തകര്‍ച്ചയിലും പ്രതീക്ഷയോടെ മിഡ്, സ്‌മോള്‍കാപ്പുകള്‍

കെ.മനോജ് കുമാര്‍

വലിയ തകര്‍ച്ചയിലൂടെയാണ് മിഡ് കാപ് സ്‌മോള്‍ കാപ് ഓഹരികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കടന്നു പോയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ കുത്തനെയുള്ള ഇടിവിനു ശേഷം മിഡ്, സ്‌മോള്‍ കാപ് ഓഹരികളുടെ വാല്വേഷന്‍ ഇന്ന് ആകര്‍ഷകമായിട്ടുണ്ട്. നിക്ഷേപകര്‍ക്കിപ്പോഴും പ്രതീക്ഷ നല്‍കുന്ന മേഖലയാണ് മിഡ്, സ്‌മോള്‍ കാപ് ഓഹരികള്‍ എന്നാണ് ഇവയുടെ കഴിഞ്ഞ പത്തു വര്‍ഷത്തെ പ്രകടനം നോക്കുമ്പോള്‍ മനസിലാക്കുന്നത്.

പത്തു വര്‍ഷക്കാലത്ത് നിഫ്റ്റി മിഡ്കാപ് 100 സൂചികകള്‍ 18.23 ശതമാനവും നിഫ്റ്റി മിഡ്കാപ് 150 സൂചികകള്‍ 20.17 ശതമാനവും നേട്ടം നിക്ഷേപകര്‍ ക്ക് നല്‍കിയിട്ടുണ്ട്. മറ്റേതൊരു നിക്ഷേപവുമായി നോക്കുമ്പോഴും ആകര്‍ഷമാണ് ഇവയിലെ നിക്ഷേപം.

താഴെകൊടുത്തിരിക്കുന്ന ടേബിളില്‍ കാണാനാകുന്നതുപോലെ കഴിഞ്ഞ ഒരു മാസത്തില്‍ നിഫ്റ്റി മിഡ് കാപ് 100 സൂചിക 8.08 ശതമാനവും നിഫ്റ്റി മിഡ്കാപ് 150 7.48 ശതമാനവും നേട്ടം നല്‍കിയിട്ടുണ്ട്. മിഡ്കാപ് ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡെക്‌സ് ഇതിലും കൂടുതലാണ്. സ്‌റ്റോക്കുകള്‍ക്ക് കാലാകാലങ്ങളില്‍ കിട്ടുന്ന ഡിവിഡന്റും ബോണസുമൊക്കെ ഉള്‍പ്പെടുന്ന വരുമാനങ്ങള്‍ കൂട്ടിയ ശേഷമുള്ള റിട്ടേണാണ് ടോട്ടണ്‍ റിട്ടേണ്‍ ഇന്‍ഡെക്‌സ് എന്നു പറയുന്നത്.

മൂന്ന് മാസത്തിലെ നിഫ്റ്റി മിഡ്കാപ് 100, നിഫ്റ്റി മിഡ്കാപ് 150 സൂചികകളിലെ യഥാര്‍ത്ഥ നേട്ടം യഥാക്രമം 2.46 ശതമാനമാണ്, 2.85 ശതമാനമാണ്. ഒരു വര്‍ഷ കാലയളവില്‍ മിഡ് കാപ് സൂചികകള്‍ നെഗറ്റീവ് റിട്ടേണ്‍ ആണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ അഞ്ച്, ഏഴ് വര്‍ഷങ്ങളില്‍ നിഫ്റ്റി 100 യഥാക്രമം 16.37 ശതമാനം, 13.15 ശതമാനം നേട്ടം നല്‍കിയിരിക്കുന്നു.

നിഫ്റ്റി 150 നോക്കുകയാണെങ്കില്‍ ഇത് യഥാക്രമം 18.94 ശതമാനം 15.98 ശതമാനം എന്നിങ്ങനെയാണ്. മിഡ് കാപ്പിലെ ആദ്യ 100 നു ശേഷമുള്ള അമ്പത് ഓഹരികള്‍ കൂടുതലായി പെര്‍ഫോം ചെയതിട്ടുണ്ടെന്ന് ഇതില്‍ നിന്ന് മനസിലാക്കാം.

മിഡ് കാപ്പുകളില്‍ താഴ്ന്ന നിലയില്‍ കൂടുതല്‍ ബയിംഗ് വരുന്നുവെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. മിഡ് കാപ്പില്‍ തന്നെ മുകളിലുള്ള കമ്പനികള്‍ക്ക് വില കൂടുതലായതിനാലാണിത്. താഴെയുള്ള കമ്പനികളുടെ വാല്വേഷന്‍ മികച്ചതായതുകൊണ്ട് വാല്യു പിക്കാണ് ഇവയില്‍ നടക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇവയുടെ ഫണ്ടമെന്റല്‍സ് കാര്യമായി മെച്ചപ്പെട്ടിട്ടില്ല. രാജ്യത്തെ ജനങ്ങളുടെ ഉപഭോഗം കുറയുന്നതാണ് ഇതിനു പ്രധാന കാരണം.

ഇത് നിക്ഷേപ അവസരം

പൊതുവേ മിഡ് കാപ്പിലുണ്ടായ താഴ്ച അവയില്‍ പണം നിക്ഷേപിക്കുന്നതിനുള്ള അവസരമായാണ് വിദഗഗ്ധര്‍ കണക്കാക്കുന്നത്. കഴിഞ്ഞ കുറച്ചു കാലമായി തുടരുന്ന ഇടിവ് മിഡ് കാപ്പില്‍ നിന്ന് നിക്ഷേപകരെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായും അതില്‍ നിന്നു മാറി നില്‍ക്കേണ്ടതില്ല. വലിയ കമ്പനികളെല്ലാം തന്നെ ചെറുതായി തുടങ്ങിയവയാണ്. പല സ്മാള്‍ കാപു കളും വളര്‍ന്ന് മിഡ് കാപിലെത്തുകയുണ്ടായി. അഞ്ച് ആറ് വര്‍ഷം മുന്‍പ് സ്‌മോള്‍ മിഡ് കാപ് ഓഹരികളില്‍ പണം നിക്ഷേപിച്ചവര്‍ക്ക് വലിയ ലാഭം നേടാനായിട്ടുമുണ്ട്.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായുള്ള ഓവര്‍വാല്വേഷനും സാമ്പത്തിക രംഗത്തെ മാന്ദ്യവുമാണ് സ്‌മോള്‍, മിഡ് കാപ് ഓഹരികളെ ഇപ്പോഴത്തെ ഈ തളര്‍ച്ചയിലേക്ക് നയിച്ചത്. വിപണിയുടെ സ്വഭാവമാണ് ഈ ഉയര്‍ച്ച താഴ്ചകള്‍. അതിനാല്‍ ഇവയില്‍ ഇനിയും നല്ലൊരു ഭാവിയുണ്ടായേക്കാം.

പത്തു വര്‍ഷം മുന്നില്‍ കണ്ട് നോക്കിയാല്‍ മിഡ് കാപ് നല്ലൊരു മേഖലയാണ്. മാര്‍ക്കറ്റ് എപ്പോഴും ചാക്രികമായി ചലിച്ചുകൊണ്ടിരിക്കും. ദീര്‍ഘകാലം നിഷ്‌ക്രിയരായിരിക്കാന്‍ നിക്ഷേപകര്‍ക്ക് സാധിക്കില്ല. മൂന്നു മുതല്‍ മൂന്നര വര്‍ഷം കൂടുമ്പോള്‍ സാധാരണ വിപണിയില്‍ നല്ലൊരു സൈക്കിള്‍ ഉണ്ടാകാറുണ്ട്. ആറ് മുതല്‍ എട്ട് വര്‍ഷത്തിനിടയില്‍ ഇത്തരത്തിലുള്ള രണ്ടു മൂന്നു സൈക്കിളുകളെങ്കിലും ശരാശരി ഉണ്ടായേക്കാം. അതിനാല്‍ ദീര്‍ഘകാല ലക്ഷ്യത്തോടെയുള്ള മികച്ച ഓഹരി തെരഞ്ഞെടുപ്പാണ് നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കി തരിക എന്നത് എപ്പോഴും ഓര്‍ക്കുക.

പലപ്പോഴും മിഡ് കാപ്പുകളില്‍ നഷ്ടമുണ്ടാകുന്നതിന്റെ പ്രധാന കാരണം ഫണ്ട്‌മെന്റല്‍സ് നോക്കാത്തതുകൊണ്ടാണ്. മിഡ് കാപ് ഓഹരികള്‍ തെരഞ്ഞെടുക്കുമ്പോള്‍ എപ്പോഴും വിദഗ്ധരുടെ സഹായം തേടുന്നതാണ് ഉചിതം. എത്ര മാത്രം ഫ്യൂച്ചറിസ്റ്റിക് ആണെന്നു നോക്കി മാത്രം മിഡ് കാപ്പുകള്‍ വാങ്ങുക. മിഡ് കാപ്പിലെ വളര്‍ച്ചാ സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോയില്‍ ലാര്‍ജ് കാപ്പുകള്‍ക്കും മുന്‍പറഞ്ഞ മാതൃകയില്‍ തുല്യ പ്രാധാന്യം നല്‍കേണ്ടതാണ്.

ഈ വര്‍ഷം ഇതു വരെ

2019 ന്റെ ആദ്യ നാലു മാസത്തില്‍ വലിയ മെച്ചമില്ലാതെയായിരുന്നു മിഡ്, സ്‌മോള്‍ കാപ് സൂചികകള്‍. എസ്& പി ബിഎസ്ഇ സെന്‍സെക്‌സും നിഫ്റ്റിയും ഏഴു ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ ബിഎസ്ഇ മിഡ് കാപ് ഇന്‍ഡെക്‌സ് 2 ശതമാനം ഇടിവുണ്ടാക്കി. അതേസമയം ബിസ്ഇ എസ്& പി സ്‌മോള്‍ കാപ് ഇന്‍ഡെക്‌സ് ഒരു ശതമാനത്തിനടുത്ത് ഇടിവു രേഖപ്പെടുത്തി. എന്നാല്‍ മിഡ്, സ്‌മോള്‍ കാപ് സൂചികകളിലെ ഈ സമ്മിശ്ര പ്രകടനങ്ങള്‍ക്കിടയിലും ഈ വിഭാഗത്തിലെ 186 ഓഹരികള്‍ രണ്ടക്ക വളര്‍ച്ച നല്‍കി.

എന്താണ് മിഡ് കാപ് സൂചിക?

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ആദ്യ 100 ഓഹരികള്‍ ലാര്‍ജ് കാപ് എന്നാണ് അറിയപ്പെടുന്നത്. അതിനുശേഷമുള്ള 101 മുതല്‍ 250 വരെയുള്ളവയാണ് മിഡ് കാപ്പ് ഓഹരികള്‍. മിഡ്കാപ്പിലെ തന്നെ ആദ്യ 100 ഓഹരികളുടെ സൂചികയാണ് നിഫ്റ്റി മിഡ്കാപ് 100, ആദ്യ 150 ഓഹരികളാണ് നിഫ്റ്റി 150 സൂചിക.

(ഇക്വിറ്റി, ഡെറ്റ് മേഖലകളില്‍ കോര്‍പറേറ്റ് ട്രെയ്‌നറാണ് ലേഖകന്‍ email: kmanojkumarp@gmail.com, 9074594067)

Related Articles
Next Story
Videos
Share it