എന്താണ് ഇക്വിറ്റി ഓപ്ഷനുകള്‍?

ഇക്വിറ്റി ഓപ്ഷനുകളെ കുറിച്ച് വിശദമാക്കാമോ?

ഒരു കമ്പനിയുടെ നിശ്ചിത ഓഹരികള്‍ മുന്‍കൂട്ടി നിശ്ചയിച്ച സമയത്തും വിലയിലും വില്‍ക്കാനോ വാങ്ങാനോ നിക്ഷേപകന് (ബയര്‍) അവകാശം നല്‍കുന്ന കരാറാണ് ഇക്വിറ്റി ഓപ്ഷന്‍. ഓഹരി വില്‍ക്കാനോ വാങ്ങാനോ ഉള്ള അവകാശം ബയര്‍ക്ക് ലഭിക്കുമെങ്കിലും അത് നിര്‍ബന്ധമായും വാങ്ങണമെന്ന് ബാദ്ധ്യത ഇല്ല.
കേള്‍ക്കുമ്പോള്‍ ആശയക്കുഴപ്പം തോന്നാം. എന്നാല്‍, നമുക്കത് ലളിതമായ ഉദാഹരണത്തിലൂടെ പിന്നീട് നോക്കാം. ഓപ്ഷന്‍ ട്രേഡിംഗ് ഓഹരി ഇടപാടുകളില്‍ സമയോചിതമായ ഉപായമായി പ്രയോഗിക്കാവുന്നതാണ്. അതായത്,
നഷ്ടം കുറയ്ക്കാനും വരുമാനം ഉണ്ടാക്കാനും ഇത് പ്രയോഗിക്കാം.
രണ്ടുതരം ഓപ്ഷനുകള്‍
രണ്ടുതരം ഓപ്ഷനുകളാണുള്ളത് : കോള്‍ (Call) ഓപ്ഷനും പുട്ട് (Put) ഓപ്ഷനും. കോള്‍ ഓപ്ഷന്‍ ബയര്‍ക്ക് ഓഹരികള്‍ നിശ്ചിതവിലയില്‍ (ഇത് സ്‌ട്രൈക്ക് പ്രൈസ്/Strike Price എന്നറിയപ്പെടുന്നു) നിശ്ചിത തീയതിക്കകം (എക്‌സ്പയറേഷന്‍ ഡേറ്റ്/Expiration Date) വാങ്ങാന്‍ അവകാശം നല്‍കുന്നു. നേരേമറിച്ച്, പുട്ട് ഓപ്ഷന്‍ നിശ്ചിതവിലയില്‍ നിശ്ചിത തീയതിക്കകം ഓഹരി വില്‍ക്കാനുള്ള അവകാശമാണ് നല്‍കുന്നത്.
ബയിംഗ് കോള്‍ ഓപ്ഷന്‍
ഓഹരിവില നിശ്ചിത തീയതിക്കകം ഉയരുമെന്ന് പന്തയംവയ്ക്കുന്നവരാണ് (Betting/ബെറ്റിംഗ്) കോള്‍ ഓപ്ഷന്‍ വാങ്ങുന്നവർ എന്ന് പറയാം. ഉദാഹരണത്തിന്, എ.ബി.സി എന്നൊരു കമ്പനിയുണ്ടെന്ന് കരുതുക. എ.ബി.സിയുടെ ഓഹരിവില നിലവില്‍ ഒന്നിന് 98 രൂപയ്ക്ക് വ്യാപാരം ചെയ്യപ്പെടുന്നു എന്നും അനുമാനിക്കുക.
ഓഹരിവില 100 രൂപയ്ക്കുമേല്‍ പോകുമെന്ന് നമ്മള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, നമുക്ക് ആ ഓഹരിക്ക് വേണ്ടി കോള്‍ ഓപ്ഷന്‍ എടുക്കാം.

നമ്മള്‍ 100 രൂപ സ്‌ട്രൈക്ക് വിലയുള്ളതും ഏപ്രില്‍ 27 വരെ കാലാവധിയുള്ളതുമായ കോള്‍ ഓപ്ഷന്‍ രണ്ട് രൂപ പ്രീമിയം നല്‍കി വാങ്ങി എന്ന് കരുതുക. ഇതിനര്‍ത്ഥം ഏപ്രില്‍ 27വരെ നമുക്ക് ഓഹരി 100 രൂപയ്ക്ക് വാങ്ങാനുള്ള അവകാശമാണ് രണ്ട് രൂപ കൊടുത്ത് സ്വന്തമാക്കുന്നത്.

അതായത്,
ഓഹരിവില 110 രൂപയായി ഉയര്‍ന്നു എന്നിരിക്കെ, ബയര്‍ക്ക് ലഭിക്കുന്ന ലാഭം ഇപ്രകാരമായിരിക്കും :
= (നിലവിലെ വില-സ്‌ട്രൈക്ക് വില) - പ്രീമിയം തുക.
= (110-100)-2 = 8 രൂപ.
ഇത്തരം കോള്‍ ഓപ്ഷനില്‍ ബയര്‍ക്ക് ലഭിക്കാവുന്ന ലാഭത്തിന് പരിധിയുണ്ടാവില്ല. അത് ഓഹരിവില വര്‍ദ്ധനയ്ക്ക് അനുപാതമായി ഉയരും. എന്നാല്‍, ഉണ്ടാകാവുന്ന പരമാവധി നഷ്ടം ഇടാപാടിന് വയ്ക്കുന്ന പ്രീമിയം തുക മാത്രമായിരിക്കും. അതായത്, ഓഹരിവില 90 രൂപയായി ഇടിഞ്ഞു എന്നിരിക്കട്ടെ. ഓഹരി വാങ്ങണമെന്ന നിയമപരമായ ബാദ്ധ്യത ബയര്‍ക്ക് ഇല്ല. ആ തുകയ്ക്ക് ഓഹരി വാങ്ങുന്നത് നഷ്ടമായതിനാല്‍ ഇടപാട് വേണ്ടെന്ന് വയ്ക്കാം. പക്ഷേ, പ്രീമിയമായി വച്ച തുക തിരിച്ചുകിട്ടില്ല.
ബയിംഗ് പുട്ട് ഓപ്ഷന്‍
ഒരു ഓഹരിയുടെ വില ഇടിയുമെന്ന് ബെറ്റ് വയ്ക്കുന്നവരാണ് പുട്ട് ഓപ്ഷന്‍ വാങ്ങുന്നവർ. ഉദാഹരണത്തിന് എ.ബി.സി കമ്പനിയുടെ ഓഹരികള്‍ നിലവില്‍ ഒന്നിന് 102 രൂപയ്ക്ക് വ്യാപാരം ചെയ്യപ്പെടുന്നു എന്ന് കരുതുക.
ഓഹരിവില 100 രൂപയ്ക്ക് താഴെയാകുമെന്ന് നമ്മള്‍ കരുതുന്നുണ്ടെങ്കില്‍, നമുക്ക് ആ ഓഹരിക്കായി പുട്ട് ഓപ്ഷന്‍ വയ്ക്കാം.

നമ്മള്‍ 100 രൂപ സ്‌ട്രൈക്ക് വിലയുള്ളതും ഏപ്രില്‍ 27 വരെ കാലാവധിയുള്ളതുമായ പുട്ട് ഓപ്ഷന്‍ രണ്ട് രൂപ പ്രീമിയത്തിന് വാങ്ങിക്കുന്നു. ഇതിനര്‍ത്ഥം, ഓഹരിവില ഏപ്രില്‍ 27നകം 90 രൂപയായി ഇടിഞ്ഞാലും 100 രൂപയ്ക്ക് വില്‍ക്കാനുള്ള അവകാശമാണ് നിങ്ങള്‍ക്ക് രണ്ട് രൂപ പ്രീമിയം കൊടുത്തു പുട്ട് ഓപ്ഷന്‍ വാങ്ങുമ്പോള്‍ ലഭിക്കുന്നത്.

അതായത്, ഓഹരിവില 90 രൂപയായി കുറഞ്ഞു എന്നിരിക്കട്ടെ, ബയര്‍ക്ക് കിട്ടുന്ന ലാഭം ഇപ്രകാരമായിരിക്കും:
ലാഭം = (സ്‌ട്രൈക്ക് വില - നിലവിലെ വില) - പ്രീമിയം വില.
= (100-90)-2 = 8.
ഇവിടെ ഓഹരിവില പരമാവധി പൂജ്യം വരെ ഇടിയാനുള്ള സാദ്ധ്യതയേ ഭാവിയില്‍ ഉള്ളതെന്നതിനാല്‍, ബയര്‍ക്ക് കിട്ടാവുന്ന ലാഭത്തിന് പരിധിയുണ്ട്. നേരിട്ടേക്കാവുന്ന പരമാവധി നഷ്ടം പ്രീമിയം തുകയായി വച്ച രണ്ട് രൂപയായിരിക്കും. അതായത്, ഓഹരിവില നമ്മുടെ ബെറ്റിന് വിപരീതമായി 110 രൂപയായി ഉയര്‍ന്നു എന്നിരിക്കട്ടെ. കരാര്‍ പാലിക്കണമെന്ന് നിബന്ധനയൊന്നും ഇല്ലാത്തതിനാല്‍ ഇടാപാട് വേണ്ടെന്ന് വയ്ക്കാം. പക്ഷേ, പ്രീമിയം തുക തിരികെകിട്ടാതെ നഷ്ടപ്പെടും.
ആരാണ് ഈ ഓപ്ഷനുകള്‍ വില്‍ക്കുന്നത്?
മുകളില്‍ പറഞ്ഞ ഉദാഹരണങ്ങളില്‍ നിങ്ങള്‍ (ബയര്‍) ഒന്നുകില്‍ കോള്‍ അല്ലെങ്കില്‍ പുട്ട് ഓപ്ഷന്‍ മേടിക്കുകയാണ് ചെയ്യുന്നത്. ഈ ഓപ്ഷനുകളുടെ വിതരണക്കാരനെ (സെല്ലര്‍/Seller) ഓപ്ഷന്‍ റൈറ്റേഴ്‌സ് (Option Writers) എന്നാണ് വിശേഷിപ്പിക്കുന്നത്. ബയര്‍മാരെ പോലെയല്ല, ഓപ്ഷന്‍ സെല്ലിംഗില്‍ റിസ്‌ക് ഏറെയാണ്; നേരിട്ടേക്കാവുന്ന നഷ്ടത്തിന് പരിധിയുമില്ല.
സെല്ലിംഗ് കോള്‍ ഓപ്ഷന്‍
ഓഹരിവില കൂടില്ലെന്ന് ബെറ്റ് വയ്ക്കുകയാണ് കോൾ ഓപ്ഷൻ സെല്ലര്‍ ചെയ്യുന്നത്. ഓഹരിവില കൂടുമെന്ന് ബെറ്റ് വച്ച ബയറുടെ ഓപ്ഷന്‍ നമ്മള്‍ നേരത്തേ കണ്ടു.
ബയര്‍ക്ക് കോൾ ഓപ്ഷൻ വില്‍ക്കുന്ന ആള്‍ നിങ്ങളാണെന്ന് കരുതുക. മുൻപത്തെ ഉദാഹരണ പ്രകാരം, 100 രൂപ സ്‌ട്രൈക്ക് വിലയും ഏപ്രിൽ 27 വരെ കാലാവധിയുള്ള കോൾ ഓപ്ഷൻ രണ്ടു രൂപയ്ക്കു
വിറ്റു.
ഇതിന് അര്‍ത്ഥം, നിങ്ങളുടെ അടുത്ത് നിന്ന് 100 രൂപയ്ക്ക് ഓഹരി മേടിക്കാം എന്ന അവകാശം നിങ്ങള്‍ കോള്‍ ഓപ്ഷന്‍ ബയറിന് നല്‍കുകയാണ്.
അതായത് ഓഹരിവില 110 രൂപയായി ഉയര്‍ന്നു എന്നിരിക്കട്ടെ. നിങ്ങള്‍ അദ്ദേഹത്തിന് ആ ഓഹരികള്‍ 100 രൂപയ്ക്ക് തന്നെ വില്‍ക്കേണ്ടി വരും. അപ്പോള്‍ നിങ്ങള്‍ നേരിടുന്ന നഷ്ടം ഇങ്ങനെ:
നഷ്ടം = (സ്‌ട്രൈക്ക് വില - നിലവിലെ വില) + പ്രീമിയം തുക
= (100-110)+2 = -8
ഒരു ഓഹരിയുടെ വില എത്രത്തോളം ഉയരാമെന്നതിന് പരിധിയില്ല എന്നതിനാല്‍, ആനുപാതികമായി നിങ്ങളുടെ നഷ്ടവും ഉയരും. അതേസമയം, ഇടപാടില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കാവുന്ന പരമാവധി ലാഭം പ്രീമിയം തുകയായ രണ്ട് രൂപ മാത്രമാണ്. ഓഹരിവില 90 രൂപയായി ഇടിഞ്ഞു എന്നിരിക്കട്ടെ, ഓഹരി കരാര്‍ പ്രകാരമുള്ള 100 രൂപയ്ക്ക് വാങ്ങേണ്ടെന്ന് തീരുമാനിക്കാനുള്ള അവകാശം ബയര്‍ക്കുണ്ട്. അയാള്‍ക്ക് നഷ്ടപ്പെടുക പ്രീമിയം തുകയായ രണ്ട് രൂപയാണ്. ആ തുക മാത്രമാണ് നിങ്ങള്‍ക്ക് കിട്ടുന്ന ലാഭം.
സെല്ലിംഗ് പുട്ട് ഓപ്ഷന്‍
ഓഹരിവില ഇടിയില്ലെന്ന് ബെറ്റ് വയ്ക്കുകയാണ് പുട്ട് ഓപ്ഷന്‍ സെല്ലര്‍ ചെയ്യുന്നത്. നേരത്തേ കണ്ട ബയിംഗ് പുട്ട് ഓപ്ഷനിലെ ഉദാഹരണം തന്നെ ഇവിടെ നോക്കാം.

ബയര്‍ക്ക് പുട്ട് ഓപ്ഷൻ വില്‍ക്കുന്ന ആള്‍ നിങ്ങളാണെന്ന് കരുതുക. മുമ്പത്തെ ഉദാഹരണ പ്രകാരം, 100 രൂപ സ്‌ട്രൈക്ക് വിലയും ഏപ്രില്‍ 27 വരെ കാലാവധിയുമുള്ള പുട്ട് ഓപ്ഷന്‍ രണ്ട് രൂപയ്ക്ക് വിറ്റു. ഇതിന് അര്‍ത്ഥം, രണ്ട് രൂപ പ്രീമിയം തുക വാങ്ങി, 27നകം നിങ്ങള്‍ക്ക് 100 രൂപയ്ക്ക് ഓഹരി വില്‍ക്കാം എന്ന അവകാശം നിങ്ങള്‍ പുട്ട് ഓപ്ഷന്‍ ബയര്‍ക്ക് നല്‍കുകയാണ്.

അതായത്, ഓഹരിവില കാലാവധിക്കകം 90 രൂപയായി ഇടിഞ്ഞാലും നിങ്ങള്‍ 100 രൂപയ്ക്ക് വാങ്ങേണ്ടി വരും. അപ്പോള്‍ നിങ്ങള്‍ക്കുണ്ടാകാവുന്ന നഷ്ടം ഇങ്ങനെ:
നഷ്ടം = (നിലവിലെ വില - സ്‌ട്രൈക്ക് വില) + പ്രീമിയം തുക
= (90-100) + 2 = -8
ഓഹരിവില ഇടിയുന്നതിന് ആനുപാതികമായി നിങ്ങള്‍ക്കുണ്ടാകാവുന്ന നഷ്ടവും കൂടും. എന്നാല്‍, നിങ്ങള്‍ക്ക് ലഭിക്കാവുന്ന ലാഭം പ്രീമിയം തുകയായ രണ്ട് രൂപ മാത്രമാണ്. ഇപ്പോള്‍ ഓഹരിവില 110 രൂപയായി ഉയര്‍ന്നു എന്നിരിക്കട്ടെ. നഷ്ടം സഹിച്ച് 100 രൂപയ്ക്ക് അവ വില്‍ക്കാന്‍ ബയര്‍ തയ്യാറാകണമെന്നില്ല. അയാള്‍ കരാറില്‍ നിന്ന് പിന്മാറിയേക്കാം. ഇതുവഴി അയാള്‍ക്ക് നഷ്ടമാകുന്ന പ്രീമിയം തുക മാത്രമാകും നിങ്ങള്‍ക്ക് കിട്ടുന്ന നേട്ടം.
Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it