ജൂലൈ 15 മുതൽ കുരുമുളക് അവധി വ്യാപാരം പുനരാരംഭിച്ച് NCDEX; ഏക ഡെലിവറി കേന്ദ്രം കൊച്ചിയിൽ

ഇന്ത്യയുടെ സ്പൈസ് ട്രേഡിംഗിന് പുതിയ കരുത്തേകുമെന്നാണ് വിലയിരുത്തൽ
NCDEX Black Pepper Futures Trading
എൻ.സി.ഡി.ഇ.എക്സ് എം.ഡി & സി.ഇ.ഒ ആയ ഡോ. അരുൺ രാസ്തേ, പെപ്പർ ഫ്യൂച്ചേഴ്സിന്റെ വിശദാംശങ്ങൾ പങ്കുവെക്കുന്നു.
Published on

രാജ്യത്ത് കാർഷിക ഉത്പന്നങ്ങളുടെ അവധി വ്യാപാരത്തിൽ (Derivatives Trading) മുൻനിരയിലുള്ള നാഷണൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ്സ് എക്സ്ചേഞ്ചിൽ (എൻ.സി.ഡി.ഇ.എക്സ്) കുരുമുളക് അവധി വ്യാപാരം (Black Pepper Futures) 2026 ജൂലൈ 15 മുതൽ പുനരാരംഭിക്കുന്നു. ഇന്ന് (ജൂലൈ 7) കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് എക്സ്ചേഞ്ച് അധികൃതർ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ‌13 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് കുരുമുളക് അവധി വ്യാപാരം വീണ്ടും ആരംഭിക്കുന്നത്.

കൂടുതൽ വായിക്കാം: 13 വർഷത്തിന് ശേഷം കുരുമുളക് അവധി വ്യാപാരം വീണ്ടും തുടങ്ങുന്നു: കൊച്ചി ഇന്ത്യയുടെ സ്പൈസ് ട്രേഡിം​ഗ് ഹബ്ബ് ആകുമോ?

ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ല; ഡെലിവറി കൊച്ചിയിൽ മാത്രം

2013-ൽ വ്യാപാരം നിർത്തിവെക്കാൻ കാരണമായ ഗുണനിലവാര തർക്കങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ വ്യവസ്ഥകളോടെയാണ് പുതിയ കോൺട്രാക്റ്റ് ഡിസൈൻ ചെയ്തിരിക്കുന്നതെന്ന് എൻ.സി.ഡി.ഇ.എക്സ് അധികൃതർ വ്യക്തമാക്കി. കുരുമുളകിലെ ഈർപ്പത്തിന്റെ അളവ്, പൈപ്പറിൻ, വോളറ്റൈൽ ഓയിൽ എന്നിവയുടെ കൃത്യമായ അനുപാതം ഉറപ്പാക്കുന്നതിനൊപ്പം ഗുണനിലവാരമില്ലാത്ത കുരുമുളക് ഒഴിവാക്കാനും കർശന പരിശോധനകളുണ്ടാകും. വ്യാപാരത്തിനായുള്ള നിർബന്ധിത ഡെലിവറി കൊച്ചിയുടെ 60 കിലോമീറ്റർ ചുറ്റളവിൽ മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്.

'ഹർ ഘർ ഇൻവെസ്റ്റർ' രണ്ടാം ഘട്ടം

സാധാരണക്കാരിലേക്ക് നിക്ഷേപമെത്തിക്കാൻ ലക്ഷ്യമിട്ടുള്ള എൻ.സി.ഡി.ഇ.എക്സിന്റെ 'ഹർ ഘർ ഇൻവെസ്റ്റർ' എന്ന പ്രചാരണ പരിപാടിയുടെ രണ്ടാം ഘട്ടമായാണ് ബ്ലാക്ക് പെപ്പർ ഫ്യൂച്ചേഴ്സിന്റെ (കുരുമുളക് അവധി വ്യാപാരം) ലോഞ്ച് നടക്കുന്നത്. 2026 ജൂണിൽ ഗുവാഹത്തിയിലാണ് ഇതിന്റെ ആദ്യഘട്ടം ആരംഭിച്ചത്. ഉയർന്ന സാമ്പത്തിക സാക്ഷരതയും മികച്ച വ്യാപാര പാരമ്പര്യവും പരിഗണിച്ചാണ് രണ്ടാം ഘട്ടത്തിനായി കൊച്ചിയെ തിരഞ്ഞെടുത്തതെന്ന് എൻ.സി.ഡി.ഇ.എക്സിന്റെ എം.ഡിയും സി.ഇ.ഒ.യുമായ ഡോ. അരുൺ രാസ്തേ പറഞ്ഞു.

നിലവിൽ കുരുമുളകിന് ആഗോളതലത്തിൽ ഒരു ലൈവ് ബെഞ്ച്മാർക്ക് സൂചിക ഇല്ലാത്തതിന്റെ പോരായ്മ നികത്താൻ പുതിയ നീക്കത്തിലൂടെ സാധിക്കുമെന്നും, ഇത് അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ ഇന്ത്യയുടെ നേതൃസ്ഥാനം കൂടുതൽ കരുത്തുറ്റതാക്കുമെന്നും എൻ.സി.ഡി.ഇ.എക്സിന്റെ ചീഫ് ബിസിനസ് ഓഫീസർ, കേദാർ ദേശ്പാണ്ഡെ വ്യക്തമാക്കി.

വിപണി വിപുലീകരണം: മ്യൂച്വൽ ഫണ്ടും റബ്ബർ ഫ്യൂച്ചേഴ്സും

കമ്മോഡിറ്റി വിപണിയിലെ തങ്ങളുടെ സുതാര്യത ഇക്വിറ്റി വിപണിയിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വർഷം തന്നെ പുതിയ മ്യൂച്വൽ ഫണ്ട് പ്ലാറ്റ്ഫോം ആരംഭിക്കുമെന്ന് ചീഫ് ഓഫ് ഇക്വിറ്റി ടോജോ ബാനർജി അറിയിച്ചു. ഇതിനായി 770 കോടി രൂപയുടെ മൂലധന സമാഹരണം എക്സ്ചേഞ്ച് പൂർത്തിയാക്കിയിട്ടുണ്ട്.

ഇതിനുപുറമെ, റബ്ബർ അവധി വ്യാപാരം (Rubber Futures) ആരംഭിക്കുന്നതിനുള്ള സാധ്യതകൾ സജീവമായി പഠിച്ചുവരികയാണെന്നും എൻ.സി.ഡി.ഇ.എക്സ് അധികൃതർ വ്യക്തമാക്കി. എന്നാൽ ഇതിന് ആവശ്യമായ നിയമപരമായ അനുമതികൾ ലഭിക്കാനും വിപണിയുടെ അടിസ്ഥാന ഘടകങ്ങളെ കുറിച്ച് പഠിക്കാനും ഒക്കെയായി ഒന്നര വർഷത്തോളം സമയമെടുത്തേക്കാമെന്നും അവർ പറഞ്ഞു.

പരമ്പരാഗത കമ്മോഡിറ്റി ഡെറിവേറ്റീവുകൾക്ക് പുറമെ കാലാവസ്ഥാ അധിഷ്ഠിത സാമ്പത്തിക ഉത്പന്നങ്ങളിലേക്കും (Weather Derivatives) ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഐ.എം.ഡിയും ഐ.ഐ.ടി ബോംബെയുമായി ചേർന്ന് വികസിപ്പിച്ച മൺസൂൺ മഴ അടിസ്ഥാനമാക്കിയുള്ള ഫ്യൂച്ചേഴ്സ് കോൺട്രാക്റ്റായ 'റെയിൻമുംബൈയ്ക്ക്' (RAINMUMBAI) രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിയുടെ (SEBI) അംഗീകാരം ലഭിച്ചതും വ്യാപാരം ആരംഭിക്കാനായതും വിപണിയിലെ പ്രധാന മുന്നേറ്റമായി എൻ.സി.ഡി.ഇ.എക്സ് അധികൃതർ ചൂണ്ടിക്കാട്ടി.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com