ഓഹരി വിപണിയെന്ന് കേട്ടിട്ടുണ്ട്; എന്താണീ ഡെറിവേറ്റീവ്‌സ്‌ വിപണി?

ഓഹരി വിപണി പോലെ ഏറെ പ്രസക്തമാണ് ഡെറിവേറ്റീവ്‌സ്‌ വിപണിയും
Oharipadam logo
Published on

ലോകത്തെവിടെ ചെന്നാലും ഒരു മലയാളിയെയെങ്കിലും കണ്ടുമുട്ടുമെന്ന് നമ്മള്‍ പറയാറുണ്ട്. ഓഹരി വിപണിയിലും മലയാളി നിക്ഷേപകരുണ്ട്, എണ്ണം പക്ഷേ, തീരെക്കുറവ്. ഓഹരി വിപണിയെന്താണെന്ന് തന്നെ പല മലയാളികളും ഇപ്പോഴും പഠിക്കുന്നേയുള്ളൂ.

ഓഹരി വിപണി പോലെ പ്രസക്തമാണ് ഡെറിവേറ്റീവ്സ് വിപണിയും (Derivatives Market). പേര് സൂചിപ്പിക്കുന്നത് പോലെ ഓഹരി വിപണിയില്‍ വിവിധ കമ്പനികളുടെ ഓഹരികളാണല്ലോ വ്യാപാരം ചെയ്യുന്നത്. അപ്പോള്‍ എന്താണ് ഈ ഡെറിവേറ്റീവ്സ് വിപണി? അക്കാര്യമാണ് ഈ ആഴ്ചയിലെ 'ഓഹരിപാഠം' (Oharipadam) പരിചയപ്പെടുത്തുന്നത്.

വില്‍പനയും കരാറുകളും

ഓഹരി വിപണിയിലെ കച്ചവടം ഓഹരികളാണെന്ന് പറഞ്ഞുവല്ലോ. ഡെറിവേറ്റീവ്സ് വിപണിയെന്നത് ഒരു ധനകാര്യ വിപണിയാണ്. ധനകാര്യ രേഖകളാണ് (Financial Instruments) അവിടെ കൈകാര്യം ചെയ്യുന്നത്.

ഒന്നോ ഒന്നിലധികമോ ആസ്തികളുടെ വിലയെ ആധാരമാക്കി ഉള്ള ആസ്തിയും (Asset) അതുവഴി നിര്‍ണയിക്കപ്പെടുന്ന വിലയും അടിസ്ഥാനമായുള്ള കരാറുകള്‍ (Contracts) വഴിയാണ് ഡെറിവേറ്റീവ്സ് വിപണിയില്‍ കൊടുക്കല്‍ വാങ്ങലുകള്‍. കമ്മോഡിറ്റികള്‍ (വ്യാപാരച്ചരക്കുകള്‍), ഓഹരികള്‍, ബോണ്ടുകള്‍ (കടപ്പത്രം), കറന്‍സികള്‍ തുടങ്ങിയവയാണ് ആസ്തികളുടെ ഗണത്തിലുള്ളത്.

വ്യാപാര വഴികള്‍

ഡെറിവേറ്റീവ്സ് വിപണിയിലെ വ്യാപാരത്തിന് നിരവധി മാര്‍ഗങ്ങള്‍ ഇടപാടുകാര്‍ തമ്മില്‍ സ്വീകരിക്കാറുണ്ട്. അവ നോക്കാം.

ഫോര്‍വേഡ്‌സ് (Forwards)

ഒരു ഉല്‍പന്നത്തിന്റെ അഥവാ മേല്‍ സൂചിപ്പിച്ചത് പോലെ ആസ്തിയുടെ ഭാവിയിലെ വില വ്യതിയാനമോ ഊഹവിലയോ അടിസ്ഥാനമാക്കി രണ്ട് കൂട്ടര്‍ തമ്മില്‍ കരാറിലേര്‍പ്പെട്ടിട്ടുള്ള ഇടപാടാണ് ഫോര്‍വേഡ്‌സ്.

ഫ്യൂച്ചേഴ്‌സ് (Futures)

ഭാവിയില്‍ പ്രതീക്ഷിക്കാവുന്ന ഒരു വില മുന്‍കൂട്ടി നിശ്ചയിച്ചും അതിന്മേല്‍ ഒരു തീയതി ഉറപ്പിച്ച് കരാര്‍ സൃഷ്ടിച്ചും നടക്കുന്ന കൊടുക്കല്‍ വാങ്ങലാണ് ഫ്യൂച്ചേഴ്‌സ് (അവധി വ്യാപാരം). ക്രൂഡോയില്‍, സ്വര്‍ണം, കാര്‍ഷിക ഉല്‍പന്നങ്ങളാണ് എന്നിവയാണ് ഫ്യൂച്ചേഴ്‌സ് വഴി പൊതുവായി വ്യാപാരം ചെയ്യപ്പെടുന്നത്.

ഓപ്ഷന്‍സ് കോണ്‍ട്രാക്റ്റ്‌സ് (Options Contracts)

ഒരാള്‍ക്ക് (Buyer) തന്റെ കൈവശമുള്ള ആസ്തി നിശ്ചയിക്കപ്പെട്ട സമയത്തിനകം വില്‍ക്കാനുള്ള അവകാശം (rights) ലഭ്യമാക്കുന്ന കരാറാണ് ഓപ്ഷന്‍സ്. പക്ഷേ, ആസ്തി വിറ്റഴിക്കണമെന്നോ വാങ്ങണമെന്നോ നിബന്ധനയൊന്നുമുണ്ടാവില്ല.

രണ്ടുതരം ഓപ്ഷന്‍സാണുള്ളത്. ഒന്ന്, കോള്‍ ഓപ്ഷന്‍സ് (call options). ഇത് ബയര്‍ക്ക് (Buyer) വില്‍ക്കാനുള്ള അവകാശം നല്‍കുന്നു. രണ്ടാമത്തേത്, പുട്ട് ഓപ്ഷന്‍സ് (put options). ഇത് ബയര്‍ക്ക് വില്‍ക്കാനുള്ള അവകാശവും നല്‍കുന്നു.

സ്വാപ്‌സ് (Swaps)

നിബന്ധനകള്‍ക്ക് വിധേയമായി രണ്ട് കൂട്ടര്‍ കറന്‍സികളോ കമ്മോഡിറ്റികളോ മറ്റ് ധനകാര്യ ആസ്തികളോ കൈമാറ്റം ചെയ്യാനുള്ള കരാറിലേര്‍പ്പെടുന്ന മാര്‍ഗമാണ് സ്വാപ്‌സ് അഥവാ വച്ചുമാറ്റം.

പലിശനിരക്ക് സ്വാപ്‌സ് (Interest Rate Swaps), കറന്‍സി സ്വാപ്‌സ് (Currency Swaps), കമ്മോഡിറ്റി സ്വാപ്‌സ് (Commodity Swaps) എന്നിവ ഇതിലുള്‍പ്പെടുന്നു.

ഓഹരി വിപണി പോലെ തന്നെ വെല്ലുവിളികള്‍ (റിസ്‌കുകള്‍) നിറഞ്ഞതാണ് ഡെറിവേറ്റീവ്‌സ് വിപണിയും. ജാഗ്രതയോടെയുള്ള നിരീക്ഷണത്തിനും ഗവേഷണത്തിനും ശേഷം മാത്രമേ ഡെറിവേറ്റീവ്‌സ് വിപണിയിലും നിക്ഷേപം നടത്താവൂ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com