ഓഹരി വിപണിയില്‍ വീണ്ടും ഐ.പി.ഒ 'മഴ', കരുത്ത് തെളിയിക്കാന്‍ അടുത്തയാഴ്ച ആറ്‌ കമ്പനികള്‍

വരും മാസങ്ങളില്‍ വിപണിയിലേക്ക് എത്താന്‍ തയാറെടുക്കുന്നത് 200 ഓളം കമ്പനികള്‍, സെബി അനുമതി കാത്ത് 75 എണ്ണം!
IPO banner and cash
canva
Published on

ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും മുന്നേറ്റ പാതയിലെത്തിയതോടെ കാത്തിരിപ്പ് മതിയാക്കി നിരവധി കമ്പനികള്‍ പ്രാരംഭ ഓഹരി വില്‍പ്പനയുമായി (Initial Public Offer/ipo) എത്തിത്തുടങ്ങി. ഈ ആഴ്ച മാത്രം നാല് കമ്പനികള്‍ ഐ.പി.ഒ നടത്തി. രണ്ട് മെയിന്‍ ബോര്‍ഡ് ഐ.പി.ഒകളും രണ്ട് എസ്.എം.ഇ ഐ.പി.ഒയുമായാണ് നടന്നത്. വരുന്ന ആഴ്ചയും ഐ.പി.ഒ വസന്തം തുടരുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍. മൂന്ന് എസ്.എം.ഇ ഐ.പി.ഒകളും മൂന്ന് മെയിന്‍ ബോര്‍ഡ് ഐ.പി.ഒകളും ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു.

ദി ലീല മുതല്‍ നികിത പേപ്പര്‍ വരെ

ലക്ഷ്വറി ഹോട്ടല്‍സ് ബ്രാന്‍ഡായ ദി ലീലയുടെ ഉടമസ്ഥരായ ശ്ലോസ് ബാംഗ്ലൂര്‍ ലിമിറ്റഡ് ആണ് അടുത്ത ആഴ്ചനടക്കാനിരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുന്ന ഓഹരി വില്‍പ്പന. മേയ് 26 മുതല്‍ 28 വരെ നടക്കുന്ന ഐ.പി.ഒയില്‍ 3,500 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിക്കുന്നത്. 2,500 കോടി രൂപ മൂല്യം വരുന്ന 5.75 കോടി പുതു ഓഹരികളും 1,000 കോടി രൂപ മൂല്യം വരുന്ന 2.3 കോടി ഓഹരികളടങ്ങുന്ന ഓഫര്‍ ഫോര്‍ സെയിലുമാണ് (OFS) ഐ.പി.ഒയിലുണ്ടാവുക. (കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.)

ഏജിസ് വൊപാക് ടെര്‍മിനല്‍സ് ലിമിറ്റഡ് ഐ.പി.ഒയും മേയ് 26 മുതല്‍ 28 വരെയാണ്. 2,800 കോടി രൂപയാണ് ഐ.പി.ഒ വഴി കമ്പനി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. പുതു ഓഹരികള്‍ മാത്രമാണ് ഐ.പി.ഒയിലുണ്ടാവുക. ഐ.പി.യുടെ ഉയര്‍ന്ന വിലയനുസരിച്ച് കമ്പനിയുടെ മൊത്തം വിപണി മൂല്യം 26,000 കോടിയാകും. ജൂണ്‍ രണ്ടിനാണ് ഓഹരികള്‍ ലിസ്റ്റ് ചെയ്യുക. കമ്പനിക്ക് നിലവില്‍ രണ്ട് എല്‍.പി.ജി സ്റ്റോറേജ് ടെര്‍മിനലുകളാണുള്ളത്. കൂടാതെ 16 ലിക്വിഡ് സ്‌റ്റോറേജ് ടെര്‍മിനലുകളുമുണ്ട്.

പ്രോസ്റ്റ്രാം ഇന്‍ഫോ സിസ്റ്റംസ് ഐ.പി.ഒ മേയ് 27 മുതല്‍ 29 വരെയാണ്. ഇതുകൂടാതെ എസ്.എം.ഇ വിഭാഗത്തില്‍ അസ്റ്റോണിയ ലാബ്‌സ് ലിമിറ്റഡ്, ബ്ലൂ വാട്ടര്‍ ലോജിസ്റ്റിക്‌സ്, നികിത പേപ്പേഴ്‌സ് ലിമിറ്റഡ് എന്നീ ഐ.പി.ഒകളും മേയ് 27 മുതല്‍ 29 വരെ നടക്കും.

പൂരം കാണാനിരിക്കുന്നതേയുള്ളൂ

മെര്‍ച്ചന്റ് ബാങ്കേഴ്‌സില്‍ നിന്നുള്ള വിവരങ്ങളനുസരിച്ച് ഡി.ആര്‍.എച്ച് പി സമര്‍പ്പിച്ച് ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വരും മാസങ്ങളില്‍ എത്താന്‍ തയാറെടുത്ത് നില്‍ക്കുന്നത് 150 മുതല്‍ 200 വരെ കമ്പനികളാണ്. ഓഹരി വിപണി കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ അടുത്ത 5-6 മാസങ്ങള്‍ക്കുള്ളില്‍ ഫയലിംഗ് ചെയ്യുന്ന കമ്പനികളുടെ എണ്ണം ഇരട്ടിയായേക്കും.

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ (സെബി) നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് ഈ വര്‍ഷം ഇതുവരെ 75 കമ്പനികളാണ് ഐ.പി.ഒ രേഖകള്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ഇത് 150-200 ആകുമെന്നാണ് മെര്‍ച്ചന്റ് ബാങ്കുകളുടെ കണക്കുകൂട്ടല്‍.

2025ല്‍ ഇതു വരെ 10 കമ്പനികള്‍ മാത്രമാണ് ലിസ്റ്റ് ചെയ്തത്. ഓഹരി വിപണിയിലെ ഉയര്‍ന്ന ചാഞ്ചാട്ടം മൂലം പല കമ്പനികളും ഐ.പി.ഒ മാറ്റിവയ്ക്കുകയായിരുന്നു. ഏകദേശം 30,000 കോടി രൂപയുടെ ഐ.പി.ഒകള്‍ മാറ്റിവച്ചതായാണ് അനലിസ്റ്റുകള്‍ കണക്കാക്കുന്നത്.

ഓഹരികളിലെ തുടര്‍ച്ചയായ ഇടിവ്, നിക്ഷേപകരുടെ പിന്മാറ്റം, ഗ്രേ മാര്‍ക്കറ്റ് പ്രീമിയത്തിലുണ്ടായ കുറവ്, അടുത്തിടെ ലിസ്റ്റ് ചെയ്ത ഓഹരികളുടെ ദുര്‍ബലമായ പ്രകടനം എന്നിവയെല്ലാം ഐ.പി.ഒ വിപണിയെ കഴിഞ്ഞ മാസങ്ങളില്‍ പ്രതികൂലമായി ബാധിച്ചു. വിപണിയില്‍ ഉണര്‍വ് കണ്ടു തുടങ്ങിയതോടെ ഐ.പി.ഒ വിപണിയിലെ മാന്ദ്യവും മാറുകയാണ്. ഏപ്രില്‍ വരെ 10 കമ്പനികള്‍ ചേര്‍ന്ന് 18,704 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. എസ്.എം.ഇ വിഭാഗത്തെ ഒഴിച്ചു നിര്‍ത്തിയുള്ള കണക്കാണിത്.

2024ല്‍ 91 കമ്പനികള്‍ ചേര്‍ന്ന്‌ 1.60 ലക്ഷം കോടി രൂപയാണ് ഐ.പി.ഒ വിപണിയില്‍ നിന്ന് സമാഹരിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com