ലാഭമെടുപ്പ് കുതിപ്പിന് വിരാമമിട്ടു; ബി.എസ്.ഇയുടെ മൂല്യം 300 ലക്ഷം കോടി

അഞ്ച് ദിവസത്തെ കുതിപ്പിന് വിരാമമിട്ട് സെന്‍സെക്‌സ് ഇന്ന് നേരിയ നഷ്ടത്തോടെ 65,446 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി നേരിയ നേട്ടത്തില്‍ 19,398 ലും. നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തിയതും യു.എസ്, ചൈന വ്യാപാര പ്രശ്‌നങ്ങളെ കുറിച്ചുള്ള ആശങ്കകളുമാണ് ഇന്ന് വിപണിയെ ബാധിച്ചത്.

വിവിധ ഓഹരി സൂചികകളുടെ ഇന്നത്തെ നിലവാരം

ചൈനയുടെ സാമ്പത്തിക രംഗം സ്ഥിരത പ്രാപിക്കാത്തതും യു.എസ് ഫെഡറല്‍ റിസര്‍വിന്റെ അവസാന നയ യോഗത്തിന്റെ മിനിറ്റ്‌സ് അടുത്തയാഴ്ച പുറത്തു വരുന്നതും വിപണിയെ സ്വാധീനിച്ചു. വരുന്നയാഴ്ച യു.എസിന്റെ ജോബ് റിപ്പോര്‍ട്ടും പുറത്തു വരും. യു.എസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശ നിരക്ക് ഉയര്‍ത്തുമോ എന്നതിനെ കുറിച്ച് സൂചനകള്‍ നല്‍കുമെന്ന് വിപണി പ്രതീക്ഷിക്കുന്നു. ഡോളറിനെതിരെ രൂപ 20 പൈസ താഴ്ന്ന് 82.22 ലാണ് ഇന്ന് രൂപ.

ബി.എസ്.ഇ മൂല്യം ഉയര്‍ന്നു
ബി.എസ്.ഇയുടെ നിക്ഷേപക മൂല്യം ആദ്യമായി ഇന്ന് 300 ലക്ഷം കോടി രൂപ കടന്നു. ഒറ്റദിവസം കൊണ്ട് 1.3 ലക്ഷം കോടി രൂപയാണ് മൂല്യമുയര്‍ന്നത്. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ മൂല്യം മാര്‍ച്ച് 28 മുതല്‍ ഇന്നു വരെ 18.5 ശതമാനം ഉയര്‍ന്നു. ഈ വര്‍ഷം ഇതുവരെ 6.6 ശതമാനമാണ് ബി.എസ്.ഇയുടെ നേട്ടം. വിദേശ നിക്ഷേപകര്‍ വാങ്ങല്‍ തുടര്‍ന്നതാണ് നേട്ടത്തിനിടയാക്കിയത്. നടപ്പു സാമ്പത്തിക വര്‍ഷം ഇതു വരെ (ഏപ്രില്‍-ജൂണ്‍) വിദേശ നിക്ഷേപര്‍ 1.2 ലക്ഷം കോടി രൂപ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചിട്ടുണ്ട്.
നേട്ടമുണ്ടാക്കിയവര്‍
ബി.എസ്.ഇയിലെ 1,967 ഓഹരികള്‍ നേട്ടത്തിലും 1,527 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 132 ഓഹരികളുടെ വിലയില്‍ മാറ്റമില്ല. ഓട്ടോ(1.64%), എഫ്.എം.സി.ജി(1.82%), ഐ.ടി മേഖലകളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.71 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.74 ശതമാനവും ഉയര്‍ന്നു.

ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചവർ

ഭെല്‍, സംവര്‍ധന മതേഴ്‌സണ്‍ ഇന്റര്‍നാഷണല്‍, ബജാജ് ഓട്ടോ, ഡിവിസ് ലാബ്, കോള്‍ഗേറ്റ് പാമോലീവ്(ഇന്ത്യ) എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.
മാരുതി സുസുക്കി ഇന്ത്യയുടെ ഓഹരി വില ആദ്യമായി 10,000 രൂപയെന്ന നാഴികകല്ല് തൊട്ടു. എസ്.യു.വി വിഭാഗത്തില്‍ പുതിയ വാഹനമായ ഇന്‍വിക്‌റ്റോ അവതരിപ്പിച്ച ദിനത്തിൽ ഓഹരി വില നാല് ശതമാനം ഉയര്‍ന്ന് 10,036.95
രൂപയിലെത്തി
. വ്യാപാരം അവസാനിക്കുമ്പോള്‍ ഓഹരി വില 9,990.10 രൂപയാണ്.
ടെക് മഹീന്ദ്ര, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എച്ച്.യു.എല്‍ തുടങ്ങിയ ഓഹരികള്‍ 2-3.5% ശതമാനം നേട്ടമുണ്ടാക്കി. ഐ.സി.ഐ.സി.ഐ ബാങ്ക്, പവര്‍ ഗ്രിഡ്, നെസ്‌ലെ, ടൈറ്റന്‍ എന്നീ ഓഹരികളും നേട്ടത്തിലായിരുന്നു.
സിംഗപ്പൂര്‍ സോവറിന്‍ വെല്‍ത്ത് ഫണ്ട് ജി.ഐ.സിയുമായി 200 കോടി ഡോളറിന്റെ കരാര്‍ ഒപ്പുവച്ചതോടെ ജെനുസ് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്ന് 20 ശതമാനം അപ്പര്‍സര്‍ക്യൂട്ട് കടന്നു.
ജപ്പാന്‍ ആസ്ഥാനമായ വാഹന ഘടക നിര്‍മാതാക്കളായ യാഷിയോ ഇന്‍ഡസട്രിയുടെ നാലുചക്ര വാഹന ബിസിനസില്‍ 81 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നുവെന്ന പ്രഖ്യാപനത്തെ തുടര്‍ത്ത് സംവര്‍ധന മതേഴ്‌സണ്‍ ഇന്റര്‍നാഷണലിന്റെ ഓഹരികള്‍ 6% ഉയര്‍ന്നു.
നഷ്ടത്തില്‍ ഇവ
ബാങ്കിംഗ്, ധനകാര്യ ഓഹരികള്‍ ഇന്ന് നഷ്ടത്തിലായിരുന്നു. ഡിക്‌സണ്‍ ടെക്‌നോളജീസ്, എച്ച്.ഡി.എഫ്.സി- എച്ച്.ഡി.എഫ്.സി ബാങ്ക്, ആസ്ട്രല്‍, ഐഷര്‍ മോട്ടോഴ്‌സ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ട ഓഹരികള്‍.

ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടവർ

സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്നേറി
കേരള കമ്പനികളില്‍ ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളാണ്. 3.05% നേട്ടവുമായി 20.3 രൂപയിലാണ് ഓഹരികള്‍. ധനലക്ഷ്മി ബാങ്ക്, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, വണ്ടര്‍ലാ ഹോളിഡേയ്‌സ് തുടങ്ങിയ കേരള കമ്പനികളും നേട്ടമുണ്ടാക്കി.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

അതേസമയം, ഗള്‍ഫ് ബിസിനസ് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളെ തുടര്‍ന്ന് ഇന്നലെ 16 ശതമാനം വില ഉയര്‍ന്ന ഡി.എം ഹെല്‍ത്ത്‌കെയര്‍ ഓഹരി വില ഇന്ന് 3.67 ശതമാനം ഇടിഞ്ഞു.
ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് തുടങ്ങിയ ഓഹരികളുടെ വിലയും ഇന്ന് ഇടിവ് നേരിട്ടു.
Resya R
Resya R  

Related Articles

Next Story

Videos

Share it