എല്‍ഐസി ഐപിഒ മാര്‍ച്ച് 22 ന്?

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (LIC) ഓഹരിവിപണിയിലേക്ക് അടുത്ത മാസമെത്താനിരിക്കുകയാണ്. ഇന്ത്യ ഇതുവരെ കണ്ട ഏറ്റവും വലിയ ഐപിഒ ആയിരിക്കും ഇത്. ഐപിഒയ്ക്കായി സെബിയുടെ അംഗീകാരം മൂന്നാഴ്ചയ്ക്കുള്ളില്‍ പ്രതീക്ഷിക്കുകയാണ് കേന്ദ്രം. ഐപിഒ മാര്‍ച്ച് 22 ന് ആയിരിക്കുമെന്നാണ് അറിയുന്നത്.

മാര്‍ച്ച് 31 മുന്‍പ് തന്നെ ഓഹരികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഓയ്ക്ക് ( LIC IPO) മുന്നോടിയായുള്ള ഡ്രാഫ്റ്റ് റെഡ്ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) ഇക്കഴിഞ്ഞയാഴ്ചയാണ് സമര്‍പ്പിച്ചത്.

1. സെബിയുടെ അംഗീകാരം ലഭിക്കുന്നതോടെ അന്തിമ രേഖയായ റെഡ്ഹെറിംഗ് പ്രോസ്പെക്ടസ് പുറത്തിറങ്ങും. ഇതില്‍ ഓഹരിവില അടക്കമുള്ള കൂടുതല്‍ വിവരങ്ങളുണ്ടാകും.
2. 1693 രൂപ മുതല്‍ 2962 രൂപവരെയായിരിക്കും ഒരു ഓഹരി വില എന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
3. ഓഫര്‍ ഫോര്‍ സെയ്ല്‍ ആയി അഞ്ച് ശതമാനം ഓഹരി വില്‍ക്കാനാണ് എല്‍ഐസി ഒരുങ്ങുന്നത്. ഇത് ഏകദേശം 31.62 കോടി ഓഹരികള്‍ വരും.
4. എല്‍ഐസി പോളിസി ഉടമകള്‍ക്കും ജീവനക്കാര്‍ക്കും നിശ്ചിത ക്വോട്ട ലഭിക്കുമെങ്കിലും അത് സംബന്ധിച്ച വ്യവസ്ഥകള്‍ തീരുമാനിച്ചിട്ടില്ലെന്നുമാണ് അറിയുന്നത്. എന്നിരുന്നാലും നിലവില്‍ ഇഷ്യു ചെയ്യുന്ന ഓഹരികളുടെ 10 ശതമാനം വരെ പോളിസി ഉടമകള്‍ക്കായി നീക്കി വച്ചിട്ടുണ്ടെന്നതാണ് വിവരം.
ഡീമാറ്റ് അക്കൗണ്ട് ഉള്ള പോളിസി ഉടമകള്‍ക്കായിരിക്കും ഐപിഓയില്‍ പങ്കെടുക്കാനാകുക. ഇതിനായി ഐപിഒയ്ക്ക് മുന്നോടിയായി എല്ലാ പോളിസി ഉടമകളും തങ്ങളുടെ പാന്‍ കാര്‍ഡ്(PAN Card) വിശദാംശങ്ങള്‍ പുതുക്കണമെന്ന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) അറിയിച്ചിരുന്നു.
ഒരു ഡീമാറ്റ് അക്കൗണ്ട് (Demat account) ഉണ്ടെങ്കില്‍ ഇന്ത്യയിലെ ഏത് ഐപിഒയുടെയും വരിക്കാരാകാം എന്ന മെച്ചവുമുണ്ട്. ആധാര്‍ വിവരങ്ങള്‍ക്കൊപ്പം പാന്‍കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കിയിട്ടില്ലാത്തവരാണ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യേണ്ടത്. കെവൈസി രേഖഖളില്‍ പാന്‍കാര്‍ഡും വളരെ പ്രധാനമാണ്.
ഓരോ എല്‍ഐസി പോളിസി ഹോള്‍ഡറും 2022 ഫെബ്രുവരി 28 ന് മുമ്പ് പോളിസി രേഖകളില്‍ തങ്ങളുടെ പാന്‍കാര്‍ഡ് വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
എല്‍ഐസി വെബ്സൈറ്റില്‍ നേരിട്ടോ (https://licindia.in/Home/Online-PAN-Registration) അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് വഴിയോ പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ പുതുക്കാം.




Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it