പുതിയ നിക്ഷേപകര്‍ കാണിക്കുന്ന ആവേശം അപകടകരം, ഏറെ ജാഗ്രത പാലിക്കേണ്ട സമയം!
വളരെ പ്രവചനാതീതമായ അവസ്ഥയാണ് ഇപ്പോഴത്തേത്. സാമ്പത്തികസാഹചര്യങ്ങള്‍ അനുകൂലമാകുക, രാഷ്ട്രീയസ്ഥിരത ഉണ്ടാവുക, കമ്പനികളുടെ ലാഭക്ഷമത കൂടുക... തുടങ്ങി ചെറുതും വലുതുമായ ഒട്ടേറെ ഘടകങ്ങളാണ് സാധാരണഗതിയില്‍ വിപണി ഉയരുന്നതിന് പിന്നില്‍. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ നേര്‍വിപരീതമാണ്. ജിഡിപി നെഗറ്റീവില്‍, കമ്പനികളുടെ പാദഫലം മോശം, മോറട്ടോറിയം നീളുന്നു, സാമ്പത്തികവളര്‍ച്ചയില്ല, എല്ലാറ്റിലുമുപരി കോവിഡിന് ഇതുവരെ ഒരു മെഡിക്കല്‍ സൊലൂഷന്‍ കണ്ടെത്താനായിട്ടില്ല... ഇത്തരത്തില്‍ ആഗോളതലത്തില്‍ തന്നെ എല്ലാ ഘടകങ്ങളും നെഗറ്റീവാണ്.
ഈ സമയത്തും വിപണി മുന്നേറുന്നതിന് കാരണം ലിക്വിഡിറ്റി മാത്രമാണ്. അതായത് പല രാജ്യങ്ങളും പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകളാണ് വിപണിയെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഈ പണമാണ് ഓഹരിയിലേക്കും സ്വര്‍ണ്ണത്തിലേക്കുമൊക്കെ പോകുന്നത്. ഇത് താല്‍ക്കാലികം മാത്രമാണെന്ന് നമുക്ക് മനസിലാകും. അതുകൊണ്ടുതന്നെ വിപണി ഏത് നിലയിലേക്ക് പോകും, എവിടെ വെച്ച് തിരുത്തലുകളുണ്ടാകും എന്ന് നമുക്ക് പ്രവചിക്കാനാകില്ല.
ഓഹരിവിപണിയിലേക്ക് കൂടുതലായി റീറ്റെയ്ല്‍ നിക്ഷേപകര്‍ കടന്നുവന്ന സമയം കൂടിയാണിത്. അഞ്ചു മാസം കൊണ്ട് 50 ലക്ഷത്തോളം
പുതിയ ഡീമാറ്റ് എക്കൗണ്ടുകളുണ്ടായി. കോവിഡ് വന്നതിനുശേഷമാണ് പലരും ഓഹരിവിപണിയിലെ അവസരങ്ങള്‍ തിരിച്ചറിഞ്ഞത്. എന്നാല്‍ ആവേശം കൂടി കൈയിലുള്ള പണം മുഴുവന്‍ ഒറ്റയടിക്ക് ഓഹരിവിപണിയില്‍ നിക്ഷേപിക്കുന്ന പ്രവണത വളരെ അപകടകരമാണ്. അവര്‍ വിപണിയുടെ ഒരു വശം മാത്രമേ കണ്ടിട്ടുള്ളു. നിക്ഷേപിക്കുക, നേട്ടം കിട്ടുക. കാരണം മാര്‍ച്ചില്‍ നിന്ന് 40 ശതമാനത്തോളം വിപണി ഉയര്‍ന്നു. എന്നാല്‍ അതിന് ഒരു മറുവശം കൂടിയുണ്ടെന്ന് മനസിലാക്കുക. വലിയൊരു തിരുത്തലുണ്ടായാല്‍ പണം ഒറ്റയടിക്ക് നഷ്ടപ്പെടാം.
നിക്ഷേപകര്‍ ഓഹരിവില മാത്രം മാനദണ്ഡമാക്കാതെ ഇപ്പോഴത്തെ കടുത്ത സാഹചര്യം മറികടക്കാനുള്ള ശേഷി കമ്പനിക്കും അതിന്റെ മാനേജ്‌മെന്റിനും ഉണ്ടോയെന്ന് പരിശോധിക്കണം. നല്ല രീതിയില്‍ പഠിച്ചിട്ട് മാത്രമേ നിക്ഷേപിക്കാവൂ.
ജാഗ്രത പാലിക്കുക
നിഫ്റ്റി എക്കാലത്തെയും ഉയരങ്ങളിലേക്ക് വരുന്നെന്ന് പറയുമ്പോഴും പല ഓഹരികളിലും 30-40 ഇടിവുണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് പല ബാങ്കുകളുടെയും ഓഹരികള്‍ ഇടിഞ്ഞിട്ടുണ്ട്. സൂക്ഷ്മമായി പരിശോധിച്ചാല്‍ ചില മേഖലകളിലൊഴിച്ച് ബാക്കി ഓഹരികളെല്ലാം നല്ല പ്രകടനമല്ല കാഴ്ചവെക്കുന്നതെന്നും കാണാം. ഐടി, ഫാര്‍മ, എഫ്എംസിജി മേഖലകളിലാണ് ഇപ്പോള്‍ ഉയര്‍ച്ച കാണുന്നത്. തിരുത്തലുണ്ടായിട്ടുള്ള നല്ല കമ്പനികളുടെ ഓഹരികളിലാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. അതുപോലെ ടെലികോമും ഏറെ സാധ്യതകളുള്ള മേഖലയാണ്.
അതുകൊണ്ടുതന്നെ നിക്ഷേപകര്‍ ഏറെ ജാഗ്രത പാലിക്കേണ്ട സമയമാണ്. കൈയിലുള്ള പണം മുഴുവന്‍ ഒറ്റയടിക്ക് നിക്ഷേപിക്കാതെ ഓരോ തിരുത്തലുകള്‍ വരുമ്പോഴും ഓഹരികള്‍ പടിപടിയായി വാങ്ങുന്ന നിക്ഷേപകതന്ത്രമാണ് ഇപ്പോള്‍ സ്വീകരിക്കേണ്ടത്. അല്ലെങ്കില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളില്‍ നിക്ഷേപിക്കാം.
ഫിക്‌സ്ഡ് ഇന്‍കം പ്ലാനുകള്‍ ഈ സാഹചര്യത്തില്‍ നിക്ഷേപിക്കാന്‍ അനുയോജ്യമാണ്. ട്രിപ്പിള്‍ എ റേറ്റിംഗ് ഉള്ള നോണ്‍-കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ (NCDs) തെരഞ്ഞെടുക്കാം. ബാങ്ക് പലിശകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ നല്ല നേട്ടം ലഭിക്കാന്‍ ഇവ സഹായിക്കും.
പോര്‍ട്ട്‌ഫോളിയോ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ഇത് നല്ല സമയമാണ്. നല്ല ഓഹരികള്‍, സിസ്റ്റമാറ്റിക് ഇന്‍വെന്‍സ്റ്റ്‌മെന്റ് പ്ലാനുകള്‍, നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍, ചെറിയൊരു ശതമാനം സ്വര്‍ണ്ണം എന്നിവയെല്ലാം അടങ്ങിയ ഒരു പോര്‍ട്ട്‌ഫോളിയോ ആയിരിക്കും ഇപ്പോള്‍ മികച്ചത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine