ജുന്‍ജുന്‍വാല: പലിശയ്‌ക്കെടുത്ത 5000 രൂപയുമായെത്തി ഓഹരി വിപണിയിലെ 'ബിഗ് ബുള്‍' ആയി മാറിയ കോടീശ്വരന്‍

ഒരു സാധാരണ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയിരുന്ന ജുന്‍ജുന്‍വാല ഓഹരിവിപണിയോടുള്ള കൗതുകം മൂത്ത് ചെറുപ്പത്തില്‍ തന്നെ തന്റെ ചെറിയ നിക്ഷേപം ഇറക്കിയാണ് ദലാല്‍ സ്ട്രീറ്റിലെ ആദ്യ ചുവടുകള്‍ വച്ചത്. 18 ശതമാനം പലിശയ്ക്ക് സുഹൃത്തില്‍ നിന്ന് കടംവാങ്ങിയ 5000 രൂപയായിരുന്നു അത്. അത് പിന്നെ ഇരട്ടിയും പല മടങ്ങുകളുമായി.

നിരവധി കയറ്റിറക്കങ്ങള്‍. എന്നിട്ടും 1985 ല്‍ 150 പോയിന്റ് നിലവാരത്തില്‍ ട്രേഡിംഗ് നടത്തിയ സെന്‍സെക്‌സ് പിന്നീട് കോവിഡ് കാലത്ത് 62000 പോയിന്റുകള്‍ താണ്ടിയപ്പോഴും വിപണിയിലെ ജയന്റ് ആയി ജുന്‍ജുന്‍വാലയുണ്ട്. അദ്ദേഹത്തെ മാതൃകയാക്കി പഠനത്തോടെ ഓഹരിവിപണിയിലേക്ക് കാലെടുത്ത് വച്ചവര്‍ നിരവധിയാണ്.

ഓഹരിയിലെ 'ബിഗ് ബുള്‍' എന്നും ഇന്ത്യന്‍ നിക്ഷേപകരുടെ വാരന്‍ ബഫറ്റെന്നും അദ്ദേഹത്തിന് വിശേഷണങ്ങളുണ്ടായി. ആര്‍ ജെ എന്നും അദ്ദേഹത്തെ പലരും വിളിച്ചു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ തന്നെ പിടിച്ചുകുലുക്കി ഓഹരിവിപണിയില്‍ ഹര്‍ഷദ് മേത്ത കുംഭകോണമുണ്ടായെങ്കിലും രാകേഷ് കുലുങ്ങിയില്ല. ബുദ്ധിപൂര്‍വം നിക്ഷേപിച്ച് രാകേഷ് വിജയം കൊയ്തു.

ജുന്‍ജുന്‍വാല ടാറ്റ സ്റ്റോക്കുകളിലാണ് ആദ്യം കരുക്കള്‍ നീക്കി തുടങ്ങിയത്. 5000 രൂപയ്ക്ക് വാങ്ങിക്കൂട്ടിയ അന്നത്തെ ടൈറ്റന്‍ ഓഹരികളുടെ മൂല്യം ഇപ്പോള്‍ 11000 കോടി രൂപ കടന്നു. ഭാര്യ രേഖ ജുന്‍ജുന്‍വാലയുമായി ചേര്‍ന്ന് RaRe എന്ന ആര്‍ജെയുടെ കമ്പനി ഇന്ന് പല ഓഹരികളുടെയും പ്രധാന നിക്ഷേപകരാണ്.

ഓഹരിവിപണി കയറ്റത്തിലായപ്പോള്‍ അദ്ദേഹത്തിന്റെ ഓഹരി നിക്ഷേപങ്ങളുടെ മൂല്യം 31000 കോടി രൂപ കടന്നു; മൊത്തം ആസ്തി 46000 കോടിയായി. നിലവിലെ കണക്കുപ്രകാരം 32 കമ്പനികളിലാണ് Rare കമ്പനിക്ക് ഉള്ളത്. ഇത് മാത്രം ഏകദേശം 31904.8 കോടി രൂപ വരും.

ലിസ്റ്റില്‍ കേരള കമ്പനികളും

കേരളം ആസ്ഥാനമായ ഫെഡറല്‍ ബാങ്കില്‍ 3.6 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. അതായത്, ഏകദേശം 840 കോടി രൂപ വരുമിത്. മറ്റൊന്ന് ജിയോജിത്തിലാണ്. സ്റ്റാര്‍ഹെല്‍ത്ത് ഇന്‍ഷ്വറന്‍സില്‍ 7017.5 കോടി രൂപയും മെട്രോ ബ്രാന്‍ഡ്സില്‍ 3,348.8 കോടി രൂപയും നിക്ഷേപമുണ്ട്. സ്റ്റാര്‍ഹെല്‍ത്ത്, ആപ്ടെക് തുടങ്ങി നിരവധി കമ്പനികളുടെ പ്രൊമോട്ടര്‍മാരാണ് രാകേഷും ഭാര്യ രേഖയും.

ടാറ്റ സ്റ്റോക്‌സിന്റെ തലതൊട്ടപ്പനായിരുന്നു അദ്ദേഹം. ടൈറ്റന്‍, ടാറ്റാ മോട്ടോഴ്സ്,ടാറ്റാ കമ്മ്യൂണിക്കേഷന്‍സ്, ഇന്ത്യന്‍ ഹോട്ടല്‍സ് തുടങ്ങി ടാറ്റാ ഓഹരികളില്‍ അദ്ദേഹം വലിയ നിക്ഷേപങ്ങള്‍ നടത്തി. ക്രിസില്‍,കനറാ ബാങ്ക്, അരബിന്ദോ ഫാര്‍മ, നസറ ടെക് തുടങ്ങിയ പ്രമുഖ കമ്പനികളിലും അദ്ദേഹം നിക്ഷേപം നടത്തി. സിനിമാ നിര്‍മ്മാണരംഗത്തും അദ്ദേഹം സാന്നിധ്യമായി. ഹംഗാമ മീഡിയയുടെ ചെയര്‍മാനായിരുന്നു. 'ഇംഗ്‌ളീഷ് വിംഗ്ലീഷ്' അടക്കം ഏതാനും സിനിമകളും നിര്‍മിച്ചു. ആരോഗ്യം തീരെ നോക്കുമായിരുന്നില്ല അദ്ദേഹം. എന്നാല്‍ ജീവിതത്തിലെ ആരവങ്ങള്‍ അദ്ദേഹം അടക്കിവച്ചില്ല.

രോഗക്കിടക്കയില്‍ നിന്ന് ആകാശത്തേക്ക്

വൃക്ക രോഗത്തെ തുടര്‍ന്ന് കിടക്കയിലായിട്ടും ആകാശ എര്‍വേയ്‌സ് എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയായിരുന്നു രാകേഷ് ജുന്‍ജുന്‍വാല. ജെറ്റ് എയര്‍വേസിന്റെ മുന്‍ സി.ഇ.ഒ വിനയ് ഡൂബെ, ഇന്‍ഡിഗോ മുന്‍ മേധാവി ആദിത്യ ഘോഷ് എന്നിവരുമായി ചേര്‍ന്നായിരുന്നു രാകേഷ് ജുന്‍ജുന്‍വാല തുടക്കമിട്ടത്. ബജറ്റ് എയര്‍ലൈന്‍സ് ആയ ആകാശയുടെ ആദ്യ സര്‍വീസ് മുംബയില്‍ നിന്ന് അഹമ്മദാബാദിലേക്കായിരുന്നു. ആകാശയുടെ ലോഞ്ച് പൂര്‍ത്തിയായതിന് ശേഷമാണ് ജുന്‍ജുന്‍വാല പോയത്. ആകാശത്തോളം സ്വപ്‌നങ്ങളുമായി.


ജുന്‍ജുന്‍വാല നിക്ഷേപകരോട് പറഞ്ഞുവെച്ച 10 കാര്യങ്ങള്‍


Related Articles
Next Story
Videos
Share it