'മരുന്നുകള്‍' ഏറ്റു; സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍

ഔഷധ നിര്‍മ്മാണ കമ്പനികള്‍ കാഴ്ചവച്ച മുന്നേറ്റത്തിന്റെ കരുത്തില്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് നേട്ടം. സെന്‍സെക്‌സ് 232.23 പോയിന്റ് (0.35%) നേട്ടവുമായി 65,953.48ലും നിഫ്റ്റി 80.30 പോയിന്റ് ഉയര്‍ന്ന് (0.41%) 19,597.30ലുമാണ് വ്യാപാരാന്ത്യമുള്ളത്. ഇന്നൊരുവേള നിഫ്റ്റി 19,620 വരെ എത്തിയെങ്കിലും നേട്ടം നിലനിറുത്താനായില്ല. സെന്‍സെക്‌സ് ഒരുവേള 66,000വും കടന്നിരുന്നു.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം


ഔഷധ ഓഹരികള്‍ക്ക് പുറമേ ഐ.ടി., ഹെല്‍ത്ത്‌കെയര്‍ ഓഹരികളിലുണ്ടായ മികച്ച വാങ്ങല്‍ ട്രെന്‍ഡും ഇന്ന് വിപണിക്ക് ആവേശമായി. അതേസമയം റിസര്‍വ് ബാങ്കിന്റെ പണനയ പ്രഖ്യാപനം, അമേരിക്കയുടെയും ഇന്ത്യയുടെയും പണപ്പെരുപ്പ കണക്ക് എന്നിവ ഈയാഴ്ച പുറത്തുവരുമെന്നതിനാല്‍ വരും ദിവസങ്ങളില്‍ നിക്ഷേപകര്‍ കരുതലോടെ ഇടപെടലുകള്‍ നടത്താനാണ് സാദ്ധ്യതയേറെ. ഇത് സൂചികകളില്‍ ചാഞ്ചാട്ടത്തിന് വഴിവച്ചേക്കാം. ഓഗസ്റ്റ് 10നാണ് റിസര്‍വ് ബാങ്ക് ധനനയം പ്രഖ്യാപിക്കുക. അടിസ്ഥാന പലിശനിരക്ക് (റിപ്പോനിരക്ക്) നിലനിറുത്താനാണ് സാദ്ധ്യതയേറെ.

മുന്നേറിയവര്‍
മികച്ച വളര്‍ച്ചാ അനുമാനം,, ബ്രോക്കറേജ് സ്ഥാപനങ്ങള്‍ നിന്നുള്ള വാങ്ങല്‍ (buy) സ്റ്റാറ്റസ് തുടങ്ങിയ പോസിറ്റീവ് ഘടകങ്ങളുടെ ബലത്തില്‍ ഔഷധ കമ്പനി ഓഹരികള്‍ കാഴ്ചവച്ച മുന്നേറ്റമാണ് ഇന്ന് സൂചികകള്‍ക്ക് നേട്ടമായത്. സണ്‍ഫാര്‍മ, ഡിവീസ് ലാബ്, ഓറോബിന്ദോ ഫാര്‍മ തുടങ്ങിയ മികച്ച നേട്ടമുണ്ടാക്കി. ഓരോബിന്ദോയുടെ മരുന്ന് നിര്‍മ്മാണകേന്ദ്രം അമേരിക്കന്‍ ആരോഗ്യവിഭാഗം അധികൃതര്‍ സന്ദര്‍ശിച്ചിരുന്നു. നിര്‍മ്മാണ കേന്ദ്രത്തിന് അംഗീകാരം നല്‍കുന്നതിന്റെ ഭാഗമായാണിത്. ഓഹരി ഇന്ന് മൂന്ന് ശതമാനത്തിലധികം മുന്നേറി; രണ്ടുവര്‍ഷത്തെ ഉയരത്തിലാണ് ഇപ്പോള്‍ ഓഹരിയുള്ളത്.
ഇന്ന് കൂടുതൽ നേട്ടം രചിച്ചവർ

നിഫ്റ്റി ഫാര്‍മ സൂചിക 1.56 ശതമാനവും ഐ.ടി ഓഹരികള്‍ 1.13 ശതമാനവും ഹെല്‍ത്ത്‌കെയര്‍ 2.01 ശതമാനവും ഉയര്‍ന്നു. നിഫ്റ്റി മിഡ്ക്യാപ്പ് 0.51 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.22 ശതമാനവും നേട്ടത്തിലാണ്.
പുതിയ കരാറുകളുടെ ബലത്തില്‍ ഇന്ത്യന്‍ റെയില്‍വേ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ (IRFC) ഓഹരികള്‍ മുന്നേറ്റം തുടരുകയാണ്; ഇന്ന് 12.21 ശതമാനമാണ് നേട്ടം.
മാക്‌സ് ഹെല്‍ത്ത്‌കെയര്‍, വണ്‍97 കമ്മ്യൂണിക്കേഷന്‍സ് (പേയ്ടിഎം), ആര്‍.ഇ.സി., ഡിവീസ് ലാബ് എന്നിവയാണ് നിഫ്റ്റി 200ല്‍ ഇന്ന് ഏറ്റവുമധികം നേട്ടം കൊയ്ത മറ്റ് ഓഹരികള്‍.
ആശുപത്രി ശൃംഖലയായ മാക്‌സ് ഹെല്‍ത്ത്‌കെയറിന്റെ ജൂണ്‍പാദ ലാഭം 27 ശതമാനം വര്‍ദ്ധിച്ച് ഓഹരികള്‍ക്ക് ഊര്‍ജമായി. സ്ഥാപകനും സി.ഇ.ഒയുമായ വിജയ് ശേഖര്‍ ശര്‍മ്മ കമ്പനിയുടെ 10.3 ശതമാനം ഓഹരികള്‍ ചൈനീസ് നിക്ഷേപക സ്ഥാപനമായ ആന്റ് ഫൈനാന്‍ഷ്യലില്‍ (Ant Financial) നിന്ന് തിരികെ വാങ്ങാന്‍ തീരുമാനിച്ച (buyback) വാര്‍ത്തയാണ് പേയ്ടിഎം ഓഹരികള്‍ക്ക് കരുത്തായത്.
സെന്‍സെക്‌സില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സണ്‍ഫാര്‍മ, ബജാജ് ഫിന്‍സെര്‍വ്, ടി.സി.എസ്., ഇന്‍ഫോസിസ്, എച്ച്.യു.എല്‍., ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ എന്നിവയാണ് നേട്ടത്തിന് ചുക്കാന്‍ പിടിച്ചത്.
ജൂണ്‍പാദത്തില്‍ അപ്രതീക്ഷിതമായി ലാഭട്രാക്കിലേറിയ പശ്ചാത്തലത്തില്‍ സൊമാറ്റോ ഓഹരികള്‍ മുന്നേറുകയാണ്. ഓഹരി ഇന്ന് ഒരുവേള 100 രൂപ ഭേദിച്ചു. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ നേട്ടം. മാര്‍ച്ച് പാദത്തിലെ 189 കോടി രൂപയുടെ നഷ്ടത്തില്‍ നിന്ന് രണ്ടുകോടി രൂപയുടെ ലാഭത്തിലേക്കാണ് കഴിഞ്ഞപാദത്തില്‍ കമ്പനി വളര്‍ച്ച കുറിച്ചത്.

നിരാശപ്പെടുത്തിയവര്‍
സെന്‍സെക്‌സില്‍ എസ്.ബി.ഐ., ടാറ്റാ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫൈനാന്‍സ്, കോട്ടക് ബാങ്ക് എന്നിവ നിരാശപ്പെടുത്തി.
സെന്‍സെക്‌സില്‍ ഇന്ന് 2,205 ഓഹരികള്‍ നേട്ടത്തിലേറിയപ്പോള്‍ 1,661 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. 20 ഓഹരികളുടെ വില മാറിയില്ല. 229 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലും 59 എണ്ണം താഴ്ചയിലുമായിരുന്നു. ഒറ്റ കമ്പനി പോലും അപ്പര്‍ സര്‍ക്യൂട്ടിലെത്തിയില്ല. നാലെണ്ണം ലോവര്‍ സര്‍ക്യൂട്ടിലുണ്ടായിരുന്നു.
ഇന്ന് കൂടുതൽ നഷ്ടം കുറിച്ചവർ

ബി.എസ്.ഇയുടെ നിക്ഷേപക മൂല്യം ഇന്ന് 1.22 ലക്ഷം കോടി രൂപ വര്‍ദ്ധിച്ച് 305.38 ലക്ഷം കോടി രൂപയായി.
ആദിത്യ ബിര്‍ള ഫാഷനാണ് ഇന്ന് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയത്. ഓഹരി 4.96 ശതമാനം ഇടിഞ്ഞു. എത്‌നിക് ബ്രാന്‍ഡായ ടി.സി.എന്‍.എസിന്റെ നിയന്ത്രണ ഓഹരി പങ്കാളിത്തം ഏറ്റെടുക്കാനുള്ള കമ്പനിയുടെ തീരുമാനമാണ് ആദിത്യ ബിര്‍ള ഫാഷന്‍ ഓഹരികളെ തളര്‍ത്തിയത്.
ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍, ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്, അദാനി ഗ്രീന്‍ എനര്‍ജി, വേദാന്ത എന്നിവയാണ് കൂടുതല്‍ നഷ്ടം കുറിച്ച മറ്റ് ഓഹരികള്‍. ബാങ്ക് നിഫ്റ്റി 0.09 ശതമാനം നഷ്ടത്തിലാണ്. നിഫ്റ്റി മീഡിയ, ലോഹം, പി.എസ്.യു ബാങ്ക് എന്നിവയും നിരാശപ്പെടുത്തി.
ഈസ്‌റ്റേണ്‍ കുതിച്ചു; ഇന്‍ഡിട്രേഡും
കഴിഞ്ഞ ഏതാനും സെഷനുകളിലായി കാഴ്ചവയ്ക്കുന്ന നേട്ടക്കുതിപ്പ് ഇന്‍ഡിട്രേഡ് ഇന്നും തുടര്‍ന്നു; ഓഹരി 7.16 ശതമാനം മുന്നേറി.
എന്നാല്‍, ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ച കേരള ഓഹരികള്‍ ഈസ്‌റ്റേണ്‍ ട്രെഡ്‌സും (20%), നിറ്റ ജെലാറ്റിനുമാണ് (10.93%). മികച്ച ജൂണ്‍പാദ ഫലമാണ് നിറ്റ ജെലാറ്റിന്‍ ഓഹരികള്‍ കരുത്താക്കിയത്.
കേരള ഓഹരികളുടെ ഇന്നത്തെ നിലവാരം

ജൂണ്‍പാദ ഫലപ്രഖ്യാപനത്തിന് മുന്നോടിയായുള്ള ഡയറക്ടര്‍ ബോര്‍ഡ് യോഗം ഓഗസ്റ്റ് 14ന് ചേരുമെന്ന് ഈസ്‌റ്റേണ്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് ഓഹരികള്‍ കുതിച്ചത്.
വെര്‍ട്ടെക്‌സ് (5.49%), സി.എസ്.ബി ബാങ്ക് (3.27%) എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മറ്റ് കേരള ഓഹരികള്‍.
പ്രൈമ ഇന്‍ഡസ്ട്രീസ് (5%), കേരള ആയുര്‍വേദ (3.8%), പാറ്റ്‌സ്പിന്‍ (3.74%), യൂണിറോയല്‍ (3.08%), സ്‌കൂബിഡേ (3.02%) എന്നിവയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടവര്‍.
രൂപയും ആഗോള ഓഹരികളും
അമേരിക്ക, ചൈന എന്നിവയുടെ പണപ്പെരുപ്പ കണക്കുകള്‍ ഈയാഴ്ച അറിയാമെന്നതിനാല്‍ ആഗോള ഓഹരികളില്‍ കരുതലോടെയാണ് വ്യാപാരം നടന്നത്. യു.കെ വിപണി നഷ്ടത്തിലായിരുന്നു. മറ്റ് യൂറോപ്യന്‍ ഓഹരികളില്‍ കാര്യമായ ചലനമുണ്ടായില്ല.
ജാപ്പനീസ് വിപണിയില്‍ നേരിയ നേട്ടമുണ്ടായി. ചൈനീസ് ഓഹരികള്‍ നഷ്ടത്തിലാണ്.
കഴിഞ്ഞയാഴ്ചയിലെ നഷ്ടത്തിന് വിരാമമിട്ട് രൂപ ഇന്ന് നേട്ടമെഴുതി. വ്യാപാരാന്ത്യം ഡോളറിനെതിരെ 0.12 ശതമാനം നേട്ടവുമായി 82.74 ആണ് മൂല്യം.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it