Begin typing your search above and press return to search.
പൊറിഞ്ചു വെളിയത്തിന്റെ പുതിയ നിക്ഷേപം 'പേരുമാറ്റിയ' റിയല്‍ എസ്‌റ്റേറ്റ് കമ്പനിയില്‍
പ്രമുഖ നിക്ഷേപകനും പോര്‍ട്ട്‌ഫോളിയോ മാനേജറുമായ പൊറിഞ്ചു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഇക്വിറ്റി ഇന്റലിജന്‍സ് റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ് ലിമിറ്റഡിന്റെ (Indiabulls Real Estate Ltd) ഓഹരികള്‍ സ്വന്തമാക്കി. ജൂണ്‍ 20 മുതല്‍ ഇക്വുനോസ് ഇന്ത്യ ഡെവലപ്‌മെന്റ്‌സ് ലിമിറ്റഡ് (Equinox India Developments Limited) എന്ന പുതിയ പേരിലാണ് ഈ കമ്പനി അറിയപ്പെടുന്നത്.
49.92 കോടി രൂപയ്ക്ക് 33 ലക്ഷം ഓഹരികളാണ് പൊറിഞ്ചുവിന്റെ കമ്പനി സ്വന്തമാക്കിയത്. ഓഹരിയൊന്നിന് ശരാശരി 151.25 രൂപ മൂല്യം കണക്കാക്കിയാണ് ഇടപാട്. ഇക്വിറ്റി ഇന്റലിജന്‍സിനെ കൂടാതെ വിദേശ നിക്ഷേപകരായ ബൊഫ സെക്യൂരിറ്റീസും (BofA Securities), ഗ്രാവിട്ടണ്‍ റിസേര്‍ച്ച് ക്യാപിറ്റല്‍സും (Graviton Research Capital) ഇന്ത്യാബുള്‍സിന്റെ ഓഹരികള്‍ വാങ്ങിയിട്ടുണ്ട്.
ന്യൂയോര്‍ക്ക് ആസ്ഥാനമായ ബൊഫ സെക്യൂരിറ്റീസ് 53.25 കോടി രൂപയുടെയും ഗ്രാവിട്ടണ്‍ റിസേര്‍ച്ച് ക്യാപിറ്റല്‍സ് 68 കോടി രൂപയുടെ ഷെയറുകളും സ്വന്തമാക്കിയിട്ടുണ്ട്. ജൂണ്‍ 20നാണ് മുന്നു കമ്പനികളും ഓഹരികള്‍ വാങ്ങിയത്. കഴിഞ്ഞ ദിവസം പൊറിഞ്ചു വെളിയത്ത് പ്രോട്ടീന്‍ ഇ ഗവ് ടെക്‌നോളജീസില്‍ ഓഹരി സ്വന്തമാക്കിയിരുന്നു.
ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ്
ഈ വര്‍ഷം നിക്ഷേപകര്‍ക്ക് 80 ശതമാനം നേട്ടം സമ്മാനിച്ച ഓഹരിയാണ് ഇന്ത്യാബുള്‍സ് റിയല്‍ എസ്‌റ്റേറ്റ്. 156.40 രൂപയാണ് ജൂണ്‍ 21 വെള്ളിയാഴ്ചത്തെ ഓഹരിവില. ഇന്ത്യയിലെ മുന്‍നിര ലിസ്റ്റഡ് റിയല്‍ എസ്റ്റേറ്റ് കമ്പനിയാണിത്. മുംബൈ ആസ്ഥാനമായുള്ള കമ്പനി 2000ത്തിലാണ് സ്ഥാപിതമായത്. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ പ്രോജക്ടുകളും സജീവമാണ്.
2024 സാമ്പത്തികവര്‍ഷം 414 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. 1,038 കോടി രൂപയാണ് നഷ്ടം രേഖപ്പെടുത്തിയത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത്.
പ്രതിസന്ധികള്‍ക്കിടയിലും ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 161 ശതമാനം നേട്ടം സമ്മാനിക്കാന്‍ ഈ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 9,901 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം. കഴിഞ്ഞ സാമ്പത്തികവര്‍ഷം നഷ്ടം രേഖപ്പെടുത്തിയെങ്കിലും വരും വര്‍ഷങ്ങളില്‍ നേട്ടംകൊയ്യുമെന്ന് കമ്പനി സൂചന നല്‍കിയിട്ടുണ്ട്.
പൊറിഞ്ചു വെളിയത്തിന്റെ നിക്ഷേപകരീതി
വളര്‍ച്ചാ സാധ്യതയുള്ള സ്മോള്‍ക്യാപ് ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുന്നതില്‍ പ്രഗത്ഭനാണ് പൊറിഞ്ചു വെളിയത്ത്. നിരവധി നിക്ഷേപകര്‍ അദ്ദേഹത്തിന്റെ ഓഹരി തിരഞ്ഞെടുപ്പുകള്‍ സശ്രദ്ധം വീക്ഷിക്കാറുമുണ്ട്. ടാല്‍ എന്റര്‍പ്രൈസസ്, കേരള ആയുര്‍വേദ, ആര്‍.പി.എസ്.ജി വെഞ്ച്വേഴ്സ്, ഡ്യൂറോപ്ലൈ ഇന്‍ഡസ്ട്രീസ്, ആരോ ഗ്രീന്‍ടെക്, സെന്റം ഇലക്ട്രോണിക്സ്, കൊകുയ കാംലിന്‍, ഓറിയന്റ് ബെല്‍, കായ, ഓറം പ്രോപ് ടെക്, അന്‍സാല്‍ ബില്‍ഡ്വെല്‍, എയോണ്‍എക്സ് ഡിജിറ്റല്‍ ടെക്നോളജി, പി.ജി ഫോസില്‍, മാക്സ് ഇന്ത്യ തുടങ്ങിയ കമ്പനികളിലെല്ലാം പൊറിഞ്ചു വെളിയത്തിന് നിക്ഷേപമുണ്ട്.
Next Story
Videos