ഇന്ന് അക്ഷയ ത്രിതീയ: സ്വർണത്തിൽ നിക്ഷേപിക്കാൻ 5 മാർഗങ്ങൾ
ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഉത്തമമായ ദിവസമാണ് അക്ഷയതൃതീയ. അന്നത്തെ ദിവസം സ്വർണം വാങ്ങുന്നതു നല്ലതാണെന്നാണ് വിശ്വാസം. സ്വര്‍ണ്ണാഭരണങ്ങൾ വാങ്ങി സൂക്ഷിക്കാൻ താൽപര്യമില്ലാത്തവർക്ക് സ്വർണത്തിൽ നിക്ഷേപിക്കാൻ മറ്റു മാർഗങ്ങൾ ഉണ്ട്.
1. സ്വര്‍ണ ബോണ്ടുകള്‍
സ്വര്‍ണ നിക്ഷേപത്തില്‍ ഏറെ ആകര്‍ഷകമായ പദ്ധതിയാണ് സര്‍ക്കാരിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതി. സ്വര്‍ണത്തിന്റെ തുല്യ വിലയ്ക്കുള്ള സ്വര്‍ണ നിക്ഷേപ സര്‍ട്ടിഫിക്കറ്റ് (സ്വര്‍ണ ബോണ്ട്) ആണ് ഈ പദ്ധതിയിലൂടെ സര്‍ക്കാരും റിസര്‍വ് ബാങ്കും ചേര്‍ന്ന് നല്‍കുന്നത്. സ്വര്‍ണത്തിന്റെ വിപണി വിലയ്‌ക്കൊപ്പം രണ്ടര ശതമാനം പലിശ കൂടി നിക്ഷേപകന് ലഭിക്കും എന്നത് വലിയ ആകര്‍ഷണമാണ്.
ഇന്ത്യന്‍ ബുള്ള്യന്‍ ആന്‍ഡ് ജൂവലേഴ്‌സ് അസോസിയേഷന്റെ മൂന്നു ദിവസത്തെ സ്വര്‍ണവിലയുടെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് ഒരു യൂണിറ്റ് ബോണ്ടിന്റെ വില നിശ്ചയിക്കുന്നത്. റിസര്‍വ് ബാങ്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റായും സാധാരണ ഓഹരികള്‍ വാങ്ങുന്നതു പോലെ ഡീമാറ്റ് എക്കൗണ്ട് രൂപത്തിലും ഇത് സൂക്ഷിക്കാനാകും. നിക്ഷേപത്തിനും പലിശയ്ക്കും സര്‍ക്കാര്‍ ഗാരന്റിയുണ്ട് എന്നത് വലിയ ആകര്‍ഷണവുമാകുന്നു.
2. സ്വര്‍ണ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ETF)
സ്വര്‍ണത്തില്‍ നിക്ഷേപമിറക്കുന്ന മ്യൂച്വല്‍ ഫണ്ടുകളാണ് ഗോള്‍ഡ് ഇടിഎഫുകള്‍. എക്‌സ്‌ചേഞ്ചുകള്‍ വഴിയാണ് ഇവയുടെ വ്യാപാരം. ഗോള്‍ഡ് ഇടിഎഫിന്റെ 90 ശതമാനത്തിലധികം നിക്ഷേപം പരിശുദ്ധമായ സ്വര്‍ണത്തിലായിരിക്കും. പരമാവധി 10 ശതമാനം വരെ കടപത്രങ്ങളിലും മറ്റും നിക്ഷേപിക്കും. സ്വര്‍ണത്തിന്റെ വിപണി വിലയ്ക്ക് അനുസരിച്ചുള്ള റിട്ടേണ്‍ നിക്ഷേപകന് ലഭിക്കും.
വിറ്റഴിക്കാനും എളുപ്പമാണ്. ഡിപ്പോസിറ്ററി എക്കൗണ്ടും ട്രേഡിംഗ് എക്കൗണ്ട് ഇതിനായി തുടങ്ങേണ്ടി വരും. രജിസ്റ്റര്‍ ചെയ്ത ബ്രോക്കിംഗ് സ്ഥാപനങ്ങള്‍ ഇതിന് സഹായിക്കും. എന്‍എസ്ഇ, ബിഎസ്ഇ കളില്‍ ബ്രോക്കിംഗ് ഏന്‍ജന്‍സി വഴി വ്യാപാരം നടത്താനാകും. ഒരു ഗ്രാം സ്വര്‍ണമെന്നതാണ് ഇടിഎഫുകളുടെ ഒരു യൂണിറ്റ്. നിക്ഷേപകന് നിക്ഷേപിക്കാവുന്ന കുറഞ്ഞ അളവാണിത്. രാജ്യാന്തര വിപണിയിലെ സ്വര്‍ണത്തിന്റെ വില അനുസരിച്ചുള്ള തുകയാണ് നിക്ഷേപത്തിന് വേണ്ടി വരിക.
സ്വര്‍ണത്തിന്റെ വില കൂടുന്നതിനനുസരിച്ച് ഇടിഎഫിലെ റിട്ടേണും വര്‍ധിക്കും.
3. സ്വര്‍ണ അവധി വ്യാപാരം
ഭാവി ലക്ഷ്യമാക്കി മുന്‍കൂട്ടി നിശ്ചയിച്ച വിലയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന കരാറാണ് അവധി വ്യാപാരം. സ്വര്‍ണം, വെള്ളി പോലുള്ള വിലപിടിച്ച ലോഹങ്ങളുടെ അവധി വ്യാപാരം ഇപ്പോള്‍ സാധാരണമാണ്. സ്വര്‍ണത്തിന്റെ മുഴുവന്‍ തുകയും നല്‍കാതെ നിശ്ചിത തുക അഡ്വാന്‍സ് നല്‍കി സ്വര്‍ണം വാങ്ങാം. വില കൂടുകയാണെങ്കില്‍ ലാഭം കിട്ടും. കുറയുകയാണെങ്കില്‍ നഷ്ടവും.
മുഴുവന്‍ തുകയും നല്‍കാതെ മാര്‍ജിന്‍ തുക മാത്രം നല്‍കി വ്യാപാരത്തില്‍ ഏര്‍പ്പെടാമെന്നതാണ് അവധി വ്യാപാരത്തിന്റെ നേട്ടം. സാധാരണക്കാര്‍ ശ്രദ്ധിച്ചു മാത്രമേ അവധി വ്യാപാരത്തിന് ഇറങ്ങാവൂ. ഉല്‍പ്പന്നങ്ങളുടെ അന്നന്നത്തെ വിലനിലവാരം മാത്രമല്ല, രാജ്യാന്തര തലത്തില്‍ നടക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അറിയാനാകുന്നവര്‍ക്ക് മാത്രമേ നേട്ടമുണ്ടാക്കാനാകൂ. കമോഡിറ്റി ബ്രോക്കിംഗ് സ്ഥാപനങ്ങള്‍ വഴിയാണ് അവധി വ്യാപാരം നടത്തേണ്ടത്.
4. ഇ-ഗോള്‍ഡ്
ഓഹരികളില്‍ നിക്ഷേപിക്കുന്ന രീതിയിലുള്ള സ്വര്‍ണ നിക്ഷേപങ്ങളാണ് ഇ ഗോള്‍ഡ്. ഇലക്ട്രോണിക് രീതിയിലോ ഡീമാറ്റ് രീതിയിലോ ഇ ഗോള്‍ഡില്‍ നിക്ഷേപം നടത്താം. ഒരു ഗ്രാം, രണ്ടു ഗ്രാം സ്വര്‍ണ യൂണിറ്റുകള്‍ ഓണ്‍ലൈനായി വില്‍ക്കുകയും വാങ്ങുകയും ചെയ്യാമെന്നതാണ് നേട്ടം.
ഇടപാട് പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഡീമാറ്റ് എക്കൗണ്ടില്‍ സ്വര്‍ണ യൂണിറ്റ് ക്രെഡിറ്റ് ആകുന്നു. ഇന്ത്യന്‍ വിപണി അടിസ്ഥാനമാക്കിയാണ് സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കുക. ഇടിഎഫുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇ ഗോള്‍ഡ് വാങ്ങാനും വില്‍ക്കാനും ചെലവ് കുറവാണ്. എന്നാല്‍ ഏതു സമയത്തും വിറ്റ് പണമാക്കാന്‍ സാധിക്കുകയും ചെയ്യും.
5. സ്വര്‍ണം തന്നെ വാങ്ങാം
വില കൂടുന്നതിനനുസരിച്ച് പണിക്കൂലിയിലും വര്‍ധനവുണ്ടാകുമെന്നതും വില്‍ക്കുമ്പോള്‍ പണിക്കൂലിയായി നല്‍കിയ തുക പരിഗണിക്കില്ല എന്നതും സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് നിക്ഷേപകരെ പിന്നോട്ടടിപ്പിക്കുന്നു. എന്നാല്‍ വിവാഹം പോലുള്ള അത്യാവശ്യങ്ങള്‍ക്ക് സ്വര്‍ണമായി തന്നെ വാങ്ങേണ്ടതുണ്ട്.
മാത്രമല്ല സ്വര്‍ണത്തോടുള്ള നമ്മുടെ വൈകാരികമായ അടുപ്പവും സ്വര്‍ണമായി തന്നെ വാങ്ങുന്നതിന് പ്രേരിപ്പിക്കുന്നുണ്ട്. സ്വര്‍ണനാണയമോ സ്വര്‍ണ ബിസ്‌ക്കറ്റോ കൂടി പരിഗണിക്കാവുന്നതാണ്. അവയ്ക്ക് പണിക്കൂലി നല്‍കേണ്ടി വരികയുമില്ല.