Begin typing your search above and press return to search.
അദാനിക്ക് അമേരിക്കയുടെ ക്ലീന്‍ചിറ്റ്; ഓഹരികളില്‍ കുതിപ്പ്; ഗൗതം അദാനിയുടെ ആസ്തിയിലും മുന്നേറ്റം
അദാനി ഗ്രൂപ്പിനെതിരെ ഈ വര്‍ഷാദ്യം അമേരിക്കന്‍ നിക്ഷേപഗവേഷണ സ്ഥാപനവും ഷോര്‍ട്ട്‌സെല്ലര്‍മാരുമായ ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ച് തൊടുത്തുവിട്ട ഗുരുതര ആരോപണശരങ്ങള്‍ അപ്രസക്തമാണെന്ന് അമേരിക്കന്‍ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പിന്റെ (DFC) അന്വേഷണ റിപ്പോര്‍ട്ട്.
അദാനി ഗ്രൂപ്പിന്റെ ശ്രീലങ്കയിലെ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിക്ക് ഡി.എഫ്.സി ഏകദേശം 5,000 കോടി രൂപ വായ്പ ലഭ്യമാക്കാമെന്ന് ഏറ്റിട്ടുണ്ട് (Click here for the details). ഇതിന് മുന്നോടിയായി നടത്തിയ അന്വേഷണത്തിലാണ് ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണങ്ങളെ ഡി.എഫ്.സി തള്ളിക്കളഞ്ഞത്. അമേരിക്കന്‍ സര്‍ക്കാരിന് കീഴിലെ ഏജന്‍സിയാണിതെന്നത് പ്രസക്തമാണ്.
ഓഹരികളില്‍ ആഘോഷക്കുതിപ്പ്
5 സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ വന്‍ നേട്ടത്തോടെ ഭരണം പിടിക്കുകയും മദ്ധ്യപ്രദേശില്‍ സീറ്റുകളുടെ എണ്ണം കൂട്ടി തുടര്‍ഭരണം നേടുകയും കോണ്‍ഗ്രസില്‍ നിന്ന് ഛത്തീസ്ഗഢിലെ ഭരണം പിടിച്ചെടുക്കുകയും ചെയ്ത ബി.ജെ.പിയുടെ മുന്നേറ്റം ഇന്നലെ അദാനി ഗ്രൂപ്പ് ഓഹരികള്‍ വന്‍ ആഘോഷമാക്കി മാറ്റിയിരുന്നു.
ഇതിനിടെയാണ് ഇരട്ടിമധുരമായി അമേരിക്കയില്‍ നിന്നൊരു ക്ലീന്‍ചിറ്റും കിട്ടിയത്. ഇതിന് പിന്നാലെ ആദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്നും 20 ശതമാനം വരെ മുന്നേറി.
അദാനി ഗ്രീന്‍ എനര്‍ജി 20 ശതമാനം, അദാനി എനര്‍ജി സൊല്യൂഷന്‍സ് 16.72 ശതമാനം, അദാനി ടോട്ടല്‍ ഗ്യാസ് 16.25 ശതമാനം, അദാനി എന്റര്‍പ്രൈസസ് 11.61 ശതമാനം, അദാനി പോര്‍ട്‌സ് 11.93 ശതമാനം എന്നിവ ഇരട്ടയക്കത്തിനുമേല്‍ നേട്ടവുമായി കുതിപ്പിലാണ്. എന്‍.ഡി.ടിവി 8.22 ശതമാനം, അദാനി വില്‍മര്‍ 8.74 ശതമാനം, അദാനി പവര്‍ 7.01 ശതമാനം, എ.സി.സി 6.52 ശതമാനം എന്നിങ്ങനെയും നേട്ടത്തിലാണ്.
12 ലക്ഷം കടന്ന് സംയക്ത വിപണിമൂല്യം
അദാനി ഗ്രൂപ്പ് ഓഹരികളുടെ സംയുക്ത വിപണിമൂല്യം ഇന്ന് 12 ലക്ഷം കോടി രൂപ ഭേദിച്ചു. ഇന്ന് ഉച്ചവരെയുള്ള വ്യാപാരം വിലയിരുത്തിയാല്‍ സംയുക്ത വിപണിമൂല്യം 12.79 ലക്ഷം കോടി രൂപയാണ്. ഇന്നുമാത്രം 84,140 കോടി രൂപ അദാനി ഗ്രൂപ്പ് ഓഹരികള്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യ കമ്പനിയായ അദാനി എന്റര്‍പ്രൈസസിന്റെ വിപണിമൂല്യം വീണ്ടും 3 ലക്ഷം കോടി രൂപ കടന്നുവെന്ന പ്രത്യേകതയുമുണ്ട്. 52-ആഴ്ചത്തെ താഴ്ചയില്‍ നിന്ന് ഇതിനകം അദാനി എന്റര്‍പ്രൈസസ് ഓഹരി തിരിച്ചുകയറിയത് 170 ശതമാനമാണ്.
കടപ്പത്രങ്ങളിലൂടെ 136 കോടി ഡോളര്‍ (12,300 കോടി രൂപ) നേടിയെന്ന് കമ്പനി വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് കൂടിയാണ് അദാനി ഗ്രീന്‍ എനര്‍ജിയുടെ ഇന്നത്തെ മുന്നേറ്റം. അദാനി ഗ്രീന്‍ എനര്‍ജി, അംബുജ സിമന്റ്‌സ് എന്നിവയുടെ വിപണിമൂല്യം ഒരുലക്ഷം കോടി രൂപയും ഭേദിച്ചു.
ഗൗതം അദാനിയുടെ ആസ്തി $7,000 കോടി കടന്നു
ഹിന്‍ഡെന്‍ബെര്‍ഗ് ഉള്‍പ്പെടെ ഉയര്‍ത്തിയ ആരോപണങ്ങളെ തുടര്‍ന്ന് ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലയിലുണ്ടായ വീഴ്ച ഈ വര്‍ഷാദ്യം ചെയര്‍മാന്‍ ഗൗതം അദാനിയുടെ ആസ്തിയിലും വന്‍ കൊഴിച്ചിലുണ്ടാക്കിയിരുന്നു. 2022 സെപ്റ്റംബറില്‍ 14,700 കോടി ഡോളറായിരുന്നു (12.24 ലക്ഷം കോടി രൂപ). ഈ വര്‍ഷം ഫെബ്രുവരിയില്‍ അത് വെറും 3,990 കോടി ഡോളറിലേക്ക് (3.32 ലക്ഷം കോടി രൂപ) കൂപ്പുകുത്തി.
ഇതാണ് മെല്ലെ തിരിച്ചുകയറി ഇന്ന് 7,000 കോടി ഡോളര്‍ ഭേദിച്ചത്. ബ്ലൂംബെര്‍ഗിന്റെ റിയല്‍ടൈം ശതകോടീശ്വര സൂചികയില്‍ 7,020 കോടി ഡോളര്‍ (5.84 ലക്ഷം കോടി രൂപ) ആസ്തിയുമായി 16-ാം സ്ഥാനത്താണ് ഇപ്പോള്‍ ഗൗതം അദാനി.
ഹിന്‍ഡെന്‍ബെര്‍ഗ് വിഷയത്തിന് മുമ്പ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയേക്കാളും ബഹുദൂരം മുന്നിലായിരുന്നു ഗൗതം അദാനി. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നനുമായിരുന്ന ഗൗതം അദാനി ബ്ലൂംബെര്‍ഗിന്റെ ടോപ് 10 ശതകോടീശ്വര പട്ടികയിലുമുണ്ടായിരുന്നു; പിന്നീടായിരുന്നു വീഴ്ച. ഇപ്പോള്‍ 9,040 കോടി ഡോളര്‍ (7.53 ലക്ഷം കോടി രൂപ) ആസ്തിയുമായി മുകേഷ് അംബാനി 13-ാം സ്ഥാനത്തുണ്ട്.
Next Story
Videos