ആഗോളതലത്തില്‍ പ്രതികൂല സാമ്പത്തിക കാലാവസ്ഥയായിട്ടും പതറാതെ കുതിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് ഇന്ന് 385.04 പോയിന്റ് (0.58%) നേട്ടത്തോടെ 66,265.56ലും നിഫ്റ്റി 116 പോയിന്റ് (0.59%) ഉയര്‍ന്ന് 19,727.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം
സെന്‍സെക്‌സില്‍ ഇന്ന് 2,240 ഓഹരികള്‍ നേട്ടത്തിലും 1,439 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 128 ഓഹരികളുടെ വില മാറിയില്ല. 289 ഓഹരികള്‍ 52-ആഴ്ചയിലെ ഉയരത്തിലും 16 എണ്ണം താഴ്ചയിലും ആയിരുന്നു. 10 ഓഹരികള്‍ അപ്പര്‍-സര്‍കീട്ടിലും 5 എണ്ണം ലോവര്‍-സര്‍കീട്ടിലും വ്യാപാരം ചെയ്യപ്പെട്ടു.
തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍ നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കുന്നത്. ബി.എസ്.ഇയിലെ കമ്പനികളുടെ മൊത്തം നിക്ഷേപക മൂല്യം ഇന്ന് 1.8 ലക്ഷം കോടിയോളം രൂപ മുന്നേറി സര്‍വകാല റെക്കോഡായ 319.10 ലക്ഷം കോടി രൂപയുമായി.
നേട്ടത്തിലേറിയവര്‍
ബാങ്കിംഗ് ഓഹരികളാണ് ഇന്ന് ഓഹരി സൂചികകളുടെ മുന്നേറ്റത്തിന് പാതവെട്ടിയത്. ബാങ്ക് നിഫ്റ്റി 1.06 ശതമാനം മുന്നേറി 44,878.35ലെത്തി. നിഫ്റ്റി പി.എസ്.യു ബാങ്കോഹരികള്‍ 1.19 ശതമാനവും സ്വകാര്യബാങ്ക് ഒരു ശതമാനവും ധനകാര്യ സേവന ഓഹരികള്‍ 1.02 ശതമാനവും നേട്ടത്തിലാണ്.
എച്ച്.ഡി.എഫ്.സി ബാങ്ക്, എസ്.ബി.ഐ എന്നിവയില്‍ ഇന്ന് ശക്തമായ വാങ്ങലുണ്ടായി. സെന്‍സെക്‌സില്‍ എല്‍ ആന്‍ഡ് ടി., ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്.സി.എല്‍ ടെക്, പവര്‍ഗ്രിഡ്, എന്‍.ടി.പി.സി എന്നിവയും പിന്തുണ നല്‍കി.
മികച്ച ഓര്‍ഡറുകളുടെ കരുത്തില്‍ പൊതുമേഖലാ ഓഹരികള്‍ പൊതുവേ ഭേദപ്പെട്ട നേട്ടമാണ് കാഴ്ചവയ്ക്കുന്നത്. നിലവില്‍ കേന്ദ്ര പൊതുമേഖലാ കമ്പനികളുടെ സംയുക്ത വിപണിമൂല്യം 42 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ 4 വര്‍ഷത്തെ ഏറ്റവും ഉയരമാണിത്. 23 ലക്ഷം കോടി രൂപയില്‍ നിന്നാണ് 4 വര്‍ഷം കൊണ്ട് മൂല്യം 42 ലക്ഷം കോടി രൂപയിലെത്തിയത്.
പ്രതിരോധ മേഖലയിലെ ഓഹരികള്‍, റെയില്‍വേ ഓഹരികള്‍ എന്നിവയും മുന്നേറുകയാണ്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി (click here to read more) ഇന്ന് 20 ശതമാനം കുതിച്ചു. മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സിന്റെ നേട്ടം 9.22 ശതമാനമാണ്. റെയില്‍വേ ഓഹരികളില്‍ ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (IRFC) 6.84 ശതമാനം ഉയര്‍ന്നു.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ
നിഫ്റ്റി 200ല്‍ കോള്‍ ഇന്ത്യ, ഐ.ആര്‍.എഫ്.സി., പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, ദേവയാന ഇന്റര്‍നാഷണല്‍, യുണൈറ്റഡ് ബ്രൂവറീസ് എന്നിവയാണ് ഏറ്റവുമധികം നേട്ടം രേഖപ്പെടുത്തിയത്. നിഫ്റ്റി റിയല്‍റ്റി (1.48 ശതമാനം), മീഡിയ (1.09 ശതമാനം), ഐ.ടി (0.42 ശതമാനം), ഓട്ടോ (0.48 ശതമാനം) എന്നിവയും മികച്ച നേട്ടം രേഖപ്പെടുത്തി. നിഫ്റ്റി മിഡ്ക്യാപ്പ് 0.77 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.47 ശതമാനവും ഉയര്‍ന്നു.
നിരാശപ്പെടുത്തിയവര്‍
നിഫ്റ്റിയില്‍ എഫ്.എം.സി.ജി (0.41 ശതമാനം), ഫാര്‍മ (0.41 ശതമാനം) എന്നിവ വില്‍പന സമ്മര്‍ദ്ദം നേരിട്ടു. നിഫ്റ്റി 200ല്‍ പൂനാവാല ഫിന്‍കോര്‍പ്പ്, അദാനി എനര്‍ജി സൊല്യൂഷന്‍സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, പോളിക്യാബ് ഇന്ത്യ, ടൊറന്റ് ഫാര്‍മ എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ടത്.
സ്‌നാക്‌സ് കമ്പനിയായ
ഹള്‍ദിറാംസിനെ (Click here to read more) ഏറ്റെടുക്കുമെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് ഇരുകമ്പനികളും വ്യക്തമാക്കിയതോടെയാണ് ഇന്ന് ടാറ്റ കണ്‍സ്യൂമര്‍ ഓഹരി നഷ്ടത്തിലായത്. ഇന്നലെ ഓഹരി വില 4 ശതമാനത്തിലധികം ഉയര്‍ന്നിരുന്നു. സെന്‍സെക്‌സില്‍ സണ്‍ഫാര്‍മ, ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അള്‍ട്രടെക് സിമന്റ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയാണ് നഷ്ടത്തിലേക്ക് വീണ പ്രമുഖര്‍.
ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടവർ
മന്ദഗതിയിലായിരുന്നു ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകളുടെ തുടക്കം. ക്രൂഡോയില്‍ വിലവര്‍ദ്ധന, പണപ്പെരുപ്പവും പലിശഭാരവും വീണ്ടും കൂടുമെന്ന ഭീതി എന്നിവമൂലം ആഗോള ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയാണ് ആദ്യം ഇന്ത്യന്‍ സൂചികകളെ സ്വാധീനിച്ചത്. എന്നാല്‍ അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡും ക്രൂഡോയില്‍ വിലയും പിന്നെ താഴേക്ക് പോയത് ഓഹരികളെ നേട്ടത്തിലേക്ക് നയിച്ചു. ചൈനയുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള മോശം റിപ്പോര്‍ട്ടുകളാണ് ക്രൂഡോയില്‍ വിലക്കുതിപ്പിന് കടിഞ്ഞാണിട്ടത്.
കൊച്ചിൻ ഷിപ്പ്‌യാര്‍ഡിന്റെ കുതിപ്പ്
പാറ്റ്‌സ്പിന്‍, വെര്‍ട്ടെക്‌സ്, ഇന്‍ഡിട്രേഡ്, ജിയോജിത് എന്നിവയാണ് 3-5 ശതമാനം നേട്ടവുമായി കൂടുതല്‍ മുന്നേറിയ മറ്റ് കേരള ഓഹരികള്‍.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം
ഇന്നലെ 18 ശതമാനത്തിലധികം കുതിച്ച ഫാക്ട് ഓഹരികള്‍ ഇന്ന് 5.96 ശതമാനം നഷ്ടത്തിലാണ്. പ്രൈമ അഗ്രോ, സ്‌കൂബിഡേ, കിംഗ്‌സ് ഇന്‍ഫ്ര, കേരള ആയുര്‍വേദ എന്നിവയാണ് നഷ്ടത്തില്‍ മുന്നിലുള്ള മറ്റ് കേരള ഓഹരികള്‍.
രൂപ തളരുന്നു
ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുകയാണ്. ഇന്ന് മൂല്യം 0.10 ശതമാനം താഴ്ന്ന് എക്കാലത്തെയും താഴ്ചയായ 83.26ലെത്തി. റിസര്‍വ് ബാങ്ക് വന്‍തോതില്‍ ഡോളര്‍ വിറ്റഴിച്ച് രക്ഷയ്ക്ക് എത്തിയില്ലായിരുന്നെങ്കില്‍ സ്ഥിതി ഇതിലും മോശമാകുമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 21ലെ 83.13 ആയിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും താഴ്ന്ന മൂല്യം.