

ഇന്ന് ഒറ്റയടിക്ക് ബി.എസ്.ഇയിലെ കമ്പനികളുടെ നിക്ഷേപക മൂല്യത്തില്‍ നിന്ന് കൊഴിഞ്ഞുപോയത് 7.59 ലക്ഷം കോടി രൂപ. വ്യാപാരത്തിന്റെ തുടക്കം മുതല്‍ കനത്ത വില്‍പന സമ്മര്‍ദ്ദം. സെന്‍സെക്‌സ് 825 പോയിന്റും നിഫ്റ്റി 260 പോയിന്റും ഇടിഞ്ഞു.
നിഫ്റ്റി 100-ദിന അവറേജ് മൂവിംഗ് (100-DMA) ശരാശരിക്ക് താഴെയായി. 19,330 എന്ന സപ്പോര്‍ട്ട് ലെവലിനും താഴെയാണ് നിഫ്റ്റി ഇപ്പോൾ എന്നതിനാല്‍, വരും ദിവസങ്ങളില്‍ വലിയ തകര്‍ച്ച പ്രവചിക്കുന്ന സാങ്കേതിക റിസര്‍ച്ച് അനലിസ്റ്റുകളുണ്ട്. ഒരുപക്ഷേ, നിഫ്റ്റി 18,825 വരെ താഴ്‌ന്നേക്കാമെന്ന് അവര്‍ വിലയിരുത്തുന്നു.
വീഴ്ചയുടെ ഭാരം കഠിനം
സെന്‍സെക്‌സ് 825 പോയിന്റ് (1.26%) ഇടിഞ്ഞ് 64,571 പോയിന്റിലും നിഫ്റ്റി 261 പോയിന്റ് (1.34%) താഴ്ന്ന് 19,281ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റിയിലെ വിശാല വിപണി (Broader Market) സൂചികകളെല്ലാം ഇതിലും വലിയ വില്‍പന സമ്മര്‍ദ്ദത്തില്‍ മുങ്ങി. നിഫ്റ്റി സ്‌മോള്‍ക്യാപ്പിന്റെ വീഴ്ച 3.59 ശതമാനമാണ്. മിഡ്ക്യാപ്പ് 2.66 ശതമാനം കൂപ്പുകുത്തി.
നിഫ്റ്റി മീഡിയയാണ് ഏറ്റവും വലിയ തകര്‍ച്ച കുറിച്ചിട്ടത്; 5 ശതമാനം. നിഫ്റ്റി പൊതുമേഖലാ ബാങ്ക്, റിയല്‍റ്റി, ലോഹം സൂചികകള്‍ 2-4 ശതമാനവും ഇടിഞ്ഞു.
അദാനി എന്റര്‍പ്രൈസസ്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ, എല്‍.ടി.ഐ മെന്‍ഡ്ട്രീ, സെന്‍ട്രല്‍ ബാങ്ക്, ഡി.എല്‍.എഫ്., ടി.സി.എസ്., വിപ്രോ, എംഫസിസ്, ഹിന്ദുസ്ഥാന്‍ കോപ്പര്‍, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂകോ ബാങ്ക് എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ട മുന്‍നിര ഓഹരികള്‍.
ബി.എസ്.ഇയിലെ കമ്പനികളുടെ നിക്ഷേപക മൂല്യം ഇന്ന് 7.59 ലക്ഷം കോടി രൂപ ഇടിഞ്ഞ് 311.30 ലക്ഷം കോടി രൂപയായി. തുടര്‍ച്ചയായ നാലാം സെഷനിലാണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇടിയുന്നത്. നാല് ദിവസത്തിനിടെ നിക്ഷേപകരുടെ കീശയില്‍ നിന്ന് ചോര്‍ന്നത് 12.51 ലക്ഷം കോടി രൂപ.
നോവിച്ച് ബോണ്ടും എണ്ണയും
ഇസ്രായേല്‍-ഹമാസ് യുദ്ധവും ഇരുപക്ഷത്തേക്കുമായി മുന്‍നിര രാജ്യങ്ങള്‍ ചേരിതിരിഞ്ഞതും ആഗോള ഓഹരി വിപണിക്കുമേല്‍ ആശങ്കയുടെ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്. യുദ്ധ പശ്ചാത്തലത്തില്‍ ചെറിയ ചാഞ്ചാട്ടമുണ്ടെങ്കിലും ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറിനുമേല്‍ തുടരുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് തന്നെ തിരിച്ചടിയാണ്. പണപ്പെരുപ്പം വീണ്ടും കൂടാനിത് ഇടയാക്കുമെന്നതാണ് പ്രധാന തിരിച്ചടി.
എന്നാല്‍, ഇന്ന് ഓഹരി വിപണികളെ തളര്‍ത്തിയ മുഖ്യ കാരണം ഇതല്ല. അമേരിക്കന്‍ സര്‍ക്കാരിന്റെ 10-വര്‍ഷ ട്രഷറി ബോണ്ട് യീല്‍ഡ് (കടപ്പത്രങ്ങളില്‍ നിന്നുള്ള റിട്ടേണ്‍) 5 ശതമാനത്തിന് മുകളിലെത്തിയതാണ് ഓഹരികളെ വലച്ചത്. 2007ന് ശേഷം ബോണ്ട് യീല്‍ഡ് 5 ശതമാനം കടന്നത് ആദ്യമാണ്.
ആഗോളതലത്തില്‍ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധി നേരിടുമ്പോള്‍ ബോണ്ട് യീല്‍ഡ് കുതിക്കും. നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്നോണം ബോണ്ടിലേക്ക് ചേക്കേറുന്നതാണ് കാരണം. ബോണ്ടില്‍ നിന്ന് മികച്ച ലാഭം കിട്ടുമെന്ന പ്രതീക്ഷയില്‍ ഓഹരി നിക്ഷേപകര്‍ ഓഹരികളില്‍ നിന്ന് പണം പിന്‍വലിച്ച് ബോണ്ടിലേക്ക് ഒഴുക്കും.
ട്രഷറി ബോണ്ട് യീല്‍ഡ് ഇന്ന് 5.004 ശതമാനത്തിലെത്തിയതോടെ അമേരിക്കന്‍ ഓഹരി വിപണിയും ഇടിയുകയാണ്. നിലവില്‍ 5-മാസത്തെ താഴ്ചയിലാണ് അമേരിക്കന്‍ ഓഹരി വിപണികളില്‍ വ്യാപാരം നടക്കുന്നത്.
ദസറ (നവരാത്രി) പ്രമാണിച്ച് ഇന്ത്യന്‍ ഓഹരി വിപണികള്‍ക്ക് നാളെ (ഒക്ടോബർ 24) അവധിയാണ്.
വീണുടഞ്ഞ് കേരള ഓഹരികളും
കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളും ഇന്ന് കനത്ത വിറ്റൊഴിയല്‍ മഹാമഹത്തില്‍ അകപ്പെട്ടുപോയി. ഒട്ടുമിക്ക കമ്പനികളും വന്‍ നഷ്ടമാണ് കുറിച്ചത്.
ഫാക്ട് 7.78 ശതമാനം, സി.എസ്.ബി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവ 7 ശതമാനം വീതം, ബി.പി.എല്‍ 10 ശതമാനം, ധനലക്ഷ്മി ബാങ്ക് 8.4 ശതമാനം, ജിയോജിത് 6.8 ശതമാനം, കിറ്റെക്‌സും കിംഗ്‌സ് ഇന്‍ഫ്രയും കെ.എസ്.ഇയും 5 ശതമാനം വീതം, ഹാരിസണ്‍സ് മലയാളം 10 ശതമാനം എന്നിങ്ങനെ നഷ്ടത്തിലാണ്.
കല്യാണ്‍ ജുവലേഴ്‌സും മുത്തൂറ്റ് ഫിനാന്‍സും ആസ്പിന്‍വാളും മണപ്പുറം ഫിനാന്‍സും റബ്ഫിലയും 4 ശതമാനത്തിലധികം താഴ്ന്നു. 5.22 ശതമാനമാണ് കൊച്ചിന്‍ മിനറല്‍സിന്റെ വീഴ്ച. മുത്തൂറ്റ് കാപ്പിറ്റല്‍ 9 ശതമാനവും പി.ടി.എല്‍ എന്റര്‍പ്രൈസസ് 8 ശതമാനവും ഇടിഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine