'സ്വര്‍ണത്തെ അത്രയങ്ങ് പ്രേമിക്കണ്ട'; ഇന്ത്യക്കാരോട് ലോകത്തെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി മേധാവി

UPDATE : സ്വർണവില ചരിത്രത്തിലാദ്യമായി കേരളത്തിൽ പവന് 50,​000 രൂപ ഭേദിച്ചു. ഇന്ന് ഒറ്റയടിക്ക് പവന് കൂടിയത് 1000 രൂപയിലധികം. വിശദാംശങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക (Click here for the details)



സ്വര്‍ണത്തോട് ഇന്ത്യക്കാര്‍ക്ക് പ്രത്യേക ഭ്രമമാണ്, പ്രത്യേകിച്ച് മലയാളികള്‍ക്ക്. സുരക്ഷിത നിക്ഷേപമെന്ന
പെരുമയാണ് നിക്ഷേപകരെ സ്വര്‍ണത്തോട് കൂടുതല്‍ അടുപ്പിക്കുന്നത്. യുദ്ധവും കൊവിഡും പോലുള്ള ഭൗമ-രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗമായി കാണുന്നത് സ്വര്‍ണത്തെയാണ്. എന്നാല്‍ സ്വര്‍ണത്തില്‍ കൂടുതലായി നിക്ഷേപിക്കുന്നത് ഇന്ത്യക്കാര്‍ നിറുത്തണമെന്നാണ് ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപകസ്ഥാപനമായ ബ്ലാക്ക്‌റോക്കിന്റെ മേധാവി പറയുന്നത്.

ഇന്ത്യന്‍ ഓഹരി നിക്ഷേപം പോലെ മികച്ച പ്രകടനം സ്വര്‍ണം കാഴ്ചവച്ചിട്ടില്ലെന്നും ഇതിനര്‍ത്ഥം സാധാരണ നിക്ഷേപകര്‍ക്ക് ഇത് ഒരു മികച്ച തിരഞ്ഞെടുപ്പല്ല എന്നുമാണ് നിക്ഷേപകര്‍ക്ക് അയച്ച വാര്‍ഷിക കത്തില്‍ ബ്ലാക്ക്‌റോക്ക് സ്ഥാപകനും ചെയര്‍മാനുമായ ലാറി ഫിങ്ക് പറയുന്നത്.
സമ്പദ്‌വ്യവസ്ഥയ്ക്ക് നേട്ടമില്ല
സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശരിക്കും ഉത്തേജിപ്പിക്കുന്നുല്ലെന്നും അദ്ദേഹം പറയുന്നു. ഒരു പുതിയൊരു വീട് വാങ്ങാനായി നടത്തുന്ന നിക്ഷേവുമായാണ് ലാറി സ്വര്‍ണ നിക്ഷേപത്തെ താരതമ്യം ചെയ്യുന്നത്. അതായത് ഒരു വീട് വാങ്ങുമ്പോള്‍ അത് ആ നിക്ഷേപത്തില്‍ മാത്രമായി അവസാനിക്കുന്നില്ല. വീട് അലങ്കരിക്കാനും അറ്റകുറ്റപ്പണികള്‍ക്കും കുടുംബം ഒപ്പമുണ്ടെങ്കില്‍ അതിനനുസരിച്ച് മറ്റ് ആവശ്യങ്ങളും യൂട്ടിലിറ്റി ബില്ലുകളും ഒക്കെയായി വീണ്ടും പണം ചെലവഴിക്കും. അതായത് സമ്പദ്‌വ്യവസ്ഥയിലേക്കും പണം എത്തുന്നു. അതുപോലെയാണ് ബാങ്ക് അക്കൗണ്ടില്‍ പണമിടുന്നതും. ആ പണം ഉപയോഗിച്ച് ബാങ്ക് മറ്റുള്ളവര്‍ക്ക് വായ്പകള്‍ നല്‍കുന്നു. എന്നാല്‍ സ്വര്‍ണം വെറുതെ ഒരുപണിയുമെടുക്കാതിരിക്കുകയാണ്. വെറുതെ ഇരുന്നാലും മൂല്യം ഉയരുന്നുണ്ട്. പക്ഷെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഒരു തരത്തിലും സഹായകരമാകുന്നില്ല.

Also Read : കേരളത്തിൽ പവൻവില ആദ്യമായി 50,​​000 രൂപ ഭേദിച്ചു; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1000 രൂപയിലധികം
കൂടുതല്‍ ആളുകള്‍ ഓഹരി വിപണിയിലേക്ക് കടന്നു വരണമെന്നാണ് ഫിങ്ക് പറയുന്നത്. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് അമേരിക്കയ്ക്ക് എളുപ്പത്തില്‍ തിരിച്ചു വരാനായത് രാജ്യത്തെ ഓഹരി വിപണി ശക്തമായതുമൂലമാണെന്നും അദ്ദേഹം പറയുന്നു. അഭിവൃദ്ധി ലക്ഷ്യമിടുന്ന രാജ്യങ്ങള്‍ക്ക് കരുത്തുറ്റ ബാങ്കിംഗ് സിസ്റ്റം മാത്രം പോര ശക്തമായ മൂലധന വിപണിയും അത്യാവശ്യമാണ്. റിട്ടയര്‍മെന്റ് സമ്പാദ്യം ഉയര്‍ത്താനായി കൂടുതല്‍ ആളുകള്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റിലേക്ക് കടന്നു വരണമെന്നും മനുഷ്യരുടെ ആയുസ് കൂടിയിരിക്കുന്ന സാഹചര്യത്തില്‍ റിട്ടയര്‍മെന്റ് ജീവിതം പ്ലാന്‍ ചെയ്യുന്നതില്‍ ലോകം വലിയ പ്രതിസന്ധി നേരിടുന്നുണ്ടെന്നും ഫിങ്ക് പറയുന്നു. റിട്ടയര്‍മെന്റ് സമ്പാദ്യത്തിനാണ് ബ്ലാക്ക്റോക്ക് കൂടുതലും പ്രാധാന്യം നല്‍കുന്നത്. മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തിയുടെ പകുതിയും റിട്ടയര്‍മെന്റ് പ്ലാനുകളിലാണ് കമ്പനി നിക്ഷേപിക്കുന്നത്.
സ്വര്‍ണത്തിലെ നിക്ഷേപം വേണ്ടേ?
സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ മികച്ച നേട്ടം കൊയ്യാന്‍ ഓഹരി വിപണിയില്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യപോലുള്ള വികസ്വര രാഷ്ട്രങ്ങളിലുള്ളവര്‍ക്ക് ഇപ്പോഴും ഓഹരി വിപണിയിലേക്ക് കടക്കാന്‍ വിമുഖതയുണ്ട്.
2018 മുതല്‍ 2023 വരെയുള്ള കാലയളവെടുത്താല്‍ സ്വര്‍ണത്തിന്റെ വില ഇരട്ടിയോളം വര്‍ധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന വിലയിലുമാണ്. ലോക ബാങ്കുകള്‍ പോലും ഭൗമ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ മൂലം കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ അവരുടെ സ്വര്‍ണ നിക്ഷേപം വന്‍ തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
പൊതുവേ ബാങ്ക് പലിശകള്‍ കുറഞ്ഞിരിക്കുമ്പോള്‍ സ്വര്‍ണ വില ഉയരുമെന്നാണ് പറയുന്നത്. സമീപ ഭാവിയില്‍ തന്നെ റിസര്‍വ് ബാങ്കും യു.എസ് ഫെഡറല്‍ റിസര്‍വും മറ്റും പലിശ നിരക്കുകള്‍ കുറയ്ക്കാനുള്ള നീക്കത്തിലാണ്. അതുകൊണ്ടു തന്നെ സ്വര്‍ണത്തിന്റെ നിലവിലെ റാലി അവസാനിച്ചുവെന്ന് പറയാനാകില്ല. ഇനിയും ഉയരാനാണിട. എന്നാല്‍ നിക്ഷേപ വിദഗ്ധര്‍ പറയുന്നത് ഒരാളുടെ മൊത്തം നിക്ഷേപത്തിന്റെ 10-15 ശതമാനത്തില്‍ താഴെ മാത്രം സ്വര്‍ണത്തില്‍ മതിയെന്നാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it