ലാഭം 2.6 മടങ്ങ് വര്‍ധിച്ചു, സ്റ്റോക്ക്‌ബ്രോക്കിംഗ് രംഗത്ത് വന്‍ മുന്നേറ്റവുമായി സെറോധ

സ്റ്റോക്ക്‌ബ്രോക്കിംഗ് കമ്പനിയായ സെറോധ (Zerodha) 2021 സാമ്പത്തിക വര്‍ഷത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് വന്‍ മുന്നേറ്റം. എന്‍ട്രാക്കറിന്റെ റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,122 കോടി രൂപയാണ് ലാഭയിനത്തില്‍ കമ്പനി നേടിയത്. 2020 സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 264 ശതമാനത്തിന്റെ വളര്‍ച്ച. അതേസമയം വരുമാനവും മുന്‍സാമ്പത്തിക വര്‍ഷത്തേക്കാള്‍ 190 ശതമാനം വര്‍ധിച്ച് 2,729 കോടിയായി. 2020 സാമ്പത്തിക വര്‍ഷത്തില്‍ 938.45 കോടിയായിരുന്നു സെറോധ (Zerodha) യുടെ വരുമാനം. ഓഹരി വിപണിയില്‍ ചെറുകിട നിക്ഷേപകര്‍ കൂടുതലായി വന്നുചേര്‍ന്നതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

കോവിഡ് മഹാമാരി പിടിമുറുക്കിയതിന് പിന്നാലെ രാജ്യത്ത് മ്യൂച്വല്‍ ഫണ്ടുകളിലും ഓഹരികളിലും നിക്ഷേപിക്കുന്നതില്‍ വന്‍ വര്‍ധനവാണുണ്ടായിട്ടുള്ളത്. കൂടാതെ, ഓഹരി ചാഞ്ചാടുന്നതിനനുസരിച്ച് പണമുണ്ടാക്കാമെന്ന പ്രതീക്ഷയിലും ഓഹരി വിപണിയിലേക്ക് കൂടുതല്‍ പേര്‍ കടന്നെത്തി.
റിപ്പോര്‍ട്ടനുസരിച്ച്, സെറോധ (Zerodha) യുടെ ഉപഭോക്താക്കളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവാണുണ്ടായത്. 2020 സാമ്പത്തിക വര്‍ഷത്തില്‍ 14.14 ലക്ഷം പേരാണ് സെറോധ (Zerodha) യുടെ സേവനം ഉപയോഗിച്ചിരുന്നതെങ്കില്‍ 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 34 ലക്ഷമായി ഉയര്‍ന്നു. കമ്പനിയുടെ 82.5 ശതമാനം വരുമാനവും ലഭിക്കുന്നത് ബ്രോക്കറേജ് ഫീസ് ഇനത്തിലാണ്. 2020 സാമ്പത്തിക വര്‍ഷത്തില്‍ 718 കോടി രൂപ ബ്രോക്കറേജ് ഫീസ് ഇനത്തില്‍ ലഭിച്ചപ്പോള്‍ 2021 ല്‍ 2.252.5 കോടി രൂപയായി ഉയര്‍ന്നു.
നിലവില്‍ സ്‌റ്റോക്ക് ബ്രോക്കിംഗ് (stockbroking company) രംഗത്ത് മുന്‍നിരയിലുള്ള സെറോധ (Zerodha) യ്ക്ക് പ്രധാന എതിരാളികളായുള്ളത് ഗ്രോവും (Groww) അപ്‌സ്റ്റോക്കു (Upstox) മാണ്. എന്നിവരുന്നാലും 2021 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രോവ് 107 കോടി രൂപ നഷ്ടവും അപ്‌സ്റ്റോക്ക് 38 കോടിയുടെ നഷ്ടവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.





Related Articles
Next Story
Videos
Share it