കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും വൊഡാ-ഐഡിയയും കുതിച്ചു; സൂചികകള്‍ ഇന്നും നിര്‍ജീവം

തുടര്‍ച്ചയായ രണ്ടാം ദിവസവും നിര്‍ജീവമായി ഇന്ത്യന്‍ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 78.22 പോയിന്റ് (0.12%) താഴ്ന്ന് 65,945.47ലും നിഫ്റ്റി 9.85 പോയിന്റ് (0.05%) താഴേക്കിറങ്ങി 19,664.70ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്ന് വ്യാപാരത്തിനിടെ ഒരുതവണ പോലും കുതിപ്പിന്റെ സൂചനകളൊന്നും ഇന്ത്യന്‍ ഓഹരി വിപണിയില്‍ ദൃശ്യമായില്ല. എന്നാല്‍, പല ഓഹരികളിലും വില്‍പന സമ്മര്‍ദ്ദം കനക്കുകയും ചെയ്തു.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

ആഗോളതലത്തില്‍ നിന്നുള്ള വെല്ലുവിളികളാണ് ഇന്ത്യന്‍ ഓഹരികളെ നേട്ടത്തില്‍ നിന്ന് അകറ്റിനിറുത്തുന്നത്. അമേരിക്ക വീണ്ടും അടിസ്ഥാന പലിശനിരക്ക് കൂട്ടുമെന്നും ഏറെക്കാലത്തേക്ക് ഉയര്‍ന്ന പലിശനിരക്ക് തുടരുമെന്നും വ്യക്തമാക്കിയത് ഓഹരി നിക്ഷേപകരെ നിരാശപ്പെടുത്തുകയാണ്.
പണപ്പെരുപ്പം ഭീഷണി വിട്ടൊഴിയാത്തതാണ് പലിശനിരക്ക് ഉയര്‍ത്താന്‍ യു.എസ് ഫെഡ് അടക്കമുള്ള കേന്ദ്രബാങ്കുകളെ പ്രേരിപ്പിക്കുന്നത്.
ആഗോളതലത്തിലെ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപം കൊഴിയുന്നതും തിരിച്ചടിയായത്. സെപ്റ്റംബറില്‍ ഇതിനകം വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്.ഐ.ഐ) 20,500 കോടിയോളം രൂപയുടെ നിക്ഷേപം പിന്‍വലിച്ച് കഴിഞ്ഞു. തിങ്കളാഴ്ച മാത്രം അവര്‍ 2,300 കോടി രൂപ തിരിച്ചെടുത്തിരുന്നു.
മറ്റ് ഓഹരികളുടെ തളര്‍ച്ചയും ഇന്ത്യന്‍ വിപണിയില്‍ അലയടിക്കുന്നുണ്ട്. ജപ്പാന്റെ നിക്കേയ് 1.06 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി 1.3 ശതമാനവും ഹോങ്കോംഗിന്റെ ഹാങ്‌സെങ് 1.4 ശതമാനവും ചൈനയുടെ ഷാങ്ഹായ് 0.4 ശതമാനവും ഇടിഞ്ഞു. യൂറോപ്പ്യന്‍ ഓഹരികളും തളര്‍ച്ചയിലാണ്.
ഡോളറിനുള്ള മികച്ച ഡിമാന്‍ഡ്, അമേരിക്കന്‍ ട്രഷറി യീല്‍ഡ് വര്‍ദ്ധന, ഓഹരികളില്‍ നിന്നുള്ള വിദേശ നിക്ഷേപനഷ്ടം എന്നിവ മൂലം രൂപയുടെ മൂല്യം കൂടുതല്‍ മോശമായി. ഡോളറിനെതിരെ 83.14ല്‍ നിന്ന് 83.23ലേക്കാണ് ഇന്ന് മൂല്യം താഴ്ന്നത്.
നിരാശപ്പെടുത്തിയവര്‍
അമേരിക്കയുടെ സാമ്പത്തിക സ്ഥിതി വെല്ലുവിളികള്‍ നേരിടുന്നത് ഇന്ത്യന്‍ ഐ.ടി ഓഹരികളെ വലയ്ക്കുകയാണ്. ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ മുഖ്യ വരുമാന സ്രോതസ് അമേരിക്കയാണ്.
ടെക് മഹീന്ദ്ര, ഇന്‍ഫോസിസ് എന്നിവ ഇന്ന് സെന്‍സെക്‌സില്‍ ഏറ്റവുമധികം നഷ്ടം നേരിട്ട മുന്‍നിര ഓഹരികളായി. ഏഷ്യന്‍ പെയിന്റ്‌സ്, ഐ.സി.ഐ.സി.ഐ ബാങ്ക്, കോട്ടക് ബാങ്ക് എന്നിവയുടെ വീഴ്ചയും സെന്‍സെക്‌സിനെ നഷ്ടത്തില്‍ തന്നെ ഇന്ന് നിലനിറുത്തി.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

ശ്രീറാം ഫിനാന്‍സ്, യൂണിയന്‍ ബാങ്ക്, എംഫസിസ്, പിരമല്‍ എന്റര്‍പ്രൈസസ്, ബെര്‍ജര്‍ പെയിന്റ്‌സ് എന്നിവയാണ് നിഫ്റ്റി 200ല്‍ ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ടത്.
നിഫ്റ്റി ബാങ്ക് 0.32 ശതമാനം താഴ്ന്ന് 44,624ല്‍ എത്തി. ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവ നിരാശപ്പെടുത്തി. നിഫ്റ്റി ധനകാര്യം 0.23 ശതമാനം, നിഫ്റ്റി ഐ.ടി 0.54 ശതമാനം, നിഫ്റ്റി മീഡിയ 0.86 ശതമാനം, പി.എസ്.യു ബാങ്ക് 0.64 ശതമാനം, ഫാര്‍മ 0.24 ശതമാനം, സ്വകാര്യബാങ്ക് 0.32 ശതമാനം എന്നിങ്ങനെ നഷ്ടത്തിലാണ്.
സ്‌ട്രൈഡ്‌സ് ഫാര്‍മ ഇന്ന് രണ്ട് ശതമാനത്തോളം ഇടിഞ്ഞു. പ്രവര്‍ത്തന വിഭാഗങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള കമ്പനിയുടെ നീക്കമാണ് ഓഹരി വിറ്റൊഴിയാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചത്.
വൊഡാഫോണിന്റെ മുന്നേറ്റം
നെസ്‌ലെ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയാണ് സെന്‍സെക്‌സില്‍ ഇന്ന് നേട്ടം കുറിച്ച പ്രമുഖര്‍.
വൊഡാഫോണ്‍-ഐഡിയ, വരുണ്‍ ബീവറേജസ്, ഡിക്‌സോണ്‍ ടെക്, ജെ.എസ്.ഡബ്ല്യു എനര്‍ജി, കോള്‍ഗേറ്റ് പാമോലീവ് എന്നിവയാണ് നിഫ്റ്റി 200ല്‍ ഇന്ന് കൂടുതല്‍ നേട്ടം കുറിച്ചത്.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

വൊഡാഫോണ്‍-ഐഡിയ ഓഹരികള്‍ 7.52 ശതമാനം നേട്ടമെഴുതി. വരുണ്‍ ബീവറേജസിന്റെ നേട്ടം 4.51 ശതമാനം. തുടര്‍ച്ചയായ മൂന്നാം ദിനമാണ് വൊഡാ-ഐഡിയ ഓഹരികള്‍ നേട്ടത്തിലേറുന്നത്. കേന്ദ്രസര്‍ക്കാരിനുള്ള ഫീസ് കുടിശിക വീട്ടിത്തുടങ്ങിയതും മൂലധന സമാഹരണ നടപടികളുമാണ് കമ്പനിയുടെ ഓഹരികള്‍ക്ക് നേട്ടമാക്കുന്നത്.
ബാങ്ക് ഓഫ് അമേരിക്കയില്‍ നിന്ന് 'വാങ്ങല്‍' (buy) സ്റ്റാറ്റസ് കിട്ടിയ പശ്ചാത്തലത്തിലാണ് വരുണ്‍ ബീവറേജസിന്റെ മുന്നേറ്റം. നിലവില്‍ കമ്പനിയുടെ ഓഹരിവില 967 രൂപയാണ്. ഇത് 1,030 രൂപവരെ ടാര്‍ഗറ്റ് വയ്ക്കാമെന്ന് ബാങ്ക് ഓഫ് അമേരിക്ക പറയുന്നു.
നേട്ടത്തിന്റെ ഓളങ്ങളില്‍ കൊച്ചി കപ്പല്‍ശാല
പ്രതിരോധ ഓഹരികള്‍ പൊതുവേ കാഴ്ചവയ്ക്കുന്ന മികച്ച പ്രകടനത്തിനൊപ്പം തിളങ്ങുകയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും (Click here to read more). കമ്പനിയുടെ രണ്ട് വന്‍ പദ്ധതികള്‍ കൊച്ചിയില്‍ കമ്മിഷനിംഗിലേക്ക് അടുക്കുകയാണ്. ഇന്ത്യയുടെ രണ്ടാം തദ്ദേശ വിമാനവാഹിനിക്കപ്പലിന്റെ നിര്‍മ്മാണ ചുമതലയും കൊച്ചി കപ്പല്‍ശാലയ്ക്ക് ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുമുണ്ട്. 11.07 ശതമാനം നേട്ടത്തിലാണ് വ്യാപാരാന്ത്യം ഓഹരി വിലയുള്ളത്.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

റേറ്റിംഗ് ഏജന്‍സിയായ ഇക്രയില്‍ നിന്ന് മികച്ച റേറ്റിംഗ് ലഭിച്ച പശ്ചാത്തലത്തില്‍ കല്യാണ്‍ ജുവലേഴ്‌സ് ഓഹരി വില ഇന്ന് 6.01 ശതമാനം നേട്ടത്തിലേറി. ആസ്പിന്‍വാള്‍, സെല്ല സ്‌പേസ്, ഈസ്‌റ്റേണ്‍, ജി.ടി.എന്‍ ടെക്‌സ്‌റ്റൈല്‍സ്, ഇന്‍ഡിട്രേഡ്, പ്രൈമ ആഗ്രോ, സഫ സിസ്റ്റംസ് എന്നിവയും ഇന്ന് 3-7 ശതമാനം നേട്ടത്തിലാണ്. വണ്ടര്‍ല, ടി.സി.എം., മുത്തൂറ്റ് ഫിനാന്‍സ്, ബി.പി.എല്‍, അപ്പോളോ ടയേഴ്‌സ്, പ്രൈമ ഇന്‍ഡസ്ട്രീസ് എന്നിവ 1.8-3.7 ശതമാനം നഷ്ടം കുറിച്ചു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it