡിംഗ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി. അതനുസരിച്ച്, 2022 ഓഗസ്റ്റ് 10 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും'' സൊമാറ്റൊ റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി. ബ്ലിങ്കിറ്റ് ഏറ്റെടുക്കുന്നതിനുള്ള 4,447 കോടി രൂപയുടെ ഇടപാടിന് ബോര്‍ഡ് അനുമതി നല്‍കിയതിന് പിന്നാലെ ജൂണില്‍ സൊമാറ്റോ കരാര്‍ പ്രഖ്യാപിച്ചിരുന്നു. 61 കോടി രൂപയ്ക്കാണ് അനുബന്ധ ബിസിനസ് വാങ്ങിയത്.
ബ്ലിങ്കിറ്റിന്റെ (Blinkit) വാര്‍ഷിക വിറ്റുവരവ് 2022, 21, 20 സാമ്പത്തിക വര്‍ഷങ്ങളില്‍ യഥാക്രമം 263 കോടി, 200 കോടി, 165 കോടി എന്നിങ്ങനെയാണ്. കരാര്‍ വ്യവസ്ഥകള്‍ അനുസരിച്ച്, ബ്ലിങ്കിറ്റിന്റെ ഏറ്റവും വലിയ ഓഹരി ഉടമയായ സോഫ്റ്റ്ബാങ്കിന് സൊമാറ്റോയുടെ 28.71 കോടി ഓഹരികള്‍ ലഭിക്കും. ടൈഗര്‍ ഗ്ലോബലിന് 12.34 കോടി ഓഹരികള്‍ ലഭിക്കും. ബിസിസിഎല്ലിന് 1.5 കോടി ഓഹരികളും ദക്ഷിണ കൊറിയന്‍ നിക്ഷേപകരായ ഡിഎഒഎല്ലിന് 3.66 കോടി ഓഹരികളും ലഭിക്കും.
ബ്ലിങ്കിറ്റ് സ്ഥാപകന്‍ അല്‍ബിന്ദര്‍ ദിന്‍്‌സ ടീമിനൊപ്പം ബിസിനസ് ഹെഡ് ആയി തുടരുമെന്ന് സൊമാറ്റോ നേരത്തെ വ്യക്തമാക്കിയിരുന്നു. ബ്ലിങ്കിറ്റ് ആപ്പും ബ്രാന്‍ഡും സൊമാറ്റോയില്‍ നിന്ന് വേറിട്ട് നിര്‍ത്താന്‍ ആണ് നിലവില്‍ സൊമാറ്റോയുടെ പദ്ധതി.


Related Articles
Next Story
Videos
Share it